സിപിഎമ്മിന്റെ കൂറ് ഇന്ത്യയോടോ പാകിസ്ഥാനോടോയെന്ന് വ്യക്തമാക്കണം: സുധീരന്‍

single-img
30 September 2016

sudheeran-vm

തിരുവനന്തപുരം: സിപിഎമ്മിന്റെ കൂറ് ഇന്ത്യയോടാണോ പാകിസ്ഥാനോടാണോയെന്ന് വ്യക്തമാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ആവശ്യപ്പെട്ടു. ഭീകരകേന്ദ്രങ്ങള്‍ക്കെതിരെയുള്ള ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഇന്ത്യയുടെ സൈനിക നടപടിയെ സമ്പൂര്‍ണ്ണമായി പിന്തുണയ്ക്കാത്ത സി.പി.എം. നിലപാട് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അതിര്‍ത്തി കടന്നുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ നേരിടുന്നതിനുമുള്ള സൈനിക നടപടിയെ രാഷ്ട്രീയ വൈരം മറന്ന് എല്ലാവരും പിന്തുണയ്ക്കേണ്ട സന്ദര്‍ഭമാണിതെന്നും സുധീരന്‍ ഓര്‍മ്മിപ്പിച്ചു.

ഈ അവസരത്തില്‍ നയതന്ത്രജ്ഞരുടെ സ്വരത്തിലാണ് സി.പി.എം പോളിറ്റ്ബ്യൂറോയുടെയും സി.പി.എം സംസ്ഥാന സെക്രട്ടറിയുടെയും പ്രതികരണങ്ങള്‍ വന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ വഞ്ചിച്ച ചരിത്രവും 1947ല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെ തള്ളിപ്പറഞ്ഞതുമെല്ലാം കമ്യൂണിസ്റ്റ് പാരമ്പര്യവും ചരിത്ര സത്യങ്ങളുമാണ്. 1962 ല്‍ ചൈനീസ് ആക്രമണ സമയത്ത് നമ്മുടെ അതിര്‍ത്തി സംബന്ധിച്ച് ‘നാം നമ്മുടേതെന്നും ചൈന അവരുടേതെന്നും പറയുന്ന ഭൂപ്രദേശം’ എന്ന വാദം ഉയര്‍ത്തിയത് ആരും മറന്നിട്ടില്ല. രാജ്യസ്നേഹവും ദേശഭക്തിയും പ്രകടിപ്പിക്കാനുള്ള അവസരങ്ങള്‍ പാഴാക്കിയ ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സാര്‍വ്വദേശീയ വിഷയങ്ങളിലും രാജ്യത്തിന്റെ അതിര്‍ത്തി സംബന്ധിച്ച കാര്യങ്ങളിലും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് പ്രതിഫലിപ്പിക്കുന്ന നയമാണ് സി.പി.എം. കൈക്കൊണ്ടു വരുന്നതെന്ന് പറഞ്ഞ സുധീരന്‍ സി.പി.എമ്മിന്റെ കൂറ് ആരോടാണെന്ന് കൃത്യമായും വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു.