ഇടമലക്കുടിയില്‍ നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു; പെണ്‍കുട്ടികളെ നിര്‍ബന്ധിച്ച് ഗര്‍ഭ നിരോധന ഗുളികകള്‍ കഴിപ്പിച്ച് രോഗികളാക്കുന്നു

single-img
22 October 2016

 

birth-control-pill-packets

കേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്തായ ഇടമലക്കുടിയില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വരുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധമായി അപകടകരമായ മാലാഡി പോലുള്ള ഗര്‍ഭനിരോധന ഗുളികകള്‍ കഴിപ്പിക്കാറുണ്ടെന്നാണ് പുതിയതായി അറിയുന്ന വിവരം. കുട്ടിക്കാലം മുതല്‍ ഈ ഗുളികകള്‍ കഴിക്കുന്നത് മൂലം ഈ മേഖലയിലെ പല സ്ത്രീകളും രോഗികളാണെന്നും ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദേശീയ മനുഷ്യാവകാശ സമൂഹിക നീതി കമ്മിഷന്‍ പ്രവര്‍ത്തകര്‍ ഇവാര്‍ത്തയെ അറിയിച്ചു.

ഇടമലക്കുടി ആദിവാസി കോളനിയിലെ നിവാസികളാണ് ഇക്കാര്യം രഹസ്യമായി തങ്ങളെ അറിയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പത്ത് വയസ്സ് കഴിയുന്ന കുട്ടികള്‍ക്കാണ് അപകടകരമായ ഈ മരുന്ന് നല്‍കുന്നത്. ഡോക്ടറുടെ കുറിപ്പോടെ മാത്രം വാങ്ങാവുന്ന ഈ ഗുളികകള്‍ ഇടനിലക്കാര്‍ വഴിയാണ് കോളനികളിലെത്തുന്നത്. ഒരു ഗുളികയ്ക്ക് കേവലം അഞ്ച് രൂപയില്‍ താഴെ മാത്രം വില വരുന്ന ഗുളികകള്‍ക്ക് ഒരു സ്ട്രീപ്പിന് ആയിരം രൂപയ്ക്ക് മുകളില്‍ വരെ ഈടാക്കാറുണ്ടെന്നും ആദിവാസികള്‍ പറയുന്നു.

ആദിവാസികളിലെ മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട ആളുകളാണ് ഇടമലക്കുടിയില്‍ ജീവിക്കുന്നത്. പെണ്‍കുട്ടികള്‍ക്ക് മാസമുറയുണ്ടാകുമ്പോള്‍ ഉള്‍ക്കാടിനുള്ളിലെ ചെറിയ കുടിലുകളില്‍ പാര്‍പ്പിക്കുന്നതാണ് ഇവിടുത്തെ രീതി. എന്നാല്‍ വന്യമൃഗങ്ങളുടെ ശല്യം വളരെയധികമുള്ളതിനാല്‍ പലപ്പോഴും ഈ കുട്ടികള്‍ കൊല്ലപ്പെടുന്നതാണ് പതിവ്. മാസമുറയുണ്ടാകുന്നത് ഒഴിവാക്കാന്‍ മാലാഡി കഴിച്ചാല്‍ മതിയെന്നാണ് ഇവര്‍ ധരിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ അത് ശരീരത്തിന് ഏറെ ദോഷകരമാണെന്ന് ഇവര്‍ തിരിച്ചറിഞ്ഞിട്ടില്ല. കൂടാതെ അവിഹിത ഗര്‍ഭങ്ങളും ഇവിടെ വളരെയധികം സംഭവിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് മാലാഡിയുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗം. ഇടമലക്കുടിയിലെ ഭൂരിഭാഗം സ്ത്രീകളും അതിനാല്‍ തന്നെ നന്നേ ചെറുപ്പത്തിലെ ഗുരുതരമായ രോഗത്തിന് അടിമപ്പെടുകയാണ് ചെയ്യുന്നത്.

നല്ല ഒരു ആശുപത്രിയോ മറ്റ് ചികിത്സാ മാര്‍ഗ്ഗങ്ങളോ ഇല്ലാത്ത ഇവിടുത്തെ ജനങ്ങള്‍ എന്തെങ്കിലും രോഗം വന്നാല്‍ സാധാരണയായി ചികിത്സ തേടാറില്ല. കാട്ടിനുള്ളില്‍ നിന്നും രോഗിയെ എടുത്ത് പുറത്തുള്ള ആശുപത്രിയില്‍ എത്തിക്കാനുള്ള ബുദ്ധിമുട്ട് തന്നെയാണ് അതിന് കാരണം. ഈ സാഹചര്യത്തിലാണ് അപകടകരമായ ഗുളികകള്‍ കഴിച്ച് ഇവിടെ കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്നത്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് ആദിവാസികളെ ബോധവല്‍ക്കരിക്കേണ്ടത് ആവശ്യമാണെന്ന് ദേശീയ മനുഷ്യാവകാശ സാമൂഹിക നീതി കമ്മിഷന്‍ അറിയിച്ചു.