ബ്‌ളാക്ക്‌ബെറി മൊബൈല്‍ നിര്‍മ്മാണം നിര്‍ത്തുന്നു

blackberry-phones

ഒരു കാലത്ത് സ്റ്റാറ്റസ് സിംബല്‍ ആയിരുന്നു ബ്‌ളാക്ക്‌ബെറി മൊബൈല്‍; പിന്നീട് ആ സ്ഥാനം ആപ്പിള്‍ കയ്യടക്കി. തുടര്‍ന്ന് പ്രീമിയം ഫോണുകളുമായി സാംസങ്, എല്‍ ജി പോലുള്ള ഫോണുകളൊക്കെ വന്നതോടെ ബ്‌ളാക്ക്‌ബെറി എന്ന ആഡംബരത്തിന് അടിതെറ്റി. പിടിച്ച് നില്‍ക്കാനുള്ള അവസാന അടവെന്ന നിലയില്‍ അഹംഭാവം ഉപേക്ഷിച്ച് ആന്‍ഡ്രോയിഡ് ഫോണ്‍ നിര്‍മ്മിക്കാന്‍ വരെ ബ്‌ളാക്ക്‌ബെറി തയാറായി എന്നാല്‍ അതും ക്ലച്ച് പിടിക്കാതിരുന്നതോടെ മൊബൈല്‍ നിര്‍മ്മാണം ഇക്കാലത്ത് തങ്ങള്‍ക്കു പറ്റിയ പണിയല്ല എന്ന് ബ്‌ളാക്‌ബെറിക്ക് പിടികിട്ടി.

എന്നാല്‍ ബ്‌ളാക്‌ബെറി ബ്രാന്‍ഡില്‍ കമ്പനി മൊബൈല്‍ നിര്‍മ്മാണം നിര്‍ത്തുന്നുവെങ്കിലും ഇവരുടെ പങ്കാളികളായ കമ്പനികള്‍ ഈ ബ്രാന്‍ഡില്‍ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ എത്തിക്കാന്‍ സാധ്യതയുണ്ടെന്നാണ് കമ്പനിയുടെ ചെയര്‍മാനും സി ഇ ഒയുമായ ജോണ്‍ ഷീന്‍ പറയുന്നത്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്‌ളാക്ക്‌ബെറി ഇനി സോഫ്ട്‌വെയര്‍ വിപണിയില്‍ മാത്രം ശ്രദ്ധയൂന്നാനുള്ള തയാറെടുപ്പിലാണ്.

1999ല്‍ റിം 950 എന്ന ഫോണിലൂടെ ഇമെയിലുകള്‍ കൈകാര്യം ചെയ്യാനുള്ള സൗകര്യം ഉള്‍പ്പെടുത്തിയത് ബിസിനസ്സ് രംഗത്തെ ഒഴിച്ച് കൂടാന്‍ പറ്റാത്ത ഒരു ഗാഡ്ജറ്റ് എന്ന പദവിയിലേക്കെത്താന്‍ ബ്‌ളാക്ക്‌ബെറിയെ സഹായിച്ചു. 2007ല്‍ ഐഫോണ്‍ എത്തിയതോടെ ബ്ലാക്ക്ബെറിയുടെ അത് വരെയുള്ള കളികള്‍ വെറും കുട്ടിക്കളിയായിരുന്നു എന്ന് പുതിയ സാങ്കേതിക വിദ്യകള്‍ തങ്ങളുടെ ഫോണില്‍ എത്തിച്ച് കൊണ്ട് ആപ്പിള്‍ വ്യക്തമാക്കി.

എന്തായാലും ബ്‌ളാക്ക്‌ബെറി ഫോണുകള്‍ ഇനി പുറത്ത് വന്നാലും ഇല്ലെങ്കിലും മോബൈല്‍ ടെക്നോളജി മേഖലയില്‍ ഒരു വഴിത്തിരിവാകുന്ന തീരുമാനമാണ് ഇവരുടേത്. ഉയര്‍ന്ന വിലയില്‍ കാലങ്ങളായി ഫോണുകള്‍ പുറത്തിറക്കുന്ന കമ്പനികളുടെ വിപണിയിലെ കുത്തക അവസാനിപ്പിക്കാനും ബ്രാന്‍ഡിനേക്കാള്‍ ഫോണിലെ സൗകര്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ള തിരഞ്ഞെടുപ്പിന് ഉപഭോക്താവിനെ പ്രേരിപ്പിക്കാനും ചൈനയില്‍ നിന്നുള്ള കമ്പനികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ബ്‌ളാക്ക്‌ബെറിയുടെ ചുവടുപിടിച്ച് മറ്റേതെങ്കിലും കമ്പനികള്‍ ഇത്തരം കടുത്ത തീരുമാനങ്ങള്‍ എടുക്കുമോ എന്ന് കാത്തിരുന്നു കാണാം.