നിള മെലിഞ്ഞ കവിതയല്ല, കേരളം മരിച്ചിട്ടില്ല.. കേരള പിറവി ദിനം നമ്മെ ഓര്‍മ്മപ്പെടുത്തേണ്ടതെന്ത്?

single-img
31 October 2016

 

nila
നവംബര്‍ ഒന്ന് ഒരു ഓര്‍മപ്പെടുത്തലാവുന്നു. കഴിഞ്ഞ കാലങ്ങളിലെവിടെയോ വെച്ച് നാം കേരളത്തെ മറന്ന് വെച്ചിരിക്കുന്നു എന്ന വലിയ യാഥാര്‍ത്ഥ്യത്തിന്റെ ഓര്‍മപ്പെടുത്തല്‍. കാക്കത്തുരുത്തും കഥകളിയും കൊച്ചുവള്ളങ്ങളും കേരങ്ങളും നിളയും കബനിയും ഒപ്പനപ്പാട്ടും ഓശാനഞായറും. കേരളം സുന്ദരമാണ്. എങ്കിലും ഈ ദിനത്തില്‍ ചിലതെങ്കിലും നാം ഓര്‍ക്കണം.

നിളയും സ്ത്രീയും മെലിഞ്ഞ കവിതയായി മാറിയിരിക്കുകയാണ് ഇന്ന് കേരളത്തില്‍. കൊലക്കത്തി കൊണ്ട് കഴുത്തറത്ത്, ചോരക്കളങ്ങളില്‍ കൈകൊട്ടിക്കളിക്കളിച്ച്, അയല്‍വാസിയുടെ പേര് പോലും അറിയാതെ, മഹാമൗനത്തിന്റെ അകത്തളത്തില്‍ മനസ്സ് തൂങ്ങി മരിക്കുന്ന ഈ പ്രഭാതങ്ങളില്‍ നാം കേള്‍ക്കാന്‍ കൊതിക്കുന്നത് ഇന്നലെയെവിടെയോ കേട്ട് മറന്ന പ്രകൃതിയുടെ സംഗീതമാണ്. പക്ഷികളുടെ കളകളാരവമാണ്, കേരളം മരിക്കുന്നു എന്ന് വെറുതെ പറയുകയല്ല വേണ്ടത്. നഷടപ്പെട്ടു പോയതൊക്കെ തിരികെ പിടിക്കണം. ബന്ധങ്ങള്‍, പ്രകൃതി, പുഴ, സ്‌നേഹം.. നഷ്ടങ്ങളുടെ എണ്ണം അങ്ങനെ നീളുകയാണ്. നഷ്ടപ്പെട്ടു പോയതൊക്കെ നന്മകളാണ്, പുഴകള്‍ നശിച്ചതോടെ സംസ്‌കാരത്തിന്റെയും നാശംതുടങ്ങി.

നിള മരിക്കുന്നു എന്ന് കേള്‍ക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. ഇരയെന്നു മുദ്രകുത്തി മാറിനില്‍ക്കുകയാണ് നാം ചെയ്യുന്നത്. പക്ഷേ അവളെ വീണ്ടെടുക്കാനുള്ള യജ്ഞത്തില്‍ ആരും പങ്കു ചേരുന്നില്ല. നിളയ്ക്ക് വേണ്ടത് നമ്മുടെ കണ്ണീരല്ല കൈത്താങ്ങാണ്. പറയി പെറ്റ പന്തിരുകുലത്തിന്റെ കഥകളുറങ്ങുന്ന മണ്ണ്, കലാമണ്ഡലത്തിന്റെ കളിയരങ്ങുകള്‍, ചമ്രവട്ടവും തിരുനാവായയും മാമാങ്കമണല്‍പ്പരപ്പും ത്രിമൂര്‍ത്തി ക്ഷേത്രങ്ങളും കുറ്റിപ്പുറവും കൂട്ടക്കടവും തൃത്താലക്കടവും വെള്ളിയാങ്കല്ലും തിരുമിറ്റക്കോടും കലാമണ്ഡലവും പാഞ്ഞാളും തിരുവില്വാമലയും. കാഴ്ചകളുടെയും പുരാവൃത്തങ്ങളുടെയും നിലയ്ക്കാത്ത നീരൊഴുക്കാണ് നിള. ഇത്രയേറെ വ്യക്തികളുടെയും ചിന്തകളുടെയും പ്രസ്ഥാനങ്ങളുടെയും കാല്‍പ്പാടു പതിഞ്ഞ നിളയുടെ മരണം കേരളത്തിന്റെ മരണമാണ്. പ്രകൃതിയിലേക്കൊരു മടക്കയാത്ര അനിവാര്യമാണ്. കേരളം കൊടും വരള്‍ച്ചയിലേക്കാണ് നീങ്ങുന്നത്.

