”പുലിമുതുകേറി പുലിവാല്‍ പിടിച്ചുടന്‍ പ്രത്യക്ഷമാകിയ പരദേവതേ തൊഴാം……”:മലബാറിനു ഇനി തെയ്യക്കാലം

single-img
26 October 2016
Photo By jasinthmv

Photo By jasinthmv

നിലാവില്‍ ചൂട്ടുകറ്റകളൊരുക്കുന്ന തീവെട്ടത്തില്‍ ദൈവങ്ങളിനി ഉറഞ്ഞുതുള്ളും..തുലാം പത്ത് കഴിഞ്ഞാല്‍ വടക്കേ മലബാറില്‍ തെയ്യങ്ങളുടെ കാലമാണ്.രാവും പകലും ഇനി തോറ്റംപാട്ടുകള്‍. തുലാപ്പത്ത് മുതല്‍ മേടപ്പത്ത് വരെ അനുഷ്ഠാനങ്ങളുടെ ദിവസങ്ങളാണ്..
നൂറ്റാണ്ടുകള്‍ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാര്‍ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങള്‍ കെട്ടിയാടാനുള്ള അവകാശം തമ്പുരാന്‍ നല്‍കിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീര്‍ണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവര്‍ണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴല്‍, തകില്‍, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണര്‍ത്തുന്ന അപൂര്‍വമായ ഒരു കലാരൂപമാണ്. വര്‍ഷങ്ങള്‍ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാള്‍ക്ക് നല്ല തെയ്യക്കാരനാകാന്‍ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാര്‍ത്ഥിച്ച്) ഉണര്‍ത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളില്‍ സമൂഹജീവിതത്തെ സമര്‍ത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകള്‍. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങള്‍ക്ക് തലേന്നാള്‍ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.

മലബാറിന്റെ മണ്ണും മനസ്സും ഇനി തെയ്യരാവുകളിലേക്ക്.ജാതിമതഭേതമന്യേ തെയ്യച്ചുവടുകള്‍ക്ക് കാതോര്‍ത്ത് മലയാളം ഉണരുകയാണ്..
നാടന്‍കലകള്‍ സംരക്ഷിക്കപ്പെടേണ്ട ആവശ്യകത നിലനില്‍ക്കുന്ന കാലമാണിത്.എല്ലാ നാടന്‍ കലകളും അടിച്ചമര്‍ത്തപ്പെടുന്നവന്റെ ആത്മരോഷങ്ങളായിരുന്നു.

പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടന്‍ കലകള്‍. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണെങ്കിലും സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടന്‍ കലകള്‍ക്കു കഴിഞ്ഞു.