പാക് ഹൈക്കമിഷന്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെട്ട ചാരസംഘവുമായി ബന്ധം: പാര്‍ലമെന്റംഗത്തിന്റെ സഹായി പിടിയില്‍

single-img
29 October 2016

 

മഹ്മൂദ് അക്തര്‍

മഹ്മൂദ് അക്തര്‍

പാകിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥന്‍ മഹ്മൂദ് അക്തര്‍ ഉള്‍പ്പെട്ട ചാരസംഘവുമായി ബന്ധമുണ്ടായിരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവിന്റെ സഹായി അറസ്റ്റില്‍. സമാജ്‌വാദി പാര്‍ട്ടി നേതാവും രാജ്യസഭ എംപിയുമായ മുനാവര്‍ സലീമിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് ഫര്‍ഹത്ത് ആണ് ഡല്‍ഹി പോലീസിന്റെ പിടിയിലായത്.

ഉത്തര്‍പ്രദേശ് സ്വദേശിയായ ഇയാളെ ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്‌തെന്ന് പോലീസ് സ്ഥിരീകരിച്ചു. വിദേശ മന്ത്രാലയത്തിലെ രഹസ്യങ്ങള്‍ ഇയാള്‍ ചാരസംഘത്തിന് കൈമാറിയിട്ടുണ്ടെന്ന് സംശയിച്ചാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട രഹസ്യങ്ങളും രേഖകളും ഫര്‍ഹത് ആണ് നല്‍കിയതെന്ന് മഹ്മൂദ് അക്തര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. നിര്‍ണായക പ്രതിരോധ രേഖകള്‍ കൈവശം വച്ചതിന് അറസ്റ്റ് ചെയ്ത ഇയാളെ അറസ്റ്റ് ചെയ്ത ശേഷം 48 മണിക്കൂറിനകം രാജ്യം വിടണമെന്ന് ആവശ്യപ്പെട്ട് വിട്ടയക്കുകയായിരുന്നു. പാകിസ്ഥാന്‍ ഹൈക്കമ്മിഷണര്‍ അബ്ദുള്‍ ബാസിത്തിനെ വിളിച്ചുവരുത്തിയാണ് ഇയാളെ വിട്ടയച്ചത്.

ഡല്‍ഹി പോലീസിന്റെ ചോദ്യം ചെയ്യലില്‍ ആദ്യം ഇന്ത്യക്കാരനാണെന്ന് പറഞ്ഞ മഹ്മൂദ് അക്തര്‍ വ്യാജ ആധാര്‍ കാര്‍ഡും ഹാജരാക്കി. ബിഎസ്എഫിന്റെ സേനാവിന്യാസം ഉള്‍പ്പെടെയുള്ള പ്രതിരോധ രഹസ്യങ്ങളാണ് ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തത്. ഈ രേഖകള്‍ ഇയാള്‍ക്ക് നല്‍കിയ രാജസ്ഥാന്‍ സ്വദേശികളായ മൗലാന റംസാന്‍ ഖാന്‍, സുഭാഷ് ജഹാംഗീര്‍ എന്നിവരെയും പിന്നീട് അറസ്റ്റ് ചെയ്തു. പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്ക് വേണ്ടിയാണ് ഇവര്‍ വിവരങ്ങള്‍ ചോര്‍ത്തിയിരുന്നതെന്ന് ഡല്‍ഹി പോലീസ് ജോയിന്റ് കമ്മിഷണര്‍ രവീന്ദ്ര യാദവ് വ്യക്തമാക്കി.

ഇതിനിടെ ചാരസംഘവുമായി ബന്ധമുണ്ടായിരുന്ന പിഎ അറസ്റ്റിലായ സംഭവത്തില്‍ രാജ്യസഭ എംപി മുനാവര്‍ സലീമിനോട് സമാജ്‌വാദി പാര്‍ട്ടി വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.