ഷോര്‍ട്ട് യു.ആര്‍.എല്‍ വഴി നിങ്ങള്‍ക്ക് പണികിട്ടിയേക്കാം

url

ഇന്റര്‍നെറ്റ് വിലാസങ്ങള്‍ ചുരുക്കുന്നതിനായി സാധാരണ ഉപയോഗിച്ചു വരുന്ന ആര്‍.എല്‍ ഷോര്‍ട്‌നര്‍ എന്ന സേവനം ശ്രദ്ധിച്ചില്ലേല്‍ നമുക്ക് പണി തരും. ഈ സേവനം സൈറ്റുകളുടെ നീളമേറിയ വിലാസത്തെ അഥവാ യു.ആര്‍.എലിനെ താരതമ്യേന ചെറിയൊരു പേരാക്കി മാറ്റുയാണ് ചെയ്യുന്നത്. മുഹമ്മദ് കുട്ടി എന്ന് പേരുള്ള നമ്മുടെ സൂപ്പര്‍സ്റ്റാറിനെ ‘മമ്മൂട്ടി’ എന്ന ചെല്ലപ്പേര് ഉപയോഗിച്ച് വിളിക്കും പോലെയാണ് ഷോര്‍ട്ട് യു.ആര്‍.എല്‍ പ്രവര്‍ത്തിക്കുന്നത്.

പോമിംഗ് ഒഴിവാക്കാന്‍ ഇന്ന് നിലവിലുള്ള പല പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകളും തങ്ങളുടെ വാര്‍ത്തകളുടെയും മറ്റു ഉള്ളടക്കങ്ങളുടെയും ലിങ്കുകള്‍ വിവിധ വിവിധ സോഷ്യല്‍ മീഡിയകളിലേക്ക് ഷെയര്‍ ചെയ്യാന്‍ ഷോര്‍ട്ട് യു.ആര്‍.എല്‍ സേവനം ഉപയോഗിച്ചു വരുന്നുണ്ട്. Tinyurl ലോകമെമ്പാടും വ്യാപകമായി ഉപയോഗിച്ചു വരുന്ന ഒരു വിലാസം ചുരുക്കല്‍ മാര്‍ഗ്ഗമാണ്. goo.gl, bit.ly എന്നിവ മറ്റു ചില പ്രമുഖ യു.ആര്‍.എല്‍ ചുരുക്കല്‍ സേവനദാതാക്കളാണ്. ഇതില്‍ ഗൂഗിള്‍ നല്‍കുന്ന യു.ആര്‍.എല്‍ ഷോര്‍ട്ട്‌നിംഗ് സേവനമാണ് goo.gl. ചെറുതാക്കിയ യു.ആര്‍.എല്‍ ഒരു വെബ് പേജിലേക്ക് തന്നെ നമ്മെ എത്തിക്കുമെങ്കിലും ഇത് നോക്കി എളുപ്പത്തില്‍ ഉള്ളടക്കം അറിയാന്‍ കഴിയില്ല എന്നത് പോരായ്മയാണ്.

ഉപകാരി എന്നതുപോലെ തന്നെ ഇത് ഉപദ്രവകാരികളാണെന്നാണ് പുതിയ ചില ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്. ചെറുതാക്കിയ യു.ആര്‍.എല്‍ വഴി ഹാക്കിംഗ് വിദഗ്ധര്‍ക്ക് നിങ്ങളുടെ വിലയേറിയ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. മൈക്രോസോഫ്റ്റിന്റെ വണ്‍ ഡ്രൈവ് ക്ലൗഡ് സ്റ്റോറേജിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ ഷോര്‍ട്ട് യു.ആര്‍.എല്‍ വഴി എത്തിക്കല്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

ഷോര്‍ട്ട് യു.ആര്‍.എല്‍ വഴി ഷെയര്‍ ചെയ്ത ഗൂഗിള്‍ ഡ്രൈവ്, വണ്‍ ഡ്രൈവ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ ഇത്തരത്തിലെ ഹാക്കിംഗിലൂടെ ചോര്‍ത്തിയെടുക്കാനും അവ നശിപ്പിക്കാനും സാധിച്ചതായി ഈ പഠനങ്ങള്‍ പറയുന്നു. ക്ലൗഡ് സ്റ്റോറേജ് ഉള്ളടക്കങ്ങള്‍ ഷോര്‍ട്ട് യു.ആര്‍.എല്‍ സേവനം ഉപയോഗിച്ച് ഷെയര്‍ ചെയ്യാതിരിക്കുക എന്നതാണ് നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള മാര്‍ഗ്ഗം.