മലബാര്‍ ഗോള്‍ഡ് സ്വര്‍ണാഭരണ ശാലയ്‌ക്കെതിരായ സമരം രണ്ടാം വര്‍ഷത്തിലേക്ക്; അധികാരികളുടെ ഒത്താശയോടെ മലബാര്‍ ഗോള്‍ഡ് ഒരുങ്ങുന്നത് മറ്റൊരു എന്‍ഡോസള്‍ഫാന്‍ ദുരന്തം ആവര്‍ത്തിക്കാന്‍

single-img
28 October 2016

img-20161028-wa0068
കാക്കഞ്ചേരി കിന്‍ഫ്ര ഫുഡ്പാര്‍ക്കില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന മലബാര്‍ ഗോള്‍ഡ് സ്വര്‍ണാഭരണ കമ്പനിക്കെതിരെ നടന്നു വരുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം രണ്ട് വര്‍ഷം പിന്നിടാനൊരുങ്ങുന്നു. എന്നാല്‍ ഒരു നാട്ടിലെ ജനങ്ങള്‍ മുഴുവന്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ നടത്തുന്ന സമരത്തിന് നേരെ ഭരണതലത്തിലും ഉദ്യോഗസ്ഥതലത്തിലുമുള്ള അധികാരികള്‍ കണ്ണടച്ചുപിടിച്ചിരിക്കുകയാണ്.

കമ്പനി സൃഷ്ടിച്ചേക്കാവുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് ദേശീയ തലത്തിലുള്ള അന്വേഷണം നടത്തി പഠന റിപ്പോര്‍ട്ട് ലഭിച്ച ശേഷം ചര്‍ച്ച ചെയ്യാമെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നത്. ഏപ്രില്‍ രണ്ട് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും ആറ് മാസം പിന്നിട്ടിട്ടും ഇവിടെ പഠനം പോലും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. കിന്‍ഫ്ര പാര്‍ക്കില്‍ ഐടി കമ്പനികള്‍ക്ക് മാത്രമാണ് സ്ഥലം ഏറ്റെടുക്കാനുള്ള ടെന്‍ഡര്‍ വിളിച്ചിരുന്നത്. ആ സ്ഥാനത്താണ് ഏറെ പരിസ്ഥിതി പ്രശ്‌നമുണ്ടാക്കാവുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ ശാലയ്ക്ക് അനുമതി നല്‍കിയത്.

