മലബാര്‍ ഗോള്‍ഡ് കമ്പനിയെന്ന കാളിയ സര്‍പ്പം ചീറ്റാനിരിക്കുന്നത് കൊടിയ വിഷങ്ങള്‍; കാക്കഞ്ചേരിയിലെ സമരത്തിന് നേരെ ഇനിയും കണ്ണടയ്ക്കരുത്

single-img
31 October 2016

 

malabar-gold

കാക്കഞ്ചേരിയിലെ കിന്‍ഫ്ര ഫുഡ്പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് ആരംഭിക്കാനിരിക്കുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയ്‌ക്കെതിരായ നാട്ടുകാരുടെ സമരം രണ്ട് വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയും അധികൃതര്‍ മൗനം തുടരുന്നത് വന്‍ വിപത്ത് ക്ഷണിച്ചു വരുത്താന്‍. കഴിഞ്ഞ ദിവസം ഇ വാര്‍ത്ത പ്രസിദ്ധീകരിച്ച വാര്‍ത്തയ്ക്ക് പിന്നാലെ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഫാക്ടറി ആരംഭിച്ചാല്‍ ഇവിടെ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ മനുഷ്യരാശിയ്ക്ക് തന്നെ അപകടകരമായവയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

മലബാര്‍ ഗോള്‍ഡ് പ്രോജക്ട് അനുസരിച്ച് മൂന്ന് ഘട്ടങ്ങളിലായി രണ്ട് ലക്ഷം സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തില്‍ ഒരു ദിവസം 120 കിലോഗ്രാം സ്വര്‍ണാഭരണം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. അങ്ങനെ നോക്കിയാല്‍ രു ദിവസം 48 ലിറ്റര്‍ സള്‍ഫ്യൂരിക്, നൈട്രിക്, ഹൈഡ്രോ ക്ലോറിക് ആസിഡ് മാലിന്യങ്ങളും 15 ഗ്രാം പൊട്ടാസ്യം സയനേഡ് മാലിന്യങ്ങളും മൂന്ന് ലക്ഷം ലിറ്റര്‍ മലിനജലത്തോടൊപ്പം കാക്കഞ്ചേരിയില്‍ ഒഴുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണാഭരണ നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളായ മെറ്റല്‍ മെല്‍റ്റിംഗ്, റോളിംഗ്, അനീലിംഗ്, വൈര്‍ ഡ്രോവിംഗ്, ആഭരണ നിര്‍മ്മാണം, പോളിഷിംഗ്, കളറിംഗ്, എനമെല്ലിംഗ് തുടങ്ങി നിരവധി ഘട്ടങ്ങളില്‍ ഉപയോഗിക്കേണ്ടുന്ന കാഡ്മിയം, നിക്കല്‍, സിങ്ക്, ചെമ്പ്, ഈയം, വെള്ളി, റുഥീനിയം, ഇറീഡിയം, മെര്‍ക്കുറി, തുടങ്ങിയ അപകടകാരികളായ ലോഹങ്ങളുടെയും മാലിന്യങ്ങള്‍ തള്ളേണ്ടത് ഈ രണ്ടേകാല്‍ ഏക്കര്‍ സ്ഥലത്ത് തന്നെയാണെന്ന് ഓര്‍ക്കേണം. ഈ ആസിഡ്-രാസ-ലോഹ മാലിന്യങ്ങള്‍ മനുഷ്യന്റെയും ജന്തുമൃഗാദികളുടെയും എല്ല്, തൊലി, കരള്‍, വൃക്ക, ഹൃദയം, നാഡീവ്യവസ്ഥ, ശ്വാസകോശം എന്നിവയെ നശിപ്പിക്കാന്‍ കഴിവുള്ളതും ക്യാന്‍സര്‍സ, ഹൃദ്രോഗം തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നവയുമാണ്.

കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് പുകയും പൊടിപടലങ്ങളും ഉണ്ടാകുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യ ഉല്‍പ്പാദന ശാലയ്ക്ക് സമീപത്ത് പോലും പാടില്ല. ഈ സാഹചര്യത്തിലാണ് നിബന്ധനകളും വകുപ്പുകളും നിയമം തന്നെയും അട്ടിമറിക്കപ്പെട്ട് ഇവിടെ 30 ഭക്ഷ്യ സംസ്‌കരണ ഫാക്ടറികളുള്ളയിടതത് ഇത്തരമൊരു കമ്പനിക്ക് കിന്‍ഫ്ര സ്ഥലം അനുവദിച്ചതും കെട്ടിടാനുമതി നല്‍കിയതും.

