ആര്‍ഭാടങ്ങളില്ലാതെ യജുര്‍വേദചര്യപ്രകാരം വ്യത്യസ്ത മാതൃകയില്‍ ഒരു കല്യാണം; പൊന്നും പട്ടുമില്ല, സദ്യ വിളമ്പിയത് പാളയില്‍

single-img
17 November 2016

 

wedding

തൃശൂര്‍: ഇന്ന് വിവാഹങ്ങള്‍ ആര്‍ഭാടമായി നടത്താനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം ബിജെപി നേതാവും മുന്‍മന്ത്രിയുമായ ജനാര്‍ദ്ദന റെഡ്ഡി മകളുടെ കല്യാണം നടത്തിയത് 500 കോടി രൂപ മുടക്കിയായിരുന്നു. വിവാഹം ആര്‍ഭാടത്തിന്റെ മൂര്‍ത്തരൂപമായി മാറിയിരിക്കുന്ന കാലത്ത് ഇരിങ്ങാലക്കുടയില്‍ നിന്നൊരു വ്യത്യസ്ത മാതൃക. പൊന്നും പട്ടുസാരിയൊന്നുമില്ലാതെ യജുര്‍വേദചര്യപ്രകാരമുള്ള വിവാഹത്തിനായിരുന്നു ഇരിങ്ങാലക്കുട കാരുകുളങ്ങര ക്ഷേത്രാങ്കണം വേദിയായത്.

കുത്തുപാലക്കല്‍ സ്വദേശി വസുന്ധരയുടെയും കൈലാസം വീട്ടില്‍ മിഥുന്‍ ശങ്കറിന്റേയും വിവാഹമാണ് യജുര്‍വേദചര്യപ്രകാരം ആര്‍ഭാട രഹിതമായി നടന്നത്. ക്ഷേത്രാങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയിലായിരുന്നു പഴമയുടെ ലാളിത്യവും പ്രൗഡിയും വിളിച്ചോതിയ വിവാഹം നടന്നത്. യജ്ഞശാലയില്‍ ഹോമകുണ്ഡമൊരുക്കി സാമ്പ്രദായിക രീതിയില്‍ നടന്ന വിവാഹത്തിന് പട്ടും സ്വര്‍ണവും ഒഴിവാക്കി കേരളീയ കൈത്തറി വസ്ത്രവും കുപ്പിവളകളും അണിഞ്ഞാണ് വധു മണ്ഡപത്തിലെത്തിയത്. വിവാഹത്തിന് തുളസിമാലയാണ് ഉപയോഗിച്ചത്.

വിവാഹ സദ്യക്കും പഴമയുടെ രുചിയായിരുന്നു. പാളയിലാണ് കേരളീയ വിഭവങ്ങളുമായി സദ്യ വിളമ്പിയത്. വിവാഹത്തിന് ശേഷം അഷ്ടപദിയും വൈകീട്ട് വയലിന്‍ കച്ചേരിയും നടന്നു. ആദ്യമായിട്ടാണ് ഒരു ഈഴവകുടുംബത്തില്‍പെട്ടയാളുടെ വിവാഹം യജുര്‍വേദചര്യപ്രകാരം നടക്കുന്നത്. വിവാഹം ഇത്തരത്തില്‍ നടത്തിയത് ആര്‍ഭാടത്തിനും മാലിന്യപ്രശ്‌നങ്ങള്‍ക്കും എതിരായ സന്ദേശം നല്‍കാന്‍ കൂടിയാണെന്ന് വധുവിന്റെ പിതാവായ വിശ്വനാഥന്‍ പറഞ്ഞു.