സ്വര്‍ണാഭരണ ശാലകള്‍ സ്ഥിതി ചെയ്യുന്ന പലയിടങ്ങളിലെയും പരിസ്ഥിതി പ്രശ്‌നങ്ങളും ക്യാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പെരുകുന്നതും കണക്കിലെടുക്കുമ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വിപണിയിലെത്തിക്കേണ്ട ഭക്ഷണങ്ങള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന കിന്‍ഫ്ര പാര്‍ക്കില്‍ ഈ കമ്പനി അനുവദിച്ചത് തന്നെ ഉദ്യോഗസ്ഥരുടെ കള്ളക്കളിയ്ക്ക് തെളിവാണ്. സ്വര്‍ണാഭരണ കമ്പനികളില്‍ നിന്നും പുറന്തള്ളുന്ന ആസിഡ്-ലോഹ-രാസ മാലിന്യങ്ങള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നതെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഒരു ദിവസം നാല് വളയും നാല് മോതിരവും ഉണ്ടാക്കുന്ന അടൂരിലെ സിറ്റി ഗോള്‍ഡ്, ഒരു ദിവസം ഒരു കിലോ സ്വര്‍ണാഭരണം ഉണ്ടാക്കുന്ന വാളാഞ്ചേരിയിലെ സ്വര്‍ഗം ഗോള്‍ഡ്, ഒരു ദിവസം 90 ഗ്രാം ആഭരണമുണ്ടാക്കുന്ന എടരിക്കോട്ടെ ഓണിക്‌സ് ഗോള്‍ഡ് എന്നീ സ്ഥാപനങ്ങള്‍ ചുവപ്പ് വിഭാഗത്തിലാണ്. ഈ സ്ഥാനത്താണ് ഒന്നാം ഘട്ടത്തില്‍ ദിവസേന 50 കിലോഗ്രാമും മൂന്ന് ഘട്ടങ്ങള്‍ കഴിയുമ്പോള്‍ ദിവസേന 150 കിലോഗ്രാം വീതവും ഉല്‍പ്പാദനം ലക്ഷ്യമിടുന്ന മലബാര്‍ ഗോള്‍ഡ് സ്വര്‍ണാഭരണ കമ്പനിയെ പച്ച വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതും ഉദ്യോഗസ്ഥരുടെയും അധികാരി വര്‍ഗ്ഗത്തിന്റെയും ഒത്തുകളിയുടെ ഫലമാണ്. ഗ്രീന്‍ വിഭാഗത്തില്‍ അനുമതി നല്‍കിയത് ഗ്രീന്‍ ട്രിബ്യൂണല്‍ അംഗീകരിച്ചിട്ടുണ്ടെന്നാണ് കമ്പനി ഹൈക്കോടതിയെ ധരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ ഈ അവകാശവാദം തെറ്റാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ഇത്തരത്തില്‍ വിഭാഗം മാറ്റാന്‍ ആറ് തവണ കമ്പനി അപേക്ഷയില്‍ തിരുത്തല്‍ വരുത്തിയതിന് സമരസമിതിയുടെ കൈവശം തെളിവുകളുണ്ടെന്നാണ് പറയപ്പെടുന്നത്. മുന്‍ വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഇതിനായി ഇടപെട്ടുവെന്നും നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കമ്പനിയുടെ ജലശുദ്ധീകരണം തറനിരപ്പില്‍ നിന്ന് നാലാം നിലയുടെ മുകളിലേക്ക് മാറ്റി അവിടെ നിന്നും അകലം അളന്ന് 11 മീറ്റര്‍ മാത്രം അകലെയുള്ള കിന്‍ഫ്ര ഓഫീസിനെ 38 മീറ്റര്‍ അകലെയും 25 മീറ്ററിനുള്ളിലുള്ള 26 ഐടി കമ്പനികളും നാല് വീടുകളും ഒരു പള്ളിയും ഒരു ബാങ്കും 16 കടകളും 36 ക്വാര്‍ട്ടേഴ്‌സുകളും 75-80 മീറ്ററുകള്‍ അകലെയാണെന്നും വരുത്തി തീര്‍ത്താണ് കമ്പനിയെ ഗ്രീന്‍ വിഭാഗത്തിലാക്കിയത്. ഗ്രീന്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കമ്പനിയുടെ 30 മീറ്ററിനുള്ളില്‍ സ്ഥാപനങ്ങളോ 15 മീറ്ററിനുള്ളില്‍ വീടുകളോ പാടില്ല. ഇതിനാലാണ് നിരവധി തവണ പ്ലാനുകള്‍ മാറ്റി അപേക്ഷയില്‍ തിരുത്തല്‍ വരുത്തിയത്.

അധികാരികളുടെ ഒത്താശയോടെ സമരം അടിച്ചമര്‍ത്താനും സ്ഥാപനം തുറക്കാനും മലബാര്‍ ഗോള്‍ഡിന് ഒടുവില്‍ സാധിച്ചാല്‍ മറ്റൊരു എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിനാകും കേരളം സാക്ഷിയാകേണ്ടി വരിക. കാരണം ചെറുകിട സ്വര്‍ണ നിര്‍മ്മാണ ശാലകളിലെ പോലും മാലിന്യം അടിഞ്ഞു കൂടുന്ന കിണറുകളിലെ ജലം ഉപയോഗിച്ച് ക്യാന്‍സര്‍ പോലുള്ള മാരക രോഗത്തിന് അടിമകളായ നിരവധി പേരുടെ ജീവിതം നമുക്ക് മുന്നിലുണ്ട്.

img-20161028-wa0053 img-20161028-wa0054 img-20161028-wa0055 img-20161028-wa0056 img-20161028-wa0057