ആഘോഷങ്ങള്‍ ആഭാസമാകാതിരിക്കാന്‍ വെടിക്കെട്ടിന് നിയന്ത്രണം; ഗുണ്ടും അമിട്ടും ഉപയോഗിക്കരുതെന്ന് കര്‍ശനനിര്‍ദ്ദേശം

single-img
28 October 2016

fireworks
സംസ്ഥാനത്തെ ഉത്സവങ്ങളില്‍ ഗുണ്ടും അമിട്ടും ഉള്‍പ്പെടെ സ്‌ഫോടകശേഷി കൂടുതലുള്ള വസ്തുക്കള്‍ ഉപയോഗിക്കരുതെന്ന് കര്‍ശന നിര്‍ദ്ദേശം. നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ കൊല്ലം പുറ്റിങ്ങല്‍ അപകടത്തിന് ശേഷം നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് വെടിക്കെട്ടിന് നിയന്ത്രണം കര്‍ശനമാക്കി എക്‌സ്‌പ്ലോസീവ് വിഭാഗം സര്‍ക്കുലര്‍ ഇറക്കിയത്. രാത്രി പത്തിനും രാവിലെ ആറിനും ഇടയില്‍ വെടിക്കെട്ട് പാടില്ലെന്നും എക്‌സ്‌പ്ലോസീവ് വിഭാഗം തൃശൂര്‍ പൂരം സംഘാടകര്‍ക്കും ജില്ലാ കളക്ടര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നു.

വെടിക്കെട്ടിന് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളില്‍ പൊട്ടാസ്യം ക്ലോറേറ്റ് ഉപയോഗിക്കാന്‍ പാടില്ലെന്നും വെടിക്കെട്ടിന് അപേക്ഷിക്കുമ്പോള്‍ പ്രദേശത്തിന്റെ ശാസ്ത്രീയമായ അപകട സാധ്യാതാ പഠനം നടത്തി ദുരന്തനിവാരണ സംവിധാനങ്ങളൊരുക്കി ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.

ജില്ലാ കളക്ടര്‍ വെടിക്കെട്ടിന് അനുമതി നല്‍കുന്നതിന് മുമ്പ് സ്ഥല പരിശോധന നടത്തണം. വെടിക്കെട്ട് നടത്താനുദ്ദേശിക്കുന്ന സ്ഥലം സുരക്ഷിതവും അനുയോജ്യമാണെന്ന് കണ്ടെത്തിയാല്‍ മാത്രമേ അനുമതി നല്‍കാന്‍ പാടുള്ളൂ. രാവിലെ ആറിനും രാത്രി 10നും ഇടയില്‍ വെടിക്കെട്ട് പാടില്ല- സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ ഇവയൊക്കെയാണ്.

എന്നാല്‍ സര്‍ക്കുലറിലെ നിര്‍ദ്ദേശങ്ങളില്‍ മിക്കവയും വെടിക്കെട്ട് നിയന്ത്രണത്തിന്റെ ഭാഗമായുള്ള നിയമങ്ങളായി സംസ്ഥാനത്ത് പ്രാബല്യത്തിലുള്ളതാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. പക്ഷേ ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് എക്‌സ്‌പ്ലോസീവ് വിഭാഗം പറയുന്നത്. 2008ലെ എക്സ്പോളീസീവ് റൂളിലെ ശബ്ദതീവ്രതയും ദൂരപരിധിയും അടക്കം എല്ലാ നിബന്ധനകളും കര്‍ശനമാക്കിയുമാണ് ഡെപ്യൂട്ടി ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ളോസീവ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.