പിതൃപുണ്യം തേടി ബലിതര്‍പ്പണത്തിന് നിളാനദിക്കരയില്‍ എത്തിയിട്ട് ഒരു തുള്ളി വെള്ളം കിട്ടാത്ത നിളയെ വായിക്കേണ്ടി വരുന്ന നമ്മള്‍ അറിയുന്നില്ല നിളയുടെ മരണം കേരളത്തിന്റെ മരണമാണെന്ന്. പുഴ മരിച്ചു, കുന്നുകളിടിച്ചു, മരങ്ങള്‍ മുറിച്ചു എന്നിട്ട് നാം വരള്‍ച്ചയെ ഭയക്കുന്നു. ശരിക്കും വിഡ്ഢികളാണ് നമ്മള്‍.

വൃദ്ധസദനത്തില്‍ തനിച്ചിരിക്കുന്ന മാതാപിതാക്കളുടെ കണ്ണില്‍ നിന്നും പൊഴിയുന്ന കണ്ണുനീര്‍ മതി കേരളത്തിന്റെ ഇന്നത്തെ മുഖം മനസ്സിലാക്കാന്‍. അറിവില്‍ നിന്നും തിരിച്ചറിവിലേക്കാണ് ഇനി നാം നടക്കേണ്ടത്. സമ്പന്നതകൊണ്ട് സംതൃപ്തരാകില്ല. മദ്യത്തിന്റെ അതിപ്രസരത്തില്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. കുടിച്ച് ലക്കുകെട്ട് വഴിയരികില്‍ വീണുമരിക്കുന്നവരുടെ എണ്ണം കൂടുന്നു. റോഡരികില്‍ ചോരക്കളങ്ങള്‍, ആഴ്ച ചന്തയില്‍ വിലയ്ക്കു വയ്ക്കുന്ന ഗര്‍ഭപാത്രങ്ങള്‍. വര്‍ഗീയതയും കള്ളത്തരങ്ങളും കാമവും കൊള്ളയും കൊലയും മാത്രം വാര്‍ത്തകളിലൂടെ അറിയുന്ന കേരളത്തിന്റെ മനസാക്ഷി മരവിച്ചിരിക്കുന്നു.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍, തൊഴിലിടങ്ങളില്‍, പൊതുസ്ഥലങ്ങളില്‍, യാത്രയില്‍ അങ്ങനെയെല്ലായിടത്തും പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇനിയൊരു സൗമ്യ ഉണ്ടാവരുതേ എന്നാണ് കേരളത്തിലെ മുഴുവന്‍ അമ്മമാരും പ്രാര്‍ത്ഥിച്ചത്. എന്നിട്ടും സൗമ്യമാര്‍ ആവര്‍ത്തിച്ചു. രൂപത്തിലും പേരിലും പ്രദേശങ്ങളിലും മാത്രം മാറ്റം വന്നെങ്കിലും എല്ലാവരും ഒരേ മാനസികാവസ്ഥയുടെ ഇരകള്‍ തന്നെ. ഒരൊറ്റമുറി വീട്ടില്‍ സ്വപ്നങ്ങളെ പ്രണയിച്ച് ജീവിച്ച ജിഷ എന്ന പെണ്‍കുട്ടിയും അതിധാരുണമായി കൊല്ലപ്പെട്ടു. കടമ്മനിട്ട അന്ന് അലറി വിളിച്ച് പാടിയത് അവള്‍ക്കുവേണ്ടിയായിരുന്നില്ലേ? വാഗ്ദാനങ്ങള്‍ മാത്രം നല്‍കി അധികാരകസേരകളില്‍ എത്തിയിട്ട് ഭരണത്തില്‍ സത്രീകള്‍ക്കായ് കസേരകളുടെ എണ്ണം ഒഴിച്ചിട്ടതുകൊണ്ടൊന്നും ഒരു നിലവിളിയും നിലയ്ക്കുന്നില്ല. പെണ്‍കുട്ടികളുടെ നിലവിളികളില്‍ നിന്ന് കേരളമേ ഇനിയൊളിച്ചോടരുത്.

മനുഷ്യന്‍ എല്ലാ അര്‍ഥത്തിലും മോചനം നേടിയെന്ന് പറയുമ്പോഴും അധികാരം അടിയാളത്തം എക്കാലവും ജാതി, മതം, വര്‍ഗം, തൊഴില്‍ എന്നിങ്ങനെ ഒരുപടി തനിക്ക് താഴെയുള്ളവനെയാണ് തെരഞ്ഞെടുക്കുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ ഇനി ആക്രമിക്കപ്പെടാതിരിക്കാന്‍.ശക്തമായ ഇടപെടലുകള്‍ ആവശ്യമാണ്. കേരളത്തിലെ അമ്മ മനസ്സുകളുടെ നെഞ്ചുപൊട്ടുന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ പകച്ചുപോകുന്ന കേരളമേ കടമ്മനിട്ട കവിതകള്‍ ഓര്‍മപ്പെടുത്തലാണ്.

