ഞങ്ങള്‍ക്ക് മതവര്‍ഗീയതയില്ല, ചങ്കില്‍ ഉള്ളത് സ്നേഹം മാത്രം; മിശ്രവിവാഹിതര്‍ക്ക് തണലു നല്‍കുന്നൊരു കൊച്ചു ഗ്രാമമുണ്ടീ കേരളത്തില്‍

single-img
11 November 2016

 

മിശ്രവിവാഹിതരായതിനെ തുടര്‍ന്ന് ഭീഷണി നേരിടേണ്ടി വന്ന ഗൗതമും അന്‍ഷിദയും

മിശ്രവിവാഹിതരായതിനെ തുടര്‍ന്ന് ഭീഷണി നേരിടേണ്ടി വന്ന ഗൗതമും അന്‍ഷിദയും

ശ്രീനാരായണ ഗുരു പറഞ്ഞതോര്‍മയുണ്ടോ നിങ്ങള്‍ക്ക്. ഒരു ജാതി, ഒരു മതം, ഒരു ദൈവം. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി. അത് എല്ലായിടത്തും പ്രാവര്‍ത്തികമായിട്ടില്ലെങ്കിലും നമ്മുടെ ഈ കേരളത്തില്‍ അത് പ്രാവര്‍ത്തികമാക്കിയ ഒരു കൊച്ചു ഗ്രാമമുണ്ട്. മതത്തിന്റെ പേരില്‍ മനുഷ്യന്‍ കലഹിച്ച് ചോരപ്പുഴയൊഴുകുന്ന കറുത്ത കാലത്ത് കോഴിക്കോട് ജില്ലയിലെ അരിക്കുളം പഞ്ചായത്തിലെ കരയാടെന്ന ഗ്രാമം.

ഈ ഗ്രാമം മിശ്ര വിവാഹിതര്‍ക്കും മത രഹിത വിവാഹങ്ങള്‍ക്കും നല്‍കുന്ന സ്നേഹവും കരുതലും ഭാരതത്തിനു പോലും മാതൃകാപരമാണ്. 52ഓളം മത രഹിത, മിശ്ര വിവാഹ ദമ്പതികളാണ് ഇപ്പോള്‍ ഈ ഗ്രാമത്തിലുള്ളത്. അടിയുറച്ച കമ്മ്യൂണിസ്റ്റ് പാരമ്പര്യവും ഗ്രാമീണ മനസ്സും മിശ്ര വിവാഹിതര്‍ക്ക് ആരെയും പേടിക്കാതെ ജീവിക്കാനുള്ള തണലൊരുക്കാന്‍ കരയാടിന് കരുത്തേകുന്നു. മത രഹിത വിവാഹങ്ങള്‍ക്ക് തയ്യാറാകുന്നവരെ സംരക്ഷിക്കാന്‍ ഈ ഗ്രാമം മുഴുവന്‍ തയ്യാറാകുന്നു. നിലവില്‍ യാതൊരു പ്രശ്നങ്ങളുമില്ലെങ്കിലും മത, ജാതി, വര്‍ഗീയ സംഘടനകള്‍ സമൂഹത്തില്‍ മുന്‍കൈ നേടാതിരിക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുണ്ടെന്ന് കരയാട് നിവാസിയായ പികെ അന്‍സാരി പറഞ്ഞു. മത രഹിത വിവാഹങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്നതിന്റെ പ്രധാന സംഘാടകരിലൊരാളാണ് അന്‍സാരി. നേരത്തെ മത രഹിത വിവാഹം കഴിച്ച ഗൗതം-അന്‍ഷിദ ദമ്പതികള്‍ക്ക് ജാതിമത ശക്തികളില്‍ നിന്നും ഭീഷണിയുണ്ടായപ്പോള്‍് മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെടേണ്ടി വന്നിരുന്നു.

കരയാട് ഗ്രാമത്തിലെ മിശ്ര, മതരഹിത ദമ്പതികളുടെ കൂട്ടായ്മ ഒക്ടോബര്‍ 31ന് നടന്നിരുന്നു. അടുത്ത കൂട്ടായ്മ ഡിസംബറിലാണ് നടക്കുന്നത്.
നിരവധി വിവാഹങ്ങള്‍ കരയാടിലെ ഈ കൂട്ടായ്മ മുന്‍കയ്യെടുത്ത് നടത്തിക്കൊടുക്കാറുണ്ട്. അടുത്തിടെ ഒരു മുസ്ലിം യുവാവ് തിരുവല്ലയില്‍ നിന്നുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ സ്പെഷ്യല്‍ മാര്യേജ് നിയ പ്രകാരം വിവാഹം കഴിച്ചിരുന്നു. സിപിഐഎമ്മിന്റെയും കോടതി ഉത്തരവിന്റെയും സഹായം വിവാഹത്തിനുണ്ടായി. ഗ്രാമത്തിന്റെ ഉജ്ജ്വലമായ മതേതര സംസ്‌ക്കാരം മതരഹിത, മിശ്ര വിവാഹിതര്‍ക്ക് മുന്നോട്ട് പോകാനുള്ള ഉണര്‍വേകുന്നുവെന്നും അന്‍സാരി പറഞ്ഞു. കുടുംബത്തിന്റെ അടിത്തറ സ്നേഹമാണെന്ന് വിളിച്ചു പറയുന്ന ഗ്രാമമാണ് കാരക്കാട്. ജാതിക്കും മതത്തിനും അവിടെ സ്ഥാനമില്ല.