സാധാരണക്കാരെ ദുരിതത്തിലാഴ്ത്തിയ മോഡി മിഷന്‍; എല്ലാ അര്‍ത്ഥത്തിലും ഫലശൂന്യമായ തീരുമാനം

demonetization

രാജ്യത്തെ സാമ്പത്തിക രംഗത്ത് ശുദ്ധീകരണം ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നവംബര്‍ എട്ടിന് രാത്രി ചൊവ്വാഴ്ച്ച കൊണ്ടുവന്ന പരിഷ്‌കരണം ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാഴ്ത്തി. കഴിഞ്ഞ ഏഴുദിവസമായി ജനങ്ങള്‍ പണത്തിനായി നെട്ടോട്ടം ഓടുകയാണ്. ആഹാരത്തിന് പോലും പണമില്ലാതെ വലഞ്ഞവരുടെ ദൈന്യത്തിനു മുന്നില്‍ രാജ്യം അമ്പരപ്പോടെ നില്‍ക്കുകല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലായിരുന്നു. ദൈനംദിന ജീവിതാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന കറന്‍സി അപ്രതീക്ഷിതമായി അസാധുവാക്കപ്പെട്ടതോടെ പരക്കം പായുന്ന ജനങ്ങളാണ് എങ്ങുമുള്ളത്.

രാജ്യത്തിന്റെ ജീവനാഡിയും രക്തക്കുഴലുമായ സാമ്പത്തിക രംഗം പ്രതിസന്ധി നേരിടുമ്പോള്‍ രാജ്യത്തിന്റെ ജീവന്‍ ഏതു നിമിഷവും നിലയ്ക്കുമെന്ന തരത്തിലാണ് കാര്യങ്ങള്‍ നീങ്ങികൊണ്ടിരിക്കുന്നത്. അടിയന്തരവാസ്ഥ കാലത്തു പോലും രാജ്യം ഇത്തരത്തിലുള്ള ദുരിതത്തിലൂടെ കടന്നു പോയിട്ടില്ലെന്നു വേണം പറയാന്‍. എന്നാല്‍ രാജ്യത്തിന്റെ ഏറ്റവും വെല്ലുവിളി കള്ളപ്പണവും കള്ളനോട്ടുകളും ഭീകരതയുമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് 500ന്റെയും 1000 ത്തിന്റെയും നോട്ടുകള്‍ പിന്‍വലിക്കുക വഴി എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരമാകുമെന്ന് മോഡി ഒരു പക്ഷേ ചിന്തിച്ചു കാണും.

കള്ളനോട്ടുകളുടെ പ്രചാരം തടയാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഏതെങ്കിലും കറന്‍സികള്‍ പിന്‍വലിക്കുന്നതിലൂടെ അവസാനിപ്പിക്കാവുന്നതല്ല വ്യാജനോട്ടുകള്‍. പുതുതായി ഇറങ്ങുന്നതിനും ചെറിയ നോട്ടുകള്‍ക്കും വ്യാജന്‍ ഇറങ്ങിയേക്കാം. മാത്രമല്ല, ഇപ്പോള്‍ തീവ്രവാദി ഫണ്ടുകള്‍ കൂടുതലായും എത്തുന്നത് ഇലക്ട്രോണിക് വിനിമയം വഴിയാണുതാനും. ഇങ്ങനെ എല്ലാ അര്‍ഥത്തിലും ഫലശൂന്യമായ തീരുമാനമാണ് ബിജെപി സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇതിന്റെ ദുരിതങ്ങള്‍ പേറുന്നതാകട്ടെ ദിവസക്കൂലിക്കാരും, ചെറുകിടകച്ചവടക്കാരും, ലോട്ടറിവില്‍പ്പനക്കാരും, കളക്ഷന്‍ ഏജന്റുമാരുമൊക്കെയാണ്. വരുംദിനങ്ങളില്‍ പ്രശ്നങ്ങള്‍ കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത. പണം മാറിയെടുക്കാനുള്ള തിരക്ക് ബാങ്കുകളെയും പോസ്റ്റ് ഓഫീസുകളെയും വീര്‍പ്പുമുട്ടിക്കുന്നുമുണ്ട്. ആവശ്യത്തിന് കറന്‍സി ലഭ്യമാകാതെ കടുത്ത പ്രതിസന്ധിയും രൂപപ്പെട്ടു കഴിഞ്ഞു.

