ഐഫോണിനെ തോൽപ്പിക്കാൻ പിക്സലിനാവില്ല ഗൂഗിളേ

google_pixel_vs_iphone_7_thumb800ഗൂഗിളിന്റെ ആദ്യ സ്മാർട്ട് ഫോൺ; പിക്സൽ വിപണിയിലെത്തിയിരിക്കുകയാണ്. പിക്സൽ, പിക്സൽ എക്സ് എൽ എന്നീ രണ്ടു ഫോണുകളാണ് ഗൂഗിൾ വിപണിയിലെത്തിച്ചിരിക്കുന്നത്. ഐഫോൺ പ്രേമികളെ ആകർഷിക്കുകയും അവരെ ആൻഡ്രോയിഡ് ഫോണുകളിൽ എത്തിക്കുകയുമാണ് പിക്സൽ ഫോണിലൂടെ ഗൂഗിൾ ലക്ഷ്യമിടുന്നത്. എൽ. ജി, എച്ച്ടി സി, ഹുവാവേ തുടങ്ങിയ കമ്പനികളുടെ സഹായത്തോടെ നെക്സസ് പരമ്പരയിൽ ഗൂഗിൾ അവതരിപ്പിച്ച ഫോണുകൾ ശ്രദ്ധനേടിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഗൂഗിൾ പുതിയ സ്മാർട്ട് ഫോണായ പിക്സൽ വിപണിയിലെത്തിച്ചത്.

വിപണിയിലെ ഐഫോണിന്റെ മേധാവിത്വം അവസാനിപ്പിക്കാൻ ഗൂഗിൾ തുറന്നു വിട്ട ഭൂതമെന്നാണ് പിക്സലിനെ വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ഐഫോണിനെ വെല്ലാൻ ഗൂഗിളിന്റെ പുതിയ ഫോണിന് കഴിയുമോ എന്നതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം. ഗൂഗിൾ അസിസ്റ്റന്റ്, മികച്ച വേഗത , ക്ഷമതയേറിയ പ്രൊസസർ എന്നിവയൊക്കെ മികവുകളായി പരിഗണിച്ചാലും ഐഫോണിന്റെ അപ്രമാദിത്വത്തെ ചോദ്യം ചെയ്യാൻ പിക്സലിനെക്കൊണ്ടാവില്ല എന്നാണു ലഭ്യമാകുന്ന പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സാംസങ് നോട്ട് 7 ന്റെ പൊട്ടിത്തെറി ആൻഡ്രോയിഡ് ഫോണുകളിൽ നിന്നും പ്രീമിയം ഉപഭോക്ത്താക്കളെ അകറ്റുന്നുണ്ട്. അതോടൊപ്പം വലിയ കോലാഹലങ്ങളോടെ അലോയിൽ ഗൂഗിൾ അവതരിപ്പിച്ച ഗൂഗിൾ അസിസ്റ്റന്റ് പിക്സലിൽ നേരെ ചൊവ്വേ പണിയെടുക്കുന്നില്ല എന്നാണ് കേൾക്കുന്നത്. ഇങ്ങോട്ടു വാ എന്ന് വിളിക്കുമ്പോൾ അങ്ങോട്ട് പോകുന്ന ഗൂഗിൾ അസിസ്റ്റന്റിനെ ഐഫോണിന്റെ ഡിജിറ്റൽ അസിസ്റ്റന്റ് ആയ സിരിയുമായി ഒരിക്കലും താരതമ്യപ്പെടുത്താൻ കഴിയില്ല എന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്.

ഗൂഗിൾ ഡിജിറ്റൽ അസിസ്റ്റന്റിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ഫോൺ മെനഞ്ഞെടുത്ത ശേഷം ആ സംവിധാനം ശരിയായ റിസൾട്ട് നൽകിയില്ലെങ്കിൽ ഗൂഗിളിന്റെ പണി പാളി എന്ന് തന്നെയല്ലേ അര്‍ത്ഥം. ഐഫോൺ 7 ൽ എടുക്കുന്ന ഫോട്ടോകളുടെ നാലയലത്ത് പോലും പിക്സലിലെ പടങ്ങൾ എത്തുന്നില്ല എന്നതാണ് വേറൊരു വസ്തുത. എച്ച് ഡി ആർ മോഡിൽ പടമെടുക്കാൻ അല്പം താമസം നേരിടുന്നുവെന്നതും പിക്സൽ ഫോണുകളുടെ ക്യാമറയുടെ ന്യൂനതയായി ചൂണ്ടിക്കാട്ടുന്നു.ഡിസൈനിങ്ങിലും ഐഫോണിന്റെ ഭംഗിക്ക് പിന്നിലാണ് പിക്സലിന്റെ സ്ഥാനം. 57000 രൂപയ്ക്കാണ്‌ പിക്സലിന്റെ അടിസ്ഥാന മോഡൽ വിപണിയിലെത്തിയിരിക്കുന്നത്.