അനില്‍ കുമാറിന് ബെന്‍സ് കമ്പനി വാഹനം മാറ്റി നല്‍കും; രാജശ്രീ മോട്ടോഴ്സ് റോഡ് ടാക്സും തിരികെ നല്‍കും

single-img
8 November 2016

benz1
തിരുവനന്തപുരം: വാങ്ങി ഒരുമാസം തികയുന്നതിന് മുമ്പ് ബെന്‍സ് കാറ് കട്ടപ്പുറത്തായി എന്ന വാര്‍ത്ത ‘ഇവാര്‍ത്ത’യിലൂടെ എത്തിയത് ജര്‍മ്മിനിയില്‍ വരെ. വാര്‍ത്ത കൂടുതല്‍ പ്രചരിക്കപ്പെട്ടതോടെ അനില്‍ കുമാറിന് പുതിയ ബെന്‍സ് കിട്ടും.

തിരുവനന്തപുരത്തെ ഹോട്ടലുടമയായ അനില്‍ കുമാര്‍ കഴിഞ്ഞ മാസം 6 നാണ് 80 ലക്ഷം രൂപ വിലമതിക്കുന്ന GLE 250 മോഡല്‍ ബെന്‍സ് കാര്‍ എറണാകുളത്തെ രാജശ്രീ മോട്ടോഴ്സില്‍ നിന്നും വാങ്ങിയത്. കാര്‍ വാങ്ങിതിന് ശേഷം 745 കിലോമീറ്റര്‍ മാത്രം ഓടിയപ്പോ തന്നെ ഗിയര്‍ ബോക്സ് കേടാവുകയായിരുന്നു.

എന്നാല്‍ രാജശ്രീ മോട്ടോഴ്‌സിനെ വിവരം അറിയിച്ചപ്പോള്‍ കിട്ടിയ മറുപടി വേണമെങ്കില്‍ കേടായ ഗിയര്‍ബോക്‌സ് നന്നാക്കി തരാം എന്നു മാത്രമായിരുന്നു. ആറുമാസം വരെ വാറണ്ടി നല്‍കിയിട്ടുണ്ടെങ്കിലും ഒരു മാസത്തിനുള്ളില്‍ കേടുപാടുകള്‍ സംഭവിച്ചപ്പോള്‍ പൈസ തിരികെ നല്‍കാനോ അല്ലെങ്കില്‍ പുതിയ വാഹനം നല്‍കാനോ ഷോറും ജീവനക്കാര്‍ തയ്യാറായില്ല.

തുടര്‍ന്നാണ് പ്രതിഷേധം അറിയിച്ച് അനില്‍ കുമാര്‍ രംഗത്തെത്തിയത്. പുതിയ ബെന്‍സ് എറണാകുളത്തെ രാജശ്രീ മോട്ടോഴ്‌സിന്റെ ഷോറൂമിന് മുന്നില്‍ ഒരു ട്രക്കില്‍ കൊണ്ടുവന്ന് നിര്‍ത്തിയിട്ട് റീത്തുകള്‍ കൊണ്ട് അലങ്കരിച്ച് പ്രദര്‍ശിപ്പിച്ചായിരുന്നു അനില്‍ കുമാറിന്റെ പ്രതിഷേധം. ഇന്നലെ ഇവാര്‍ത്ത പ്രസിദ്ധീകരിച്ച പ്രതിഷേധത്തിന്റെ വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയതോടെ രാജശ്രീ മോട്ടോഴ്‌സ് പുതിയ കാര്‍ നല്‍കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. റോഡ് ടാക്സും അതിനൊപ്പം ബെന്‍സ് കൊണ്ടു നടന്ന ട്രക്കിന്റെ വാടകയും കൂടി നല്‍കാമെന്നും രാജശ്രീ മോട്ടോഴ്‌സ് സമ്മതിച്ചിട്ടുണ്ടെന്ന് അനില്‍ ഇ വാര്‍ത്തയോട് പറഞ്ഞു.