അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പത്രികകളില്‍ ജയലളിതയുടെ ഒപ്പിന് പകരം വിരലടയാളം; വലതുകൈ ഇപ്പോഴും ചലിക്കുന്നില്ല; വിരലടയാളം ഇടതുകൈയിലേത്

single-img
29 October 2016

 

jayalalithaa_650x400_81477039794

തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലേക്കുള്ള അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തമിഴാനാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ ഒപ്പിന് പകരം വിരലടയാളം. ഇന്നലെ രാത്രിയാണ് പാര്‍ട്ടി നേതൃത്വം ഈ രേഖകള്‍ പുറത്തുവിട്ടത്. പാര്‍ട്ടി അധ്യക്ഷയായ മുഖ്യമന്ത്രിയുടെ സമ്മതപത്രം ഇല്ലാതെ എങ്ങനെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് ആശങ്കയുയര്‍ന്നിരുന്നു.

ഈ സാഹചര്യത്തിലാണ് ഒപ്പില്ലാതെ വിരലടയാളം പതിച്ച് ജയലളിതയുടെ സമ്മത പത്രം പാര്‍ട്ടി പുറത്തുവിട്ടത്. കടുത്ത പനിയെയും നിര്‍ജ്ജലീകരണത്തെയും തുടര്‍ന്ന് ഒരു മാസത്തിലേറെയായി ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതിനിടെയാണ് നാമനിര്‍ദ്ദേശ പത്രികകളില്‍ ഒപ്പിന് പകരം വിരലടയാളം ചാര്‍ത്തിയത്.

ഒപ്പിന് പകരം വിരലടയാളം ചാര്‍ത്തിയ നാമനിര്‍ദ്ദേശ പത്രിക

ഒപ്പിന് പകരം വിരലടയാളം ചാര്‍ത്തിയ നാമനിര്‍ദ്ദേശ പത്രിക

തെരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകരിച്ചിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ പാര്‍ട്ടി അധ്യക്ഷന്റെയോ അധ്യക്ഷയുടേയോ ഒപ്പു വേണം. സാധാരണയായി രണ്ട് ഫോമുകളാണ് സ്ഥാനാര്‍ത്ഥികള്‍ പൂരിപ്പിച്ച് നല്‍കേണ്ടത്. ഇതില്‍ ആദ്യത്തേത് പാര്‍ട്ടി ചിഹ്നം അനുവദിച്ചു കിട്ടാനുള്ളതാണ്. ഈ ഫോമില്‍ പാര്‍ട്ടി അധ്യക്ഷന്റെ വിശദാംശങ്ങളും രേഖപ്പെടുത്തിയിരിക്കും. എഐഡിഎംകെ ജനറല്‍ സെക്രട്ടറിയായ ജയലളിതയാണ് ഇവിടെ സ്ഥാനാര്‍ത്ഥികളുടെ പത്രികകളില്‍ ഒപ്പുവയ്‌ക്കേണ്ടത്. അതേസമയം ഒപ്പുവയ്‌ക്കേണ്ട നാല് ഇടങ്ങളിലും ജയലളിത വിരലടയാളം മാത്രമാണ് പതിപ്പിച്ചിരിക്കുന്നത്.

അതേസമയം വലതു കൈയ്ക്ക് പകരം ജയലളിതയുടെ ഇടതുകൈയിലെ വിരലടയാളമാണ് അപേക്ഷകളില്‍ പതിച്ചിരിക്കുന്നത്. വലതുകൈ ഉപയോഗിച്ച് ഒപ്പു ചാര്‍ത്താനാകാത്തതിനാലാണ് ഇടതുകൈയുടെ വിരലടയാളം പതിപ്പിക്കുന്നതെന്ന മദ്രാസ് മെഡിക്കല്‍ കോളേജ് ഡോക്ടര്‍ പി ബാലാജിയുടെ സാക്ഷി പത്രവും പത്രികകള്‍ക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. തന്റെ സാന്നിധ്യത്തിലാണ് വിരലടയാളം പതിപ്പിച്ചതെന്നും അതില്‍ വിശദീകരിച്ചിരിക്കുന്നു. ഒപ്പിന് പകരം വിരലടയാളം പതിപ്പിച്ച നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടതോടെ ജയലളിതയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ആശങ്കകള്‍ ശക്തമാകുകയാണ്.

സെപ്തംബര്‍ 22ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ജയലളിതയ്ക്ക് ശ്വാസകോശത്തില്‍ അണുബാധയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കൃത്രിമ ശ്വസന സഹായികളുടെ സഹായത്തോടെയാണ് ഇപ്പോള്‍ ചികിത്സ തുടരുന്നത്.