വരൂ കോഴിക്കോട്ടേക്ക് പോകാം..

single-img
27 September 2016
കോഴിക്കോട് ബീച്ച്‌

കോഴിക്കോട് ബീച്ച്‌

ഒരു ദേശത്തിന്റെ കഥ ഇവിടെ തുടങ്ങുകയാണ്.. കിഴക്കിന്റെ സുഗന്ധദ്രവ്യങ്ങള്‍ തേടി വാസ്ഗോഡഗാമ കപ്പലിറങ്ങിയ ഈ കടല്‍ത്തീരത്തിന്റെ ഓര്‍മച്ചെപ്പിലേക്ക്..

അവസാനത്തെ ചേരമാന്‍ പെരുമാളായ രാമപുരം ശേഖരന്‍ ഏറനാട്ടിലെ മാനവിക്രമനു സമ്മാനിച്ച പ്രദേശമാണ് കോഴിക്കോട്. കലയും രാഷ്ട്രീയവും കായികവും അങ്ങനെയെല്ലാം സംഗമിക്കുന്ന സൗന്ദര്യം. നക്ഷത്രങ്ങള്‍ ഭൂമിയിലേക്കിറങ്ങിവന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന മിഠായിതെരുവിന്റെ രാത്രികള്‍. റഹ്മത്തിലെ ബിരിയാണിയും ചിത്രേച്ചിയുടെ പുട്ടും. കല്ലായ്പുഴയോരത്തെ കുഞ്ഞുകിളികളും. സരോവരവും. കടലും പുഴയും വാരിപ്പുണരുന്ന കടലുണ്ടിയും. പറയാനിനിയുമൊരുപാടുണ്ട്. പാറക്കെട്ടുകളോട് കഥ പറയുന്ന കാപ്പാട് കടല്‍ത്തീരത്തെ കാറ്റിന്റെ കിന്നാരം ഞാനിവിടിരുന്നും കേള്‍ക്കും. എത്ര കണ്ടാലും മതിവരില്ല കോഴിക്കോടന്‍ കാഴ്ചകള്‍. മാനാഞ്ചിറ മൈതാനവും മുതലക്കുളവും എല്ലാം അത്രമേല്‍ മനോഹരമാണ്.

ശരിക്കും ആ സാമൂതിരിയുടെ മണ്ണ് എന്റെ ഹൃദയത്തിലൊരു കൂടുകൂട്ടി. ഒരോര്‍മക്കൂട്. കോഴിക്കോട്ടേക്കുള്ള ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ് സമ്മാനിച്ചത്. കലയെയും കലാകാരന്മാരെയും നെഞ്ചേറ്റിയ നാട്. എത്ര പറഞ്ഞാലും പിന്നെയുമെന്തെക്കയോ ബാക്കി നില്‍ക്കും. വെറുമൊരു നഗരമല്ല കോഴിക്കോട്. മാനാഞ്ചിറയിലെ പുല്‍മൈതാനങ്ങളില്‍ കഥ പറഞ്ഞിരുന്ന വൈകുന്നേരങ്ങള്‍. ഐസുരതിയത് കഴിച്ച് കടല്‍ത്തീരത്തൂടെ നടന്ന സന്ധ്യകള്‍.

ഓര്‍മകളിലേക്ക് ഒന്നു തിരിച്ചു പോവുകയാണ്. മാറാടും ബേപ്പൂരും തന്ന ഓര്‍മകള്‍ മറ്റൊന്നിനും പകരമാവില്ല. അവിടെയൊരു മഞ്ചാടിമരമുണ്ട്. മനസ്സിന്റെ മയില്‍പ്പീലിക്കൂട്ടില്‍ ആ മഞ്ചാടിമണികള്‍ എന്നോടെന്തൊക്കെയോ പറയുന്നുണ്ട്.

