കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റത്തിൽ നികുതി വര്‍ധിപ്പിച്ചത് കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്

single-img
26 October 2016

THOMAS ISAACതിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലുള്ള വസ്തുകൈമാറ്റത്തിൽ നികുതി വര്‍ധിപ്പിച്ചത് കുറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. ഭാഗപത്രം, ധനനിശ്ചയം, ദാനം, ഒഴിമുറി എന്നിവയുടെ കൂട്ടിയ രജിസ്‌ട്രേഷന്‍ നിരക്കില്‍ സര്‍ക്കാര്‍ ചെറിയതോതില്‍ ഇളവ് പ്രഖ്യാപിക്കാനാണ് ആലോചിക്കുന്നത്. നിയമസഭയില്‍ ധനകാര്യ ബില്ലിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയവെയാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.

പക്ഷെ നികുതി കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അതേ അവസ്ഥയിലേക്ക് മാറ്റണോ അതല്ല മറ്റെന്തെങ്കിലും പുന:ക്രമീകരണം നടത്തണോയെന്നത് സബ്ജക്ട് കമ്മിറ്റി കൂടിയ ശേഷം തീരുമാനിക്കുമെന്നും ധനമന്ത്രി അറിയിച്ചു. കഴിഞ്ഞ ബജറ്റ് അവതരണത്തിലായിരുന്നു ഭാഗപത്ര കൈമാറ്റത്തിനായി മൂന്ന് ശതമാനം വര്‍ധനവ് ധനവകുപ്പ് വരുത്തിയത്. ഒരുതരത്തിലുമുള്ള പണമിടപാടുമില്ലാതെ കുടുംബാംഗങ്ങള്‍
തമ്മില്‍ നടത്തുന്ന ഭൂമികൈമാറ്റങ്ങളുടെ മുദ്രപ്പത്രനിരക്കിലും രജിസ്‌ട്രേഷന്‍ ഫീസിലും ഏര്‍പ്പെടുത്തിയ വര്‍ധന വലിയ വിമര്‍ശമുണ്ടാക്കിയ സാഹചര്യത്തിലാണ് ഇളവിന് സര്‍ക്കാര്‍ ആലോചിക്കുന്നത്.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ സ്ഥലകൈമാറ്റം അടക്കമുള്ള കാര്യങ്ങള്‍ ഏറെക്കുറെ നിലച്ച നിലയിലുമായിരുന്നു. ഈ സ
സാഹചര്യത്തിലാണ് ധനകാര്യ ബില്ല് അവതരണത്തിനിടെ ചോദ്യമുയര്‍ന്നത്. തുടര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണാമെന്ന് ധനമന്ത്രി അറിയിക്കുകയായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തുള്ള അതേ നിരക്ക് തന്നെ പുന:സ്ഥാപിക്കണമെന്നാണ് പ്രതിപക്ഷ ആവശ്യമെങ്കിലും ഇതിനോട് ധനമന്ത്രിക്ക് യോജിപ്പ് ഇല്ല.

അതുകൊണ്ട് തന്നെ മൂന്ന് ശതമാനം വര്‍ധനവ് എന്നത് ഒരു ശതമാനത്തിലേക്ക് കുറക്കുക എന്ന നിര്‍ദേശം ധനമന്ത്രി സബ്ജക്ട് കമ്മിറ്റിക്ക് മുന്നില്‍ വെക്കാനാണ് സാധ്യത. കഴിഞ്ഞസര്‍ക്കാറിന്റെ കാലത്ത് മുദ്രപ്പത്രനിരക്കിലെയും രജിസ്‌ട്രേഷന്‍ ഫീസിലെയും പരിധി എടുത്തുകളഞ്ഞിരുന്നു. അന്ന് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് പരിധി പുനഃസ്ഥാപിച്ചു. ഇത്തവണ ഇളവ് പ്രതീക്ഷിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്.