കോഴിക്കോട് ജില്ലയിലെ തിരുവണ്ണൂരില്‍ 2012 ഒക്ടോബര്‍ 29ന് ഇതേ മലബാര്‍ ഗോള്‍ഡ് തന്നെ ആരംഭിച്ച ആഭരണ നിര്‍മ്മാണ കമ്പനി ‘അത്യാധുനിക യന്ത്രങ്ങള്‍, മികച്ച സാങ്കേതിക വിദ്യ, മാലിന്യവിമുക്തമായ അന്തരീക്ഷം’ എന്നിവ വാഗ്ദാനം ചെയ്തിരുന്നു. നൂറ് മീറ്ററിനുള്ളില്‍ വീടുകളോ ജനവാസമോ പാടില്ലാത്ത കമ്പനികളെ റെഡ് വിഭാഗത്തിലാണ് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഉള്‍പ്പെടുത്തുന്നത്. ഇതേരീതിയില്‍ റെഡ് വിഭാഗത്തില്‍പ്പെടുത്തി പ്രവര്‍ത്തനം ആരംഭിച്ച കമ്പനി പിന്നീട് 2012 ഡിസംബര്‍ 22ന് ഗ്രീന്‍ വിഭാഗത്തിലേക്ക് മാറി. മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണങ്ങളായിരുന്നു ഈ കമ്പനി ദിവസേന ഉല്‍പ്പാദിപ്പിച്ചിരുന്നത്. എന്നാല്‍ പ്രവര്‍ത്തനം ആരംഭിച്ച് വെറും ആറ് മാസം കൊണ്ട് പ്രദേശത്തെ കിണറുകളില്‍ ആസിഡ് പടരുകയും വെള്ളം ഉപയോഗ ശൂന്യമാകുകയും ചെയ്തു. കമ്പനി പുറത്തുവിട്ട പുക ശ്വസിച്ച് നിരവി പേര്‍ ആശുപത്രിയിലാകുക കൂടി ചെയ്തതോടെ പോലീസിന്റെ സാന്നിധ്യത്തില്‍ കമ്പനി അടച്ചുപൂട്ടേണ്ടി വന്നു. മൂന്ന് കിലോഗ്രാം സ്വര്‍ണാഭരണമുണ്ടാക്കിയപ്പോള്‍ മലിനീകരണം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്ന സ്ഥാപനമാണ് ഇപ്പോള്‍ ഒരുദിവസം 120 കിലോഗ്രാം സ്വര്‍ണാഭരണം ഉല്‍പ്പാദിപ്പിക്കാനൊരുങ്ങുന്നത്. കമ്പനി പ്രവര്‍ത്തനം ആരംഭിച്ചാല്‍ ദിവസങ്ങള്‍ക്കകം കാക്കഞ്ചേരി വിഷമാലിന്യങ്ങള്‍ കൊണ്ട് മൂടുമെന്ന് ഉറപ്പ്.

ഈ കമ്പനി സൃഷ്ടിക്കാനിടയുള്ള വിപത്തുകള്‍ 2014 ഫെബ്രുവരി 5 മുതല്‍ നിരവധി നിവേദനങ്ങളിലൂടെയും പ്രതിഷേധ പ്രകടനങ്ങളിലൂടെയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ കാക്കഞ്ചേരി പരിസര സംരക്ഷണ സമിതി ശ്രമിക്കുന്നു. ഈ ശ്രമങ്ങളുടെ തുടര്‍ച്ചയാണ് എഴുന്നൂറാം ദിവസത്തേക്ക് കടക്കുന്ന അനിശ്ചിതകാല സമരം. തങ്ങളുടെ നിവേദനങ്ങളും പ്രതിഷേധങ്ങളും യാതൊരു ഫലവും കാണുന്നില്ലെന്ന് കണ്ടപ്പോഴാണ് ജനങ്ങള്‍ 2014 ഡിസംബര്‍ 20 മുതല്‍ കിന്‍ഫ്ര ഫുഡ് പാര്‍ക്കില്‍ മലബാര്‍ ഗോള്‍ഡ് കമ്പനിക്ക് വേണ്ടി നിര്‍മ്മിച്ച കെട്ടിടത്തിന് മുന്നില്‍ സമരം അനിശ്ചിതകാല ആരംഭിച്ചത്.

ഇന്ത്യയിലെ ആദ്യത്തെ ഫുഡ് പാര്‍ക്കായി കേന്ദ്രഭക്ഷ്യ മന്ത്രാലയത്തിന്റെ ആറ് കോടി രൂപ ഗ്രാന്റ് ഉപയോഗിച്ച് നിര്‍മ്മിച്ചതാണ് കാക്കഞ്ചേരിയിലെ കിന്‍ഫ്ര ഫുഡ്പാര്‍ക്ക്. 2003ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍കലാം ആണ് ഇത് രാഷ്ട്രത്തിന് സമര്‍പ്പിച്ചത്. ഏകെയുള്ള ഏഴുപത് ഏക്കര്‍ സ്ഥലത്ത് അറുപത് ഏക്കര്‍ ഭക്ഷ്യസംസ്‌കരണത്തിനും പത്ത് ഏക്കര്‍ ഐടിയ്ക്കുമായാണ് മാറ്റിവച്ചിരുന്നത്. ഈ പത്ത് ഏക്കറില്‍ കേന്ദ്രസര്‍ക്കാരിന്റെ 2 കോടി രൂപ ഗ്രാന്റ് ഉപയോഗിച്ച് ഐടി കെട്ടിടം നിര്‍മ്മിക്കുകയും പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. നിലവില്‍ കിന്‍ഫ്ര ഫുഡ്പാര്‍ക്കില്‍ 30 ഭക്ഷ്യ സംരക്ഷണ ഫാക്ടറികളും 26 ഐടി സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

