ബാങ്കിന് മുന്നില്‍ യുവാവിന് പോലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ക്രൂരമര്‍ദ്ദനം; അധ്വാനിച്ചുണ്ടാക്കിയ പണം പിന്‍വലിക്കാന്‍ ജനങ്ങള്‍ ഇനി തല്ലും കൊള്ളണം

single-img
17 November 2016

 

beating

ആനന്ദപുര്‍: ആന്ധ്രപ്രദേശിലെ ആനന്ദപുരില്‍ സായിനഗറില്‍ എസ്ബിഐ ബ്രാഞ്ചില്‍ പണമെടുക്കാന്‍ വന്ന യുവാവിന് പോലീസിന്റെയും സംഘപരിവാര്‍ പ്രവര്‍ത്തകരുടെയും ക്രൂരമര്‍ദ്ദനം. പോലീസുകാര്‍ യുവാവിനെ ലാത്തികൊണ്ട് അടിക്കുന്നതിന്റെയും ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ പോലീസിന്റെ ലാത്തി ഉപയോഗിച്ച് യുവാവിനെ തല്ലിച്ചതയ്ക്കുന്നതിന്റെയും വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്.

ബാങ്കിന് മുന്നിലെ ക്യൂവില്‍ മണിക്കൂറുകളോളം കാത്തു നിന്ന യുവാവ് ഇവിടെ സുരക്ഷ ചുമതലയില്‍ ഉണ്ടായിരുന്ന എസ്‌ഐയെ തല്ലിയെന്ന് ആരോപിച്ചായിരുന്നു കൊടിയ മര്‍ദ്ദനം. തൊട്ട് പിന്നാലെ പരിസരത്തുണ്ടായിരുന്ന പോലീസുകാര്‍ എല്ലാവരും ചേര്‍ന്ന് തിരിച്ചറിഞ്ഞിട്ടില്ലാത്ത ഈ യുവാവിനെ തല്ലച്ചതയ്ക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന പോലീസ് വാഹനത്തില്‍ ഇയാളെ എത്തിക്കുന്നതിന് മുമ്പ് പല തവണ പോലീസുകാരും സംഘപരിവാര്‍ പ്രവര്‍ത്തകരും ലാത്തി ഉപയോഗിച്ച് തല്ലുന്നതും കൈമാറി കൈമാറി ചവിട്ടിക്കൂട്ടുന്നതും വീഡിയോയില്‍ കാണാം.

ഒരു പ്രാദേശിക ദിനപ്പത്രമാണ് ഈ വീഡിയോ ഇന്റര്‍നെറ്റിലൂടെ പരസ്യമാക്കിയത്. പോലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഒരു സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ഇയാളെ പിന്നില്‍ നിന്നും ലാത്തി കൊണ്ട് അടിക്കുന്നത്. അതേസമയം സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ വിശദമായ അന്വേഷണം നടത്തുമെന്ന് ആനന്ദപുര്‍ ജില്ലാ പോലീസ് മേധാവി എ രവി കൃഷ്ണ അറിയിച്ചു. ക്യൂവില്‍ നില്‍ക്കാന്‍ വിസമ്മതിച്ച യുവാവ് എസ്‌ഐയെ തല്ലുകയായിരുന്നെന്ന് അദ്ദേഹം ആരോപിച്ചു.

‘ഇയാളെ കസ്റ്റഡിയിലെടുത്ത ഞങ്ങള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സര്‍ക്കാര്‍ ജീവനക്കാരനെ മര്‍ദ്ദിച്ച കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്’- അദ്ദേഹം പറഞ്ഞു. അതേസമയം യുവാവിനെ പോലീസുകാര്‍ ലാത്തി കൊണ്ട് അടിച്ചതിനെയും തൊഴിച്ചതിനെയും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇതില്‍ ഇടപെട്ടതിനെയും കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ചോദ്യത്തില്‍ നിന്നും തെന്നിമാറുകയായിരുന്നു. പോലീസുകാര്‍ ഇയാളോട് മൃദുസമീപനമാണ് സ്വീകരിച്ചതെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റാരെങ്കിലും മര്‍ദ്ദിച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി.

അതേസമയം പോലീസുകാരുടെ ക്രൂരമായ മര്‍ദ്ദനം വീഡിയോയില്‍ വ്യക്തമായും പതിഞ്ഞിട്ടുണ്ട്. അപ്രതീക്ഷിതമായി ആയിരം രൂപ, അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ക്കിടയിലുണ്ടായ അസ്വസ്ഥതയിലേക്കാണ് ഈ സംഭവം വിരല്‍ ചൂണ്ടുന്നത്.