റഷ്യയുടെ പിന്തുണ ഇന്ത്യയ്ക്ക്: ഭീകര സംഘടനകളെ ഒതുക്കണമെന്ന് പാകിസ്ഥാനോട് ആവശ്യപ്പെട്ടു

single-img
1 October 2016

vladimir-putin_650x400_61458217609

പാക് അതിര്‍ത്തിയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കണമെന്ന് റഷ്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു. ഇന്ന് രാവിലെ റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയിലുള്ള അതിര്‍ത്തി രേഖയില്‍ പരസ്പരം പ്രകോപനങ്ങളുണ്ടാകുന്നതിലുള്ള ആശങ്കയും ഇരു രാജ്യങ്ങള്‍ക്കുമായുള്ള റഷ്യയുടെ പ്രസ്താവനയില്‍ വ്യക്തമാണ്.

പരസ്പരം നിലനില്‍ക്കുന്ന സംഘര്‍ഷം വര്‍ദ്ധിപ്പിക്കരുതെന്നും പ്രശ്‌നങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഭീകരവാദത്തിനെതിരെ കടുത്ത നിലപാടുകള്‍ സ്വീകരിക്കുന്നവര്‍ക്കൊപ്പമായിരിക്കും തങ്ങള്‍ നിലകൊള്ളുകയെന്നും റഷ്യ അറിയിച്ചു. ഇതോടെ ഇന്ത്യ-പാക് പ്രശ്‌നത്തില്‍ തങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റഷ്യ.

അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ പാക് സര്‍ക്കാര്‍ ഭീകരസംഘടനകള്‍ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നത്. സെപ്തംബര്‍ 28, 29 തിയതികളില്‍ ഇന്ത്യ അതിര്‍ത്തി രേഖ ലംഘിച്ച് നടത്തിയ മിന്നലാക്രമണത്തില്‍ പാക് അധിനിവേശ കാശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സാഹചര്യത്തിലാണ് റഷ്യയുടെ ഔദ്യോഗിക പ്രസ്താവന.