അങ്ങനെ മാപ്പ് പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ല ഗോപാലകൃഷ്ണാ ഇത്

single-img
18 October 2016

gopalakrishnan
യുഎപിഎ ചുമത്തും എന്നു കേട്ടാല്‍ സംഘപരിവാറും ഞെട്ടും എന്നുറപ്പിക്കാം, കേവലം മാപ്പ് കൊണ്ട് മാത്രം തീരുന്ന വര്‍ഗീയതയല്ല ഗോപാലകൃഷ്ണാ താന്‍ പറഞ്ഞത്. കാരണം മതവിദ്വേഷ പ്രസംഗങ്ങള്‍ ഒരു സമൂഹത്തിന്റെ സമാധാനപരമായ ജീവിതത്തെയാണ് തകര്‍ക്കുന്നത്. വര്‍ഗ്ഗീയ കലാപങ്ങള്‍ക്കുള്ള ആഹ്വാനങ്ങളായേ വിദ്വേഷ പ്രസംഗങ്ങളെ കണക്കാക്കാന്‍ സാധിക്കൂ.

മലപ്പുറം ജില്ലയെയും മുസ്‌ലിം ജനവിഭാഗത്തേയും അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിച്ച ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്റിഫിക് ഹെറിറ്റേജ് ഡയറക്ടര്‍ ഡോ. എന്‍ ഗോപാലകൃഷ്ണന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. വളരെ നീചമായ ഭാഷയില്‍ ആക്ഷേപിക്കുകയും വിദ്വേഷം പ്രചരിപ്പിക്കുകയും ചെയ്തതിന് യുഎപിഎ ചുമത്തി കേസെടുക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് ഗോപാലകൃഷ്ണന്‍ യൂട്യൂബില്‍ ക്ഷമാപണവുമായി രംഗത്ത് എത്തി. എന്നാല്‍ പിന്നീട് ആ വീഡിയോയും യൂടുബില്‍ നിന്ന് ഗോപാലകൃഷ്ണന്‍ നീക്കം ചെയ്തു.

മാപ്പ് പറയുന്ന വീഡിയോയായ വര്‍ഗീയ പ്രസംഗം നടത്തിയിട്ടില്ലെന്ന തലക്കെട്ടുള്ള 7.34 മിനിറ്റ് നീളുന്ന വീഡിയോയില്‍ വിദ്വേഷ പ്രസംഗത്തിലെ ഓരോ ഭാഗം വിശദീകരിക്കുമ്പോഴും അതിസൂഷ്മതയോടെയാണ് ഗോപാലകൃഷ്ണന്‍ സംസാരിക്കുന്നത്. ആദ്യ വീഡിയോയിലെ രണ്ടും മൂന്നും ഭാര്യമാരെ വെച്ചിട്ട് എന്ന ആക്ഷേപിക്കുന്ന ഗോപാലകൃഷ്ണന്‍ ഇന്നലെ അപ്‌ലോഡ് ചെയ്ത വിശദീകരണ വീഡിയോയില്‍ സമുദായത്തിലെ ബഹുഭാര്യത്വം എന്ന മാന്യ ഭാഷയിലേക്ക് മാറി. ”പന്നി പ്രസവിക്കുന്നതുമാതിരി ഓരോ വീട്ടിലും കുട്ടികളെ ഉണ്ടാക്കുന്ന” എന്ന പരിഹാസം കുട്ടികള്‍ കൂടുതല്‍ ഉണ്ടാകുന്നത് എന്‍കറേജു ചെയ്യുന്ന സമുദായത്തിന്റെ രീതിയെന്നു മയപ്പെടുത്തിയാണ് ഗോപാലകൃഷ്ണന്റെ വിശദീകരണം.

സമൂഹമാധ്യമങ്ങളില്‍ നേരത്തെയും രൂക്ഷമായ വിമര്‍ശനവും പരിഹാസവും ഗോപാലകൃഷ്ണന്‍ നേരിട്ടിട്ടുണ്ട്. ആഴമേറിയ പല വിമര്‍ശനങ്ങളെയും അവഗണിച്ചും തര്‍ക്കുത്തരം പറഞ്ഞും അതിജീവിക്കാന്‍ ശ്രമിച്ച പണ്ഡിതനാണ് ഇപ്പോള്‍ എളിമ വഴിഞ്ഞൊഴുകുന്ന സ്വരത്തില്‍ ആരോടും മാപ്പു പറയാനും ആരുടെയും കാലു പിടിക്കാനും തയ്യാറാണെന്ന് യുട്യൂബ് വീഡിയോയിലൂടെ പ്രഖ്യാപിക്കുന്നത്.

വിദ്വേഷപ്രസംഗം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ്സും മുസ്ലീം ലീഗും ആവശ്യപ്പെട്ടിരുന്നു. മാപ്പു വീഡിയോ പരിഗണിച്ച് ഗോപാലകൃഷ്ണനെ കേസില്‍ നിന്ന് ഒഴിവാക്കുമോ അതോ ഇയാള്‍ക്കെതിരെ യുഎപിഎ ചുമത്താനാണോ പിണറായി സര്‍ക്കാര്‍ തയ്യാറാകുകയെന്നാണ് ഇനി അറിയേണ്ടത്.