പച്ചക്കറി വില്‍പ്പനയിലെ കൊടുംകൊള്ള ഫേസ്ബുക്കിലൂടെ വെളിച്ചത്ത് കൊണ്ടുവന്ന നൗഷാദ് വാഹനാപകടത്തില്‍ മരിച്ചു: സംഭവത്തില്‍ ദുരൂഹത

single-img
18 October 2016

noushadf

കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനയിലെ കൊടുംകൊള്ളയെക്കുറിച്ച് വീഡിയോ തയ്യാറാക്കി ഫേസ്ബുക്കിലൂടെ പുറംലോകത്തെ അറിയിച്ച നൗഷാദ് അഹമ്മദ് തിരുനെല്‍വേലിയില്‍ വച്ച് വാഹനാപകടകത്തില്‍ കൊല്ലപ്പെട്ടതായി വാര്‍ത്ത. ഈ വാര്‍ത്ത സ്ഥീരീകരിക്കാനുള്ള ശ്രമങ്ങള്‍ കായംകുളം പോലീസ് ആരംഭിച്ചു.

അതേസമയം അപകടമുണ്ടായിട്ടുണ്ടെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് നൗഷാദിന്റെ സുഹൃത്തുക്കള്‍ പറയുന്നത്. കായംകുളം മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനയിലെ കൊള്ളയ്‌ക്കെതിരെ പ്രതികരിച്ചാണ് നൗഷാദ് താരമായത്. മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനക്കാരന്‍ തന്നെയായ നൗഷാദ് തനിക്ക് കൊള്ളലാഭം വേണ്ടെന്നാണ് തീരുമാനിച്ചത്. കുറഞ്ഞ വിലയ്ക്ക് നൗഷാദ് പഴങ്ങളും പച്ചക്കറികളും വില്‍ക്കാന്‍ തുടങ്ങിയതോടെ മറ്റ് കച്ചവടകകാര്‍ ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ഇതേക്കുറിച്ചാണ് നൗഷാദ് ഫേസ്ബുക്കിലൂടെ വീഡിയോ പോസ്റ്റ് പ്രചരിപ്പിച്ചത്. ഒറ്റദിവസം കൊണ്ട്‌ പതിനൊന്ന് ലക്ഷത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്. അഞ്ച് രൂപയുടെ സാധനം അമ്പത് രൂപയ്ക്ക് വില്‍ക്കുന്നവരാണ് തനിക്കെതിരെ പോലീസിനെ സമീപിച്ചതെന്ന് നൗഷാദ് വീഡിയോയില്‍ പറയുന്നു. എന്തുവന്നാലും തോറ്റുകൊടുക്കാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കിയാണ് കഴുത്തറപ്പന്മാര്‍ എന്ന തലക്കെട്ടില്‍ നൗഷാദ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോ പുറത്തുവന്നതോടെ പോലീസിന് കേസ് പോലും ഉപേക്ഷിക്കേണ്ടി വന്നു.

നൗഷാദ് ആന്‍ഡ് കമ്പനിയെന്നാണ് കായംകുളം മാര്‍ക്കറ്റിലെ ഇയാളുടെ സ്ഥാപനത്തിന്റെ പേര്. കൊള്ളലാഭം തനിക്ക് വേണ്ട, എല്ലാം ഒറ്റയ്ക്ക് തിന്നണമെന്ന് വാശിയുള്ള ചില കച്ചവടക്കാര്‍ തനിക്കെതിരെ തിരിഞ്ഞിരിക്കുകയാണ്. എന്നിങ്ങനെയാണ് നൗഷാദ് ഴീഡിയോയില്‍ പറയുന്നത്. വിലകുറച്ച് വില്‍ക്കുന്ന നൗഷാദിനെ അഭിനന്ദിക്കുന്നതിനൊപ്പം കൂടുതല്‍ സ്ഥലങ്ങളില്‍ കച്ചവടം തുടങ്ങണമെന്നും ആവശ്യം ഉയര്‍ന്നിരുന്നു. കൊള്ളലാഭം കൊയ്ത് നാട്ടുകാരെ പറ്റിക്കുന്ന കച്ചവടക്കാര്‍ നൗഷാദ് ഒരു പാഠമാകട്ടെ എന്നും സമൂഹമാധ്യമങ്ങള്‍ വിലയിരുത്തിയിരുന്നു.

ഇതോടെ കായംകുളം മാര്‍ക്കറ്റില്‍ നൗഷാദിന്റെ ശത്രുക്കള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ഇതിനിടെയാണ് ദുരൂഹതകള്‍ ബാക്കിയാക്കികൊണ്ട് നൗഷാദിന്റെ അപകട മരണ വിവരം എത്തുന്നത്. നാട്ടുകാര്‍ക്കും ഏറെ പ്രിയപ്പെട്ടവനായിരുന്ന ഇദ്ദേഹത്തിന്റെ മരണ വാര്‍ത്ത അംഗീകരിക്കാന്‍ അവര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല.