നോട്ട് നിരോധനത്തിനെതിരെ വിജയ്; സമ്പന്നരുടെ തെറ്റിന് ബലിയാടുകളാവുന്നത് സാധാരണക്കാരും പാവപ്പെട്ടവരും

single-img
16 November 2016

 

actor-vijay

ചെന്നൈ: കള്ളപ്പണം നിയന്ത്രിക്കാനായി സര്‍ക്കാര്‍ ഉയര്‍ന്ന നോട്ടുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത് മൂലം രാജ്യത്തെ സാധാരണക്കാരാണ് ദുരിതമനുഭവിക്കുന്നതെന്ന് തമിഴ് നടന്‍ വിജയ്. രാജ്യത്തെ 20 ശതമാനം വരുന്ന പണക്കാര്‍ ചെയ്ത തെറ്റിന് ദുരിതമനുഭവിക്കുന്നത് 80 ശതമാനം വരുന്ന സാധാരണക്കാരാണെന്നും അദ്ദേഹം പറഞ്ഞു.

കള്ളപ്പണത്തിനെതിരെ പ്രധാനമന്ത്രി നടത്തിയ നല്ല നീക്കത്തെ സ്വാഗതം ചെയ്യുന്നു. ഈ നടപടിയിലൂടെ രാജ്യത്തിന്റെ സാമ്പത്തികനില മെച്ചപ്പെടുപ്പെടുമെങ്കിലും ഇതിന്റെ നടത്തിപ്പില്‍ വീഴ്ച വന്നിട്ടുണ്ട്. കുറച്ച് കൂടി ആസൂത്രണമുണ്ടായിരുന്നെങ്കില്‍ ചില പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാമായിരുന്നു എന്നാണ് വിജയ് മാധ്യമങ്ങളോട് പറഞ്ഞത്.

ആശുപത്രിയില്‍ മരുന്നിനും വിശപ്പടക്കാനും പണമില്ലാതെ കഷ്ടപ്പെടുന്നത് സാധാരണക്കാരാണ്. പണക്കാര്‍ ഇപ്പോഴും സുരക്ഷിതരാണ് ദിവസക്കൂലിക്ക് പണിയെടുക്കുന്ന ധാരാളം ആളുകളെ കാര്യമായി പ്രശ്‌നം ബാധിച്ചിട്ടുണ്ടെന്നും ഇളയദളപതി പറഞ്ഞു. നോട്ട് പ്രതിസന്ധി മൂലം ചികിത്സ കിട്ടാതെ പിഞ്ചു കുഞ്ഞ് മരിച്ചതും പണത്തിനായി വരി നിന്ന് വയോധികന്‍ കുഴഞ്ഞു വീണ് മരിച്ചതും പണം നഷ്ടപ്പെട്ടു എന്നറിഞ്ഞ് ആത്നഹത്യ ചെയ്തതും വേദനിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്തുത്യര്‍ഹമായ ശ്രമമാണ് സര്‍ക്കാരിന്റേത്. എന്നാല്‍ ഒരു നിയമം നടപ്പിലാക്കുമ്പോള്‍ അതിന്റെ പാര്‍ശ്വഫലങ്ങളും പ്രശ്‌നങ്ങളും തള്ളിക്കളയരുതെന്നും വിജയ് കൂട്ടിചേര്‍ത്തു. അടുത്ത ദിവസങ്ങളില്‍ തന്നെ സാധാരണക്കാരന്റെ ദുരിതത്തിന് പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടപ്പിച്ചു. നേരത്തെ സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് രജനികാന്തും കമലാഹസനും രംഗത്തെത്തിയിരുന്നു. സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രം അനുയോജ്യമായ ഇടപെടലുകള്‍ നടത്തണമെന്നും വിജയ് കൂട്ടിചേര്‍ത്തു.