പെട്രോള്‍ പമ്പുടമകള്‍ കടുത്ത തീരുമാനങ്ങളെടുക്കുന്നു; ഇനി മുതല്‍ രാത്രിയിലും അവധിദിനങ്ങളിലും പെട്രോള്‍ കിട്ടില്ല

single-img
6 November 2016

 

petrol-pumps-l

ദില്ലി: രാജ്യത്തെ പെട്രോള്‍ പമ്പുടമകള്‍, കമ്മീഷന്‍ തുക വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് കടുത്ത തീരുമാനങ്ങളെടുക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. പമ്പുകളുടെ പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കാനും ഞായറാഴ്ചയ്ക്ക് പുറമെ, സര്‍ക്കാര്‍ അവധി ദിവസങ്ങളിലും പമ്പുകള്‍ അടച്ചിടാനുമാണ് കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സിന്റെ തീരുമാനം.

പെട്രോള്‍ പമ്പുകളുടെ സമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറ് വരെയാക്കാനാണ് കണ്‍സോര്‍ഷ്യത്തിന്റെ തീരുമാനം. സര്‍ക്കാര്‍ പൊതു അവധി ദിവസങ്ങളിലും ഞായറാഴ്ചകളിലും പമ്പ് തുറക്കേണ്ടതില്ലെന്നും കണ്‍സോര്‍ഷ്യം തീരുമാനമെടുത്തതായി കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് ജോയിന്റ് സെക്രട്ടറി രാജീവ് അമരാം അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 15ന് രാജ്യവ്യാപകമായി പമ്പുകള്‍ അടച്ചിട്ട് സമരം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്ത് 54,000 പെട്രോള്‍ പമ്പുകളാണുള്ളത്. നിലവില്‍ പെട്രോള്‍ ലിറ്ററിന് 2.15 രൂപയും ഡീസല്‍ ലിറ്ററിന് 1.28 രൂപയുമാണ് കമ്മീഷന്‍ ലഭിക്കുന്നത്. ഇത് അപൂര്‍വചന്ദ്ര കമ്മിറ്റി ശുപാര്‍ശപ്രകാരം ലിറ്ററിന് യഥാക്രമം നാലും, മൂന്നും രൂപയായി വര്‍ധിപ്പിക്കണെന്നാണ് കണ്‍സോര്‍ഷ്യത്തിന്റെ ആവശ്യം. നിലവില്‍ പെട്രോള്‍ പമ്പുകള്‍ വന്‍തുകയാണ് ഇലക്ട്രിസിറ്റി ബില്‍ ആയി നല്‍കേണ്ടിവരുന്നത്. കമ്മീഷന്‍ വര്‍ധിപ്പിക്കാത്ത സാഹചര്യത്തില്‍ പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കുക വന്‍ സാമ്പത്തികബാധ്യതയാണ് വരുത്തുന്നത്.

പ്രവര്‍ത്തനസമയം വെട്ടിച്ചുരുക്കുകയും ഞായറാഴ്ചകളും സര്‍ക്കാര്‍ അവധി ദിവസങ്ങളും അവധി നല്‍കുന്നതോടെ ഇലക്ട്രിസിറ്റി ബില്ലില്‍ വന്‍ ആശ്വാസം ലഭിക്കുമെന്ന് കണ്‍സോര്‍ഷ്യം ഭാരവാഹികള്‍ വ്യക്തമാക്കി. രാത്രികളിലും ഞായറാഴ്ച അടക്കമുള്ള അവധിദിനങ്ങളിലും പമ്പുകള്‍ തുറക്കില്ല എന്ന കടുത്ത തീരുമാനം നടപ്പിലായാല്‍ സാധാരണ യാത്രക്കാര്‍ വെട്ടിലാകുമെന്ന കാര്യം ഉറപ്പാണ്.