2012 ഓഗസ്റ്റ് 2നാണ് കിന്‍ഫ്ര പാര്‍ക്കിന്റെ മുന്നിലുള്ള 2.25 ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കാന്‍ കിന്‍ഫ്ര ടെന്‍ഡര്‍ ക്ഷണിച്ചത്. ഐടി സംരഭകരില്‍ നിന്നും മാത്രമായിരുന്നു ടെന്‍ഡര്‍ ക്ഷണിച്ചത്. എന്നാല്‍ മലബാര്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം സ്വര്‍ണാഭരണ നിര്‍മ്മാണ ശാല ആരംഭിക്കാനുള്ള ടെന്‍ഡര്‍ ആണ് സമര്‍പ്പിച്ചത്. ഇത് തള്ളിക്കളയുന്നതിന് പകരം കിട്ടിയ ഏക ടെന്‍ഡര്‍ സ്വീകരിച്ച് കിന്‍ഫ്ര 2013 മാര്‍ച്ച് 22ന് സ്ഥലം അനുവദിക്കുകയായിരുന്നു.

2013 സെപ്തംബര്‍ 25ന് കിന്‍ഫ്രയുടെ സിംഗിള്‍ വിന്‍ഡോ ക്ലിയറന്‍സ് ബോര്‍ഡ് കെഎംബിആര്‍ അനുസരിച്ച് കെട്ടിടം നിര്‍മ്മിക്കാന്‍ മലബാര്‍ ഗോള്‍ഡിന് അനുമതി നല്‍കി. എന്നാല്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ഫയര്‍ ആന്‍ഡ് സേഫ്റ്റി, പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവയുടെ അനുമതി നേടിയ ശേഷമേ നിര്‍മ്മാണം തുടങ്ങാവൂയെന്നും ഇതില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഈ അനുമതികളൊന്നും വാങ്ങാതെ നിര്‍മ്മിച്ച കെട്ടിടമാണ് ഇപ്പോള്‍ കിന്‍ഫ്രയില്‍ കാണുന്നത്.

മലിനീകരണം വന്നതിന് ശേഷം കോടിക്കണക്കിന് രൂപ നഷ്ടപരിഹാമായും അല്ലാതെയും മുടക്കുന്നതാണ് കേരളത്തിലെ മാറിമാറി വരുന്ന സര്‍ക്കാരുകളുടെ നിലപാട്. ദുരിതം ആരംഭിച്ചാല്‍ അത് അനുവിക്കുന്നവര്‍ക്ക് പിന്നീടൊരിക്കലും അതില്‍ നിന്നും മോചനമില്ലാത്ത വിധം രോഗങ്ങളാണ് മലബാര്‍ ഗോള്‍ഡ് കമ്പനിയെന്ന കാളകൂട സര്‍പ്പം സമ്മാനിക്കുന്നതെന്ന് ഓര്‍ത്താല്‍ നന്ന്. അതിനാല്‍ തന്നെ മണ്ണും വിണ്ണും മലിനമായതിന് ശേഷം സമരരംഗത്തിറങ്ങിയ എന്‍ഡോസള്‍ഫാന്‍, പ്ലാച്ചിമട, ഗ്വാളിയാര്‍ റയോണ്‍സ്, കാതിക്കുടം, വിളപ്പിവല്‍ശാല, കാക്കഞ്ചേരിയില്‍ തന്നെ സിന്തൈറ്റ്, ഒല്ലൂരിലെ കെഎസ്ഡിസി തുടങ്ങിയ സമരങ്ങളുടെ പാതയിലേക്ക് പോകാന്‍ ഈ സമരത്തെ അനുവദിക്കരുത്.

ഈ തലമുറയ്ക്കും വരും തലമുറകള്‍ക്കും സ്വസ്ഥമായ ജീവിതം അല്ലെങ്കില്‍ മരണം എന്നതാണ് മലബാര്‍ ഗോള്‍ഡിനെതിരായ കാക്കഞ്ചേരി സമരസമിതിയുടെ നിലപാട്. സ്വര്‍ണാഭരണശാല കാക്കഞ്ചേരി വിട്ടുപോകും വരെ ഇവര്‍ സമരം തുടരുമെന്ന് ഉറച്ച തീരുമാനത്തിലാണ്. ഇതിനെ പരാജയപ്പെടുത്താന്‍ സര്‍ക്കാരിനോ കോടതിക്കോ ആവില്ലെന്നും സമരസമിതിക്കാര്‍ ഉറപ്പിച്ച് പറയുന്നു.