നിഷാമിന് ജയിലില്‍ അടുത്ത സുഹൃത്തുക്കള്‍ ടി പി വധക്കേസ് പ്രതികള്‍; വധഭീഷണി പരാതിയില്‍ സഹോദരന്മാരുടെ മൊഴിയെടുത്തു

single-img
23 October 2016

 

nisam759

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാം ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന പരാതിയില്‍ നിഷാമിന്റെ സഹോദരന്മാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി നിഷാമിന്റെ സഹോദരന്മാരായ അബ്ദുള്‍ റസാഖ്, അബ്ദുള്‍ നിസാര്‍ എന്നിവര്‍ അറിയിച്ചു.

സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ അതിക്രൂരമായി കാര്‍ ഇടിച്ച് കൊലപ്പെടുത്തിയ കേസിനാണ് നിഷാം ശിക്ഷിക്കപ്പെട്ടത്. ഓഗസ്റ്റ് 11ന് തങ്ങള്‍ നിഷാമിനെ ജയിലില്‍ സന്ദര്‍ശിച്ചെന്നും ബിസിനസിലെ ലാഭവിഹിതത്തെ ചൊല്ലി തര്‍ക്കമുണ്ടായെന്നും ഇരുവരും പറഞ്ഞു. ബിസിനസില്‍ നിന്നുള്ള പണം കേസിനുവേണ്ടി മാറ്റിവച്ചില്ലെങ്കില്‍ കയ്യും കാലും വെട്ടിക്കളയുമെന്നായിരുന്നു ഭീഷണി. കൂടാതെ ഇതേ ജയിലില്‍ കഴിയുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുമായി തനിക്ക് അടുത്ത ബന്ധമാണ് ഉള്ളതെന്നും വധശിക്ഷയ്ക്ക് ജയിലില്‍ കഴിയുന്ന അവരെ ഉപയോഗിച്ച് റസാഖിനെയും നിസാറിനെയും ഇല്ലാതാക്കുമെന്നും നിഷാം ഭീഷണിപ്പെടുത്തിയതായി റസാഖ് പോലീസിനെ അറിയിച്ചു.

മൊഴി രേഖപ്പെടുത്തിയ സാഹചര്യത്തില്‍ നാളെ നിഷാമിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യും. ഒക്ടോബര്‍ 21ന് മറ്റൊരു വധശ്രമക്കേസുമായി ബന്ധപ്പെട്ട വിചാരണയ്ക്കായി നിസാമിനെ ബംഗളൂരു കോടതിയില്‍ ഹാജരാക്കണമായിരുന്നു. 20ന് ജയിലില്‍ നിന്നും പോലീസ് അകമ്പടിയോടെ ബംഗളൂരുവിലേക്ക് കൊണ്ടുപോകുമ്പോള്‍ കിംഗ് ബീഡിയുടെ സെയില്‍സ് മാനേജരായ രതീഷ് നിഷാമിനെ അനുഗമിച്ചതായും സഹോദരന്മാര്‍ പറയുന്നു.

രതീഷ് ആണ് നിഷാമിന് ജയിലില്‍ സാമ്പത്തിക സഹായം ഒരുക്കുന്നത്. നിഷാമിന്റെ സുഹൃത്തായ ഷിബിനും രതീഷിനൊപ്പമുണ്ടായിരുന്നെന്നും റസാഖ് അറിയിച്ചു. ഷിബിന്‍, രതീഷ് എന്നിവരോട് ചോദ്യം ചെയ്യലിനായി നാളെ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടു.