മഴലഭ്യതയില്‍ വലിയ കുറവുണ്ടായതോടെ അണക്കെട്ടുകളിൽ വെള്ളമില്ല;കേരളം ഇരുട്ടിലേയ്ക്ക്

single-img
26 October 2016

power-cut

ഇടുക്കി: മഴയുടെ കുറവിനെ തുടര്‍ന്ന് കേരളം കടുത്ത വൈദ്യൂതി ക്ഷാമത്തിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. കേരളം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന ജലവൈദ്യൂത പദ്ധതിയായ ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞതും വൈദ്യൂതി ഉല്‍പ്പാദനം ഗണ്യമായി കുറയ്ക്കേണ്ടി വന്നതും വരും കാലത്ത് കേരളത്തില്‍ വൈദ്യൂതി ക്ഷാമത്തിന് കാരണമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

ഒക്ടോബറില്‍ കിട്ടുന്ന മഴയുടെ അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ 60 ശതമാനം വെള്ളം കിട്ടാറുണ്ട്. എന്നാല്‍ ഈ വര്‍ഷം മണ്‍സൂണ്‍ പോലെ തന്നെ തുലാ വര്‍ഷവും ചതിച്ചിരിക്കുകയാണ്. ഇനിയും മഴ പെയ്യാത്ത സാഹചര്യം തുടര്‍ന്നാല്‍ കടുത്ത വൈദ്യുതി പ്രതിസന്ധിയാകും സംസ്ഥാനത്തെ കാത്തിരിക്കുക. അണക്കെട്ടിലെ വെള്ളത്തിന്റെ ഉപയോഗം പരമാവധി നടത്തുക എന്ന ഉദ്ദേശത്തിലാണ് മൂലമറ്റത്ത് വൈദ്യുത ഉല്‍പ്പാദനം കുറച്ചിരിക്കുന്നത്.

മഴ കുറഞ്ഞതിനെ തുടര്‍ന്ന് മൊത്തം സംഭരണ ശേഷിയില്‍ 44 ശതമാനം മാത്രം വെള്ളമേ ബാക്കിയുള്ളൂ. സംഭരണിയില്‍ ജലം നിറഞ്ഞപ്പോള്‍ 180 ദശലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉല്‍പ്പാദിപ്പിച്ചിട്ടുള്ള മൂലമറ്റം പവര്‍ഹൗസില്‍ ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വെറും 40 ദശലക്ഷം യൂണിറ്റാണ്. ഇത് ഇനിയും കുറയ്ക്കേണ്ടി വന്നാല്‍ പ്രതിസന്ധിയായി മാറും. ഈ വര്‍ഷം മഴയില്‍ 31 ശതമാനം കുറവ് വന്നിരിക്കുന്ന സാഹചര്യത്തില്‍ അടുത്ത വര്‍ഷം ആദ്യം കൊണ്ട് തന്നെ വൈദ്യൂതി പ്രതിസന്ധി കൊണ്ട് കേരളം വലയും.