500ന്റെയും 1000ത്തിന്റെയും നോട്ടുകളുടെ നിരോധനം പുറപ്പെടുവിപ്പിച്ചത് ആവശ്യാനുസരണം നൂറു രൂപാ നോട്ടുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ്. ഒരു ജനാധിപത്യ ഭരണ സംവിധാനത്തില്‍ സമൂഹത്തെയാകെ അങ്കലാപ്പിലാക്കുന്ന നടപടികള്‍ ഏകപക്ഷീയമായി സ്വീകരിക്കാമോ? ഇതിന് ഉത്തരം പറയാന്‍ ഭരണകക്ഷികള്‍ ബാധ്യസ്ഥരാണ്. പുതിയ 2000ത്തിന്റെ നോട്ടുകള്‍ സാങ്കേതിക വിദ്യ വികാസം പ്രാപിച്ച ഇക്കാലത്ത് സുരക്ഷിതമാണെന്ന് എങ്ങനെ പറയാന്‍ കഴിയും? കള്ളനോട്ടുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ക്ക് രാജവാഴ്ച്ചക്കാലത്തോളം പഴക്കമുണ്ടെന്നു ചരിത്രം പഠിപ്പിക്കുന്നു. കള്ളനോട്ട് തകര്‍ക്കാന്‍ ഫലപ്രദവും ശാസ്ത്രീയവുമായ നടപടികള്‍ കൈകൊള്ളുന്നത് തികച്ചും ആഹ്ലാദകരമാണ്. എന്നാല്‍ ജനജീവിതം സ്തംഭിപ്പിക്കുന്ന തരത്തിലുള്ള ഇത്തരം നിരോധനം മറ്റു ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണോയെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്.

2016 ഒക്ടോബര്‍ 28 വരെയുള്ള കണക്കനുസരിച്ച് 17,77,000 കോടി രൂപയുടെ നോട്ടുകളാണ് ഇന്ത്യയില്‍ പ്രചാരത്തിലിരിക്കുന്നത്. ഇതില്‍ 86 ശതമാനവും അതായത് ഏകദേശം 15 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ 500ന്റെയും 1000ത്തിന്റെയുമാണ്. അതുകൊണ്ടു തന്നെ ഈ പണം പിന്‍വലിക്കുന്നത് കള്ള നോട്ടിനും അതുവഴി ഭീകരവാദത്തിനുമെതിരെയുള്ള ശക്തമായ നടപടിയായിരിക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ നടപടി ഉയര്‍ത്തുന്ന നിരവധി പ്രശ്നങ്ങള്‍ ഉണ്ട്. ഇത്തരം രൂപകള്‍ കൈവശമുള്ളവര്‍ ബാങ്കുകളിലും പോസ്റ്റോഫീസുകളിലും നിക്ഷേപിക്കുന്നത് ഡിസംബര്‍ 30 വരെ 50 ദിവസത്തെ സമയമാണ് അനുവദിച്ചു നല്‍കിയിട്ടുള്ളത്. കൈയിലുള്ള നോട്ടുകള്‍ മാറ്റിയെടുക്കാന്‍ തിരിച്ചറിയാല്‍ കാര്‍ഡുകളും നിര്‍ബന്ധമാണ്. 133 കോടി ജനങ്ങളുള്ള ഇന്ത്യയില്‍ 86 ശതമാനം മൂല്യം 50 ദിവസത്തിനകം മാറ്റിയെടുക്കുമ്പോള്‍ കര്‍ഷകര്‍ക്കും ഗ്രാമീണ മേഖലയിലുള്ള കര്‍ഷകര്‍ക്കും ചെറുകിടക്കാര്‍ക്കുമൊക്കെ അനുഭവിക്കുന്ന പീഡനം ഭയാനകമാണ്. മാത്രമല്ല വികസനം ചെന്നെത്താത്ത ഗ്രാമങ്ങളിലെ പാവങ്ങള്‍ക്ക് രേഖകള്‍ ഹാജരാക്കാനായില്ലെങ്കില്‍ സമ്പാദ്യം നഷ്ടപ്പെടുമെന്ന അവസ്ഥ വ്യാപകമായ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.