കോഴിക്കോട്ടെ പുലിമുട്ട്‌

കോഴിക്കോട്ടെ പുലിമുട്ട്‌

ഒരു ചെറിയ കടലോര ഗ്രാമമാണ് ബേപ്പൂര്‍. പണ്ട് വയ്പ്പുര, വടപറപ്പനാട് എന്നിങ്ങനെ ബേപ്പൂര്‍ അറിയപ്പെട്ടിരുന്നു. മലബാര്‍ ആക്രമിച്ച് കീഴടക്കിയ ടിപ്പുസുല്‍ത്താന്‍ ബേപ്പൂരിന്റെ പേര് ”സുല്‍ത്താന്‍ പട്ടണം” എന്നു മാറ്റി. ഒരു ചെറിയ തുറമുഖവും സുന്ദരമായ ഒരു കടല്‍ത്തീരവും ഇവിടെയുണ്ട്. കേരളത്തിലെ പുരാതനമായ തുറമുഖങ്ങളില്‍ ഒന്നാണ് ബേപ്പൂര്‍ തുറമുഖം. മദ്ധ്യപൂര്‍വ്വ ദേശങ്ങളുമായി ബേപ്പൂര്‍ തുറമുഖത്തില്‍ നിന്ന് ചരക്കു ഗതാഗതം ഉണ്ടായിരുന്നു. ഉരുക്കള്‍ ഉണ്ടാക്കുന്നതിനും പ്രശസ്തമായിരുന്നു ബേപ്പൂര്‍. അറബി വ്യാപാരത്തിനും മത്സ്യബന്ധനത്തിനുമായി ഈ കപ്പലുകള്‍ വാങ്ങിയിരുന്നു. കേരളത്തിലെ നാലാമത്തെ നീളം കൂടിയ നദിയായ ചാലിയാര്‍ ബേപ്പൂരിലൂടെ ഒഴുകുന്നു. എന്റെ ബേപ്പൂര്‍ യാത്രയ്ക്ക് ഒരു ജൂലൈമഴയുടെ തെന്നലുണ്ട്. കടലിന്റെ ഒന്നരക്കിലോമീറ്ററോളം ഉള്ളിലേക്കുള്ള പുലിമുട്ടിന്റെ അറ്റത്തേക്ക് വെറുതെ കുറേ നടന്നു. മേഘങ്ങള്‍ കടലിനെ ചുംബിക്കുന്ന കാഴ്ചകള്‍.

ഇനി മിഠായി തെരുവിന്റെ വഴിയോരത്തെ ഓര്‍മകളിലേക്ക്.. പേരുപോലെത്തന്നെ ഈ തെരുവിന്റെ ഇരുവശത്തും മധുരമുള്ള മിഠായികളും ഹല്‍വകളുമാണ്. വിവിധ വര്‍ണങ്ങള്‍, തുണിക്കടകള്‍, തിരക്കോടുതിരക്ക്. മിഠായിതെരുവിന്റെ സന്ധ്യകളില്‍ കടലകൊറിച്ച് നടക്കാം. പാരഗണിലെ ബിരിയാണി കഴിക്കാം, മില്‍ക്ക്സര്‍ബത്ത് കഴിക്കാം. ആ ഓര്‍മകളൊന്നും ഇന്നലെകളാവാത്തത് പോലെ.

കോഴിക്കോട് ടൗണ്‍ഹാളില്‍ എന്നും പരിപാടികളായിരിക്കും. നാടകം, സംഗീതം, നൃത്തം, അങ്ങനെയങ്ങനെ. ആര്‍ട്ട് ഗാലറിയില്‍ നിത്യവും ചിത്രപ്രദര്‍ശനങ്ങള്‍, നഗരത്തിന്റെയോരോയിടങ്ങളിലും പൊതുപരിപാടികള്‍. ഒരു വേദിയും ശൂന്യമായിരിക്കില്ല. അതെ ശരിക്കും കോഴിക്കോട് ഇതരകലകളുടെ സംഗമസ്ഥാനമാണ്. കായികവും ഗസലും സിനിമയും എല്ലാം ഈ നഗരത്തിന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്നു.

