പാലായില്‍ പട്ടി പാര്‍ക്കുണ്ടെങ്കിലും ദുരിതം നാട്ടുകാര്‍ക്ക് തന്നെ; പരാതി കൊടുക്കാന്‍ പോലീസ് സ്റ്റേഷനിലെത്തിയ ആളെയും പട്ടികടിച്ചു

single-img
28 October 2016

straw-dog

സംസ്ഥാനം വാഴുന്ന പട്ടികളെ കൊണ്ടു പൊറുതി മുട്ടിയിരിക്കുന്നവരുടെ വിഷമം പട്ടിക്കറിയില്ലല്ലോ. എവിടെ പോയാലും പട്ടി കടിക്കുമെന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. എന്നാല്‍ പോലീസ് സ്റ്റേഷനില്‍ ചെന്നാലും പട്ടി കടിക്കുമെന്നു വന്നാല്‍ എന്തു ചെയ്യും. പാലായില്‍ നായ്ക്കള്‍ക്ക് പാര്‍ക്കാന്‍ നഗരസഭ തന്നെ സ്വന്തമായി ‘പാര്‍ക്ക്’ പണിതു നല്‍കിയിട്ടുണ്ട്. എന്നാല്‍ പരാതി കൊടുക്കാന്‍ സ്റ്റേഷനിലെത്തിയയാളെയും പട്ടി കടിച്ചു കീറിയിരിക്കുന്നു.

ഇന്നലെ വൈകിട്ടാണ് സംഭവം. ഇടപ്പാടി വള്ളിയാന്തടത്തില്‍ സജി(44) ക്കാണ് കടിയേറ്റത്. സജിയുടെ സുഹൃത്ത് ബൈജുവിന്റെ ഓട്ടോറിക്ഷ കഴിഞ്ഞ ദിവസം മറിഞ്ഞിരുന്നു. ഇതുസംബന്ധിച്ച് പരാതി നല്‍കാനാണ് ബൈജുവിനൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയത്. കാന്റീന് പരിസരത്ത് അലഞ്ഞുകഴിയുന്ന നായയാണ് കടിച്ചത്. ഇടതുകാലിന്റെ പിന്‍ഭാഗത്ത് കടിയേറ്റ സജിയെ പാലാ ജനറല്‍ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പാലാ നഗരസഭ നായ്ക്കള്‍ക്ക് സംരക്ഷണകേന്ദ്രം തയ്യാറാക്കിയത് സംസ്ഥാനത്തിനാകെ മാതൃകയായിരുന്നു. സമീപകാലത്ത് ഡോഗ് പാര്‍ക്കിന്റെ പ്രവര്‍ത്തനം അവതാളത്തിലാണ്. അറുപതോളം നായ്ക്കളെ ഒരേസമയം സംരക്ഷിക്കാന്‍ സൗകര്യമുള്ള ഡോഗ്പാര്‍ക്കില്‍ ഇപ്പോള്‍ വിരലിലെണ്ണാവുന്ന നായ്ക്കള്‍ മാത്രമാണുള്ളത്. ഏഴു ലക്ഷം രൂപ മുടക്കിയാണ് സംരക്ഷണകേന്ദ്രം പണിതത്. ഇതേക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ടെങ്കിലും മനുഷ്യര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണിപ്പോഴുമുള്ളത്.