കള്ളപ്പണം ഇല്ലാതാക്കുന്നതിനെ കുറിച്ച് തിരഞ്ഞെടുപ്പിന് മുന്‍പ് മോഡി ഇതൊന്നുമല്ല പറഞ്ഞതെന്ന് നാമോര്‍ക്കണം. വിദേശത്ത് കടത്തിയ കള്ളപ്പണം കണ്ടെത്തി ഇന്ത്യയിലേക്ക് കൊണ്ടുവന്ന് രാജ്യത്തെ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപാ വീതം നിക്ഷേപിക്കുമെന്നാണ് വാഗ്ദാനം നല്‍കിയിരുന്നത്. ഈ വാഗ്ദാനം സര്‍ക്കാരും ആശ്രിത ഇവന്റ് മാനേജ്മെന്റും മാധ്യമ പ്രഭൃതികളും ആവര്‍ത്തിച്ചുകൊണ്ടിരുന്നു. എന്നാല്‍ മോഡി അധികാരത്തിലെത്തിയിട്ട് രണ്ടരവര്‍ഷമായിട്ടും 15 ലക്ഷം പോയിട്ട് നായാപൈസപോലും പൗരന്മാരുടെ അക്കൗണ്ടുകളില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം. മാത്രമല്ല വിദേശ ബാങ്കുളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ കണക്കുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

രാജ്യത്തെ സാമ്പത്തിക മേഖല വിറങ്ങലടിച്ചു നില്‍ക്കുന്ന ഈ സമയത്ത് വേണ്ടപ്പെട്ടവര്‍ മതിയായ മാര്‍ഗ്ഗം സ്വീകരിച്ചേ മതിയാകൂ. യുദ്ധകാലങ്ങളില്‍ പോലും ജനങ്ങള്‍ ഇത്തരം ദുരിതം അനുഭവിച്ചു കാണില്ല. സാധാരണക്കാരയ ജനങ്ങള്‍ കഷ്ടപ്പെട്ട് സ്വരൂപിച്ച് ബാങ്കില്‍ നിക്ഷേപിച്ച പണത്തിനാണ് ഭക്ഷണവും വെള്ളവുമില്ലാതെ രാവിലെ മുതല്‍ വൈകുന്നേരം വരെ ബാങ്കിനു മുന്നില്‍ ക്യൂവില്‍ നില്‍ക്കേണ്ടി വരുന്നത്. ഭക്ഷണമില്ല, യാത്ര ചെയ്യാന്‍ കഴിയുന്നില്ല, ചികിത്സ നിഷേധിക്കുന്നു, വിവാഹങ്ങള്‍ മുടങ്ങുന്നു, തോട്ട മേഖലകളില്‍ പണികള്‍ നിലയ്ക്കുന്നു, ഭൂമി ഇടപാടുകള്‍ നടക്കാതെ വരുന്നു, കച്ചവടങ്ങള്‍ പ്രതിസന്ധിയിലാകുന്നു, അവശ്യ സാധനങ്ങളും കിട്ടാതെ വരുന്നു, ഇങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയെ താളം തെറ്റിക്കുന്നത്.

രാജ്യത്തെ സാധാരണക്കാരന്റെ ജീവിതം പ്രതിസന്ധിക്കു മുകളിലാണെന്നു തീര്‍ത്തു പറയാം. സര്‍ജിക്കല്‍ അറ്റാക്ക് എന്നു വിശേഷിപ്പിച്ച നടപടി തികച്ചും ആസൂത്രിതവും സൂക്ഷ്മതയോടും കൂടിയായായിരുന്നെങ്കില്‍ പോലും വേണ്ട വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാത്തതിനാല്‍ ഗുരുതരമായ വീഴ്ച്ചയാണ് കേന്ദ്ര സര്‍ക്കാരിന് സംഭവിച്ചത്. ഇത്തരം നടപടികളില്‍ ജനങ്ങളെ സാമ്പത്തിക അരാജകത്വത്തിലേക്ക് തള്ളിവിടാതെ കേന്ദ്ര സര്‍ക്കാറുകള്‍ യുദ്ധകാലടിസ്ഥാനത്തില്‍ പുതിയ മാര്‍ഗ്ഗ നിര്‍ദേശം കണ്ടെത്തിയേ മതിയാകൂ.