രഞ്ജി ട്രോഫി കേരള ടീമിനെ രോഹന്‍ പ്രേം നയിക്കും

single-img
28 September 2016

rohan-prem

ആലപ്പുഴ: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള 15 അംഗ കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ പ്രേമാണ് ക്യാപ്റ്റന്‍. സച്ചിന്‍ ബേബിയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ഇത്തവണ ടീമില്‍ മൂന്ന് അതിഥി താരങ്ങളും കേരളത്തിന് വേണ്ടി ജേഴ്സിയണിയും.

അതിഥി താരങ്ങളായ ഭവിന്‍ തക്കര്‍, ജലജ് സക്സേന, ഇഖ്ബാല്‍ അബ്ദുല്ല എന്നിവര്‍ക്ക് പുറമേ നിഖിലേഷ് സുരേന്ദ്രന്‍, സന്ദീപ് എസ്. വാര്യര്‍, വി. ജഗദീഷ്, ബേസില്‍ തമ്പി, മനു കൃഷ്ണന്‍, റോബര്‍ട്ട് ഫര്‍ണാണ്ടസ്, സഞ്ജു വി. സാംസണ്‍, എം. ഡി നിധീഷ്, മോനിഷ് കെ, വിനോദ് കുമാര്‍ എന്നിവരടങ്ങുന്നതാണ് 15 അംഗ കേരള ടീം. പി. ബാലചന്ദ്രന്‍ ടീം കോച്ചും ടിനുയോഹന്നാന്‍ അസിസ്റ്റന്റ് കോച്ചുമാണ്.

കഴിഞ്ഞ 21 മുതല്‍ ടീം ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി വരികയാണ്. ഹൈദരാബാദ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ത്രിപുര, സര്‍വീസസ്, ഗോവ, ജമ്മു കാശ്മീര്‍, ആന്ധ്ര, ചത്തീസ്ഗഢ് എന്നീ ടീമുകള്‍ അടങ്ങിയ ഗ്രൂപ്പ് സിയിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്. ഒക്ടോബര്‍ ആറിന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഗ്രൗണ്ടില്‍ ജമ്മു-കാശ്മീരിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.