മിന്നലാക്രമണത്തിന് ശേഷം ആര്‍ക്കും പരിക്കില്ലാതെ ഇന്ത്യന്‍ സൈന്യം തിരിച്ചെത്തി

single-img
30 September 2016

indian-army_650x400_71475151133

ന്യൂഡല്‍ഹി: പാക് അതിര്‍ത്തിയിലെ നിയന്ത്രണ രേഖ കടന്ന് നടത്തിയ മിന്നലാക്രമണത്തിന് ശേഷം ഒരാള്‍ക്കും പരിക്കില്ലാതെ ഇന്ത്യന്‍ സൈന്യം തിരിച്ചെത്തിയതായി ഉന്നത സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ എട്ട് സൈനികരെ വധിച്ചുവെന്നും ഒരാളെ പിടികൂടിയെന്നുമുള്ള പാക് മാധ്യമങ്ങളുടെ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി.

ഒരു സൈനികന് മാത്രം നിസാരമായ പരിക്കുകളുണ്ടെന്നും സൈനിക വക്താക്കള്‍ അറിയിച്ചിട്ടുണ്ട്. ചന്തു ബാബുലാല്‍ ചോഹന്‍ എന്ന മഹാരാഷ്ട്രക്കാരനായ സൈനികനാണ് പാക് സൈന്യത്തിന്റെ പിടിയിലുള്ളത്. മിന്നലാക്രമണം കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷം അതിര്‍ത്തിയില്‍ ജോലി നോക്കുന്നതിനിടെ അബദ്ധത്തില്‍ അതിര്‍ത്തി കടന്നപ്പോഴാണ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇദ്ദേഹത്തിന് മിന്നലാക്രമണ സംഘവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നാണ് സൈന്യം അറിയിച്ചത്.

അതേസമയം ഇദ്ദേഹത്തെ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. 200 സൈനികരാണ് പാക് അധിനിവേശ കാശ്മീരിന്റെ അതിര്‍ത്തി രേഖയില്‍ നിന്നും രണ്ടര കിലോമീറ്ററോളം മുന്നേറി ഭീകര പ്രവര്‍ത്തകരുടെ ഏഴ് കേന്ദ്രങ്ങള്‍ തകര്‍ത്തത്. ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനും പ്രധാന നഗരങ്ങളില്‍ ആക്രമണം നടത്താനും ഇവിടെ തയ്യാറെടുത്തു വരികയായിരുന്നു.

മിന്നലാക്രമണം നടന്നിട്ടില്ലെന്നാണ് പാകിസ്ഥാന്‍ ഇപ്പോഴും അവകാശപ്പെടുന്നത്. അതേസമയം അതിര്‍ത്തിയില്‍ വെടിവയ്പ്പുണ്ടായെന്നും അതില്‍ തങ്ങളുടെ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്നും ഏഴ് പേര്‍ക്ക് പരിക്കേറ്റെന്നും അവര്‍ സമ്മതിക്കുന്നുണ്ട്. അതേസമയം മിന്നലാക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഡ്രോണ്‍ വിമാനങ്ങള്‍ വഴി പകര്‍ത്തിയിട്ടുണ്ടെന്നും പാകിസ്ഥാന്റെ വരും ദിവസങ്ങളിലെ നയതന്ത്ര പ്രതികരണത്തിന് അനുസരിച്ച് അവ പുറത്തുവിടുമെന്നും ഇന്ത്യ അറിയിച്ചു.