കവിതകളിലും കഥകളിലും മാത്രം കേരളത്തിന്റെ സൗന്ദര്യത്തെ കാണേണ്ട ഗതികേടിലേക്ക് പുതിയ തലമുറ പോകും എന്ന ഓര്‍മപ്പെടുത്തലില്‍ നിന്നെങ്കിലും നാമിനി ഉണരണം. കേരളം ഭ്രാന്താലയമല്ല, ദൈവത്തിന്റെ സ്വന്തം നാട് തന്നെയാണ് എന്ന് തിരുത്തിയെണുതണം.

മരിക്കുന്ന കേരളം എന്ന ആവര്‍ത്തനങ്ങളില്‍ കാര്യമില്ല. ശേഷിക്കുന്ന നാട്ടിന്‍പുറങ്ങളിലെ തുടിപ്പുകള്‍ കാണുമ്പോള്‍ മലയാളമണ്ണ് മരിച്ചെന്നും പറയാനാവുന്നില്ല. മരിക്കാന്‍ തുടങ്ങുന്നതൊക്കെയും തിരിച്ചു പിടിക്കണം. കസവുടുത്ത് നെറ്റിയില്‍ ചന്ദനക്കുറിചാര്‍ത്തി നടന്നാലേ മലയാളിയാവൂ എന്ന കൂട്ടിച്ചേര്‍ക്കല്‍ അനുയോജ്യമല്ല. എങ്കിലും നഷ്ടപ്പെടുന്നതൊക്കെയും നന്മകളാണെന്ന തിരിച്ചറിവ് ആവശ്യമാണ്. ഹൃദയമില്ലാതെ ചിരിക്കാന്‍ പഠിപ്പിക്കുന്ന നഗരത്തിന്റെ അവശിഷടങ്ങള്‍ കൊണ്ടാണ് നിളയും നദിയും മരിക്കുന്നതെന്ന് അറിയാന്‍ കഴിയണം. നിലാവുകള്‍ കഥ പറയുന്ന മുറ്റവും കിനാവുകള്‍ കൂട്ടിരിക്കുന്ന സന്ധ്യയും മാമ്പഴക്കാലവും ഉത്സവച്ചേലും പഴങ്കഞ്ഞിയും പാടത്തെച്ചേറും തിരിച്ച് വരണം.

മുത്തശ്ശിമടിയില്‍ തലചായ്ച്ചുറങ്ങാന്‍ അമ്മയുടെ വാത്സല്യച്ചോറുരുള നുണയാന്‍ നിളയിലലിയാന്‍ കൊച്ചുവള്ളം തുഴയാന്‍ പുതിയ തലമുറ പഠിച്ച് വളര്‍ന്നാല്‍ മാത്രമേ കേരളത്തിന്റെ മൂല്യബോധങ്ങള്‍ സംരക്ഷിക്കാന്‍ കഴിയൂ. നന്മയെന്തെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ വൃദ്ധസദനങ്ങള്‍ ഉണ്ടാവില്ല. ജന്മം നല്‍കിയ മാതാപിതാക്കളെ അനാഥത്വത്തിന്റെ ചവറ്റുകൊട്ടയില്‍ തനിച്ചാക്കുന്ന കേരളമുണ്ടായത് മനസാക്ഷി മരിച്ച ചിന്തകളില്‍ നിന്നാണ്. ഈ കേരളപിറവി ദിനം ഓര്‍മപ്പെടുത്തലാവട്ടെ. പലതും നഷ്ടപ്പെട്ടിട്ടുണ്ട് എന്ന ഓര്‍മപ്പെടുത്തല്‍.

പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിറച്ചു വെച്ചത് നാട്ടിന്‍പുറത്തെ മാമ്പഴച്ചാറല്ല എന്ന തിരിച്ചറിവ് അനിവാര്യമാണ്. അമ്മിഞ്ഞപ്പാലും കമ്പോളത്തില്‍ നിന്നും വാങ്ങേണ്ട ഗതികേട് കേരളത്തിന്റെ മരണം തന്നെയാണ്. നിള മെലിഞ്ഞ കവിതയല്ല, കേരളം മരിച്ചിട്ടില്ല എന്ന് തിരുത്തി വായിക്കാനുള്ള ഓര്‍പ്പെടുത്തലാവട്ടെ ഈ ദിനം.