നിരോധിത സംഘടനയായ സിമിയുടെ എട്ട് പ്രവര്‍ത്തകര്‍ ഭോപ്പാലില്‍ ജയില്‍ചാടി; രക്ഷപ്പെട്ടവരില്‍ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടുന്നവരും

single-img
31 October 2016

 

bhopal_jail_prison_simi__1477888166953

ഭോപ്പാല്‍: നിരോധിത സംഘടനയായ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ എട്ട് പ്രവര്‍ത്തകര്‍ ജയില്‍ വാര്‍ഡനെ കൊന്ന ശേഷം ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് പുറത്തുചാടി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് ഹെഡ് കോസ്റ്റബിളായ രാം ശങ്കറെ സ്റ്റീല്‍ പ്ലേറ്റ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നശേഷം സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടത്.

പുതപ്പ് ഉപയോഗിച്ച് കയര്‍ ഉണ്ടാക്കി ജയില്‍ മതില്‍ ചാടിക്കടന്നാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ദീപാവലി ദിനത്തില്‍ ജനങ്ങള്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നതിനിടെ ആയിരുന്നു സംഭവമെന്നതിനാല്‍ അധികമാരുടെയും ശ്രദ്ധയില്‍പ്പെട്ടില്ല. സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞു.

പോലീസ് പുറത്തുവിട്ട ജയില്‍ ചാടിയ നാലു പേരുടെ ചിത്രങ്ങള്‍

പോലീസ് പുറത്തുവിട്ട ജയില്‍ ചാടിയ നാലു പേരുടെ ചിത്രങ്ങള്‍

ഒരു ജയില്‍ വാര്‍ഡനെ കൊലപ്പെടുത്തിയ സംഘം മറ്റൊരു വാര്‍ഡനെ കെട്ടിയിടുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെയും മൂന്ന് സുരക്ഷ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. അതേസമയം പുലര്‍ച്ചെ രണ്ട് മണിക്ക് ഭീകരപ്രവര്‍ത്തനത്തിന് അറസ്റ്റാലായ ഇവര്‍ ജയില്‍ ചാടിയിട്ടും 4.30ഓടെ മാത്രമാണ് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചത് എന്നത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.

ഇപ്പോള്‍ ജെയില്‍ ചാടിയവരില്‍ മൂന്ന് പേര്‍ മൂന്ന് വര്‍ഷം മുമ്പ് സമാനമായ രീതിയില്‍ ഘന്ദ്‌വ ജയിലില്‍ നിന്നും ചാടിയവരാണ്. അന്ന് ജയിലിലെ ബാത്ത്‌റൂം ഭിത്തി തകര്‍ത്താണ് ഇവര്‍ രക്ഷപ്പെട്ടത്. രക്ഷപ്പെട്ട എട്ട് പേരില്‍ കൂടുതല്‍ പേരും രാജ്യദ്രോഹക്കുറ്റത്തിനും മറ്റുള്ളവര്‍ മോഷണക്കുറ്റത്തിനും വിചാരണ നേരിടുന്നവരാണ്.