ഈ യാത്രയില്‍ ഞങ്ങള്‍ പിന്നീട് പോയത് കാപ്പാടിലേക്ക്. പോര്‍ച്ചുഗീസ് കപ്പിത്താനായ വാസ്‌കോഡഗാമയുടെ നേതൃത്വത്തിലുള്ള വാണിജ്യ സംഘം 1498-ല്‍ ഇവിടെയെത്തിയെന്നാണ് കാപ്പാടിനെക്കുറിച്ച് ചരിത്രം പറയുന്നത്. വാസ്‌കോഡഗാമ കപ്പലിറങ്ങി എന്നപേരില്‍ ഈ തീരം പ്രസിദ്ധമായെങ്കിലും ഇവിടെനിന്ന് ഏതാനും നാഴിക വടക്കോട്ടുമാറി പന്തലായനികടപ്പുറത്താണ് ഇറങ്ങിയതെന്നാണ് ചരിത്രകാരന്‍മാര്‍ വിശ്വസിക്കുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന കടല്‍ത്തീരവും പാറക്കെട്ടുകളുംകൊണ്ട് പ്രസിദ്ധമാണിപ്പോള്‍. തദ്ദേശീയര്‍ക്കിടയില്‍ ഈ സ്ഥലം കപ്പക്കടവ് എന്നും അറിയപ്പെടുന്നു.

മുതലക്കുളവും മൈതാനവും പാളയം മാര്‍ക്കറ്റും മാനാഞ്ചിറയും സരോവരം ബയോപ്പാര്‍ക്കും കോഴിക്കോടിന്റെ ഭംഗിയുടെ ആഴം കൂട്ടുന്നു. ഈ യാത്രയെക്കുറിച്ച് എഴുതാന്‍ തുടങ്ങുമ്പോള്‍ കണ്ണു നിറയും. അത്രയും പ്രീയപ്പെട്ടതാണെനിക്കീ നഗരം.

ഇതീ നഗരത്തിന്റെ ചരിത്രം

1122 ഏ.ഡി വരെ കോഴിക്കോട് ചേര സാമ്രാജ്യത്തിന്റെ കീഴിലായിരുന്നു. അക്കാലത്തെ കേരളത്തിലെ ഏറ്റവും വലിയ തുറമുഖമായിരുന്നു കടലുണ്ടി. ഇതിനു മുമ്പുള്ള കാലഘട്ടം കോഴിക്കോടിന്റെ ഇരുണ്ട കാലഘട്ടം എന്നറിയപ്പെടുന്നു. ചേരസാമ്രാജ്യത്തിന്റെ പതനത്തിനു ശേഷം കോലത്തിരികളുടെ കീഴിലായി. അതിനുശേഷം ഏറനാട്ടു രാജാവിന്റെ കീഴില്‍ ഇവിടം ഒരു പട്ടണമായി വളര്‍ന്നു. അവര്‍ ഇവിടെ ഒരു കോട്ട പണിതു. പിന്നീട് ഈ രാജാക്കന്മാര്‍ സാമൂതിരി അന്നറിയപ്പെടാന്‍ തുടങ്ങി. സ്വാമി നമ്പിയാതിരി തിരുമുല്‍പാട് എന്നതിന്റെ ചുരുക്ക രൂപമാണ് സാമൂതിരി.

മികച്ച തുറമുഖം എന്ന നിലയില്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ പേരെടുത്തിരുന്ന ഈ ചെറുപട്ടണത്തിലേക്ക് വിദേശസഞ്ചാരികള്‍ വന്നെത്തുകയുണ്ടായി. പതിനാലാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍തന്നെ ചൈനീസ് സഞ്ചാരികള്‍ കോഴിക്കോട് വന്നെത്തിയതിന് തെളിവുകളുണ്ട്. ഇക്കാലത്ത് കോഴിക്കോട് സാമൂതിരി രാജാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. പിന്നീട് 1498ല്‍ പോര്‍ച്ചുഗീസ് നാവികനായ വാസ്‌കോ ഡ ഗാമ പട്ടണത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള കാപ്പാട് കടല്‍ത്തിരത്ത് കപ്പലിറങ്ങിയതോടെ കോഴിക്കാട് ലോക ചരിത്രത്തില്‍ സ്ഥാനം നേടി.

