അയോധ്യയില്‍ ശ്രീരാമ മ്യൂസിയം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം;ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിനു മാസങ്ങൾ ശേഷിക്കേയാണു രാഷ്ട്രീയനീക്കവുമായി കേന്ദ്രം രംഗത്ത് വന്നത്

single-img
17 October 2016

mahesh-sharma-bccl
ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാര്‍ അയോധ്യയില്‍ ശ്രീരാമ മ്യൂസിയം നിര്‍മിക്കാന്‍ നീക്കം തുടങ്ങി. ബാബറി മസ്ജിദ് സ്ഥിതി ചെയ്തിരുന്ന സ്ഥലത്ത് നിന്ന് 15 കിലോമീറ്റര്‍ മാറി മ്യൂസിയത്തിനായി 25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ യു.പി സര്‍ക്കാറുമായി ധാരണയായിട്ടുണ്ട്.

ഇതിന് മുന്നോടിയായി നാളെ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മ അയോധിയിലെ ഈ സ്ഥലം സന്ദര്‍ശിക്കാനെത്തും. കൂടെ ബാബറി ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക രാമക്ഷേത്രവും സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതോടെപ്പം സന്യാസികളുമായും ഹൈന്ദവനേതാക്കളുമായും ശര്‍മ കൂടിക്കാഴ്ച നടത്തും.

225 കോടി രൂപ ചെലവിട്ട് പണിയുന്ന മ്യൂസിയത്തിന്റെ നിര്‍മാണ നീക്കം അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. എന്നാല്‍ പൊതുബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന രാമായണ സര്‍ക്യൂട്ടിന്റെ ഭാഗമായാണ് മ്യൂസിയ നിര്‍മാണമെന്നും ഇതിനു രാഷ്ട്രീയ ബന്ധങ്ങളെന്നുമില്ലന്നാണ് മന്ത്രിയുടെ പ്രതികരണം.

മ്യൂസിയം നിര്‍മാണത്തിനൊപ്പം രാമനും രാമായണവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും സാധ്യമെങ്കില്‍ അന്താരാഷ്ട്ര രാമായണ സമ്മേളനവും ഇതിന്റെ കൂടെ സംഘടിപ്പിക്കാനാണ് പദ്ധതി.

രാമനുമായി ഏറ്റവും ബന്ധപ്പെട്ടുള്ള അയോധ്യ, ചിത്രകൂട് എന്നിവിടങ്ങളെക്കാള്‍ അനുയോജ്യമായ വേദി ഇല്ലെന്നും ഇക്കുറി യു.പിയില്‍തന്നെ സമ്മേളനം നടത്തണമെന്നുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്.

ലക്‌നൗവിലെ ദസറ ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചും ജയ് ശ്രീ രാം ജയ് ശ്രീ രാം എന്ന് ആലപിച്ചു കൊണ്ടായിരുന്നു.