ഹര്‍ത്താലിനു എതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്; രമേശ് ചെന്നിത്തല, ഡി.ജി.പി, ചീഫ് സെക്രട്ടറി എന്നിവര്‍ കേസിലെ എതിര്‍ കക്ഷികള്‍

single-img
29 September 2016

harthal

തിരുവനന്തപുരം: മുന്നറിയിപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു രോഗികളെയും ജനങ്ങളെയും ബുധിമുട്ടിച്ചതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസ് എടുത്തു.

ഹര്‍ത്താല്‍ കാരണം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെയും അവ നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സ്വീകരിച്ച നടപടികളെയും കുറിച്ച് ചീഫ് സെക്രട്ടറിയും സംസ്ഥാന പോലിസ് മേധാവിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്ന് കമ്മിഷന്‍ ആക്ടിംഗ് ചെയര്‍പേഴ്‌സണ്‍ പി.മോഹന്‍ദാസ് നോട്ടീസില്‍ ആവശ്യപെട്ടു.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച അന്നത്തെ അഭ്യന്തര മന്ത്രിയാണ് ചൊവാഴ്ച ഹര്‍ത്താലിനു ആഹ്വാനം ചെയ്തതെന്ന് പൊതുപ്രവര്‍ത്തകനായ പി.കെ രാജു നല്‍കിയ പരാതിയില്‍ പറയുന്നു.

മാധ്യമങ്ങള്‍ മുഖേന മൂന്ന് ദിവസം മുന്‍പ് പൊതു അറിയിപ്പ് നല്‍കാതെ ഹര്‍ത്താല്‍ സംഘടിപ്പിക്കാന്‍ പാടില്ലെന്നാണ് രമേശ് ചെന്നിത്തല നിയമസഭയില്‍ അവതരിപ്പിച്ച കരടു ബില്ലില്‍ പറയുന്നത്. ബില്‍ അനുസരിച്ച് അനുവദനീയമായ രീതിയില്‍ അല്ലാതെ ഒരു സംഘടനയ്ക്കും ഹര്‍ത്താല്‍ നടത്താന്‍ അനുവാദമില്ല. പൊതു സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ല. കച്ചവട സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുത്തരുത്.

നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ 6 മാസം വരെയുള്ള തടവോ 10,000 രൂപ വരെ പിഴയോ രണ്ടും കൂടിയോ ചുമത്തി ശിക്ഷിക്കപെടുന്നതാണ്. ഹര്‍ത്താല്‍ വഴി പീഡനം അനുഭവിക്കുന്ന ഒരാളെ സഹായിക്കാന്‍ പോലീസ് തയ്യാറാകാതിരുന്നാല്‍ ഉദ്യോഗസ്ഥന് 10,000 രൂപ വരെ പിഴ ചുമത്താമെന്നും ബില്ലില്‍ പറയുന്നു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡി.ജി.പി. ചീഫ് സെക്രട്ടറി എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍. കേസ് ഒക്ടോബറില്‍ തിരുവനന്തപുരത്ത് പരിഗണിക്കും.