പിന്നീട് പോര്‍ച്ചുഗീസുകാര്‍ കോഴിക്കോടിന്റെ വടക്കുഭാഗത്തുള്ള കണ്ണൂരും തെക്കുഭാഗത്തുള്ള കൊച്ചിയും കേന്ദ്രീകരിച്ച് വാണിജ്യം നടത്തി. എന്നാല്‍ പറങ്കികളെ കോഴിക്കോട് കൈപ്പിടിയിലൊതുക്കാന്‍ സാമൂതിരി അനുവദിച്ചില്ല. നിരന്തര സമ്മര്‍ദ്ദങ്ങളുടെ ഫലമായി ചില പ്രദേശങ്ങളില്‍ വാണിജ്യം നടത്താന്‍ പോര്‍ച്ചുഗീസുകാരെ അനുവദിക്കേണ്ടി വന്നെങ്കിലും പതിനേഴാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ ഡച്ചുകാരുടെ സഹായത്തോടുകൂടി സാമൂതിരി അവ തിരിച്ചുപിടിച്ചു.

സരോവരം ബയോപാര്‍ക്ക്‌

സരോവരം ബയോപാര്‍ക്ക്‌

1766ല്‍ മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരാലി കോഴിക്കോട് പിടിച്ചടക്കി. പിന്നീട് 1792ലെ മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തെത്തുടര്‍ന്ന് ഹൈദരാലിയുടെ പിന്‍ഗാമിയായിരുന്ന ടിപ്പു സുല്‍ത്താന്‍ കോഴിക്കോട് ബ്രിട്ടിഷുകാര്‍ക്ക് കൈമാറുകയുണ്ടായി. 1956ല്‍ കേരളം രൂപം കൊള്ളുന്നതു വരെ ഇത് മദ്രാസ് പ്രസിഡന്‍സിയുടെ കീഴിലായിരുന്നു.

അതിഥികളെയെല്ലാം കൈനീട്ടി സ്വീകരിക്കുന്ന നാട്. സ്നേഹവും കലയും കൈകോര്‍ക്കുന്ന നാട്. ഒരു മടക്കയാത്ര അതുണ്ടാവും, ഉറപ്പ്. വിരുന്നു വരുന്നവര്‍ക്കും ഇത് ജന്‍മനാടാകും.

നല്ല ബിരിയാണി. കല്ലുമ്മക്കായ് പൊരിച്ചത്, ഹല്‍വ. രുചിയേറിയ വിഭവങ്ങള്‍ കോഴിക്കോടിന്റെ ഏറ്റവും വലിയ പ്രത്യേകതകളാണ്. പഴശ്ശിയുടെ മണ്ണില്‍ നിന്നും പത്മനാഭന്റെ മണ്ണിലെത്തി. ഇനി സാമൂതിരിയുടെ മണ്ണിലേക്ക് ഒരു സ്വപ്നത്തിന്റെ ദൂരം.

”പ്രീയ നഗരമേ, മധുരമുള്ള ഓര്‍മകള്‍ക്കെല്ലാം ഹൃദയം കൊണ്ട് നന്ദി..” എന്ന് കോഴിക്കോട്ടേക്ക് വന്നവരൊക്കെയും പറയും.
കോഴിക്കോടന്‍ കാഴ്ചകള്‍

റീജണല്‍ സയന്‍സ് സെന്റര്‍ & പ്ലാനെറ്റേറിയം
മാനാഞ്ചിറ സ്‌ക്വയര്‍
പഴശ്ശിരാജ മ്യൂസിയം
കോഴിക്കോട് ബീച്ച്
ബേപ്പൂര്‍ തുറമുഖം
കാപ്പാട് ബീച്ച്
മറൈന്‍ അക്വേറിയം
സരോവരം പാര്‍ക്ക്
കോട്ടയ്ക്കല്‍ കുഞ്ഞാലി മരയ്ക്കാര്‍ മെമോറിയല്‍
മലബാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