സ്വാശ്രയ വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മില്‍ വാക്കേറ്റം

single-img
27 September 2016

kerala-assembly-7591
പ്രതിപക്ഷം നടുത്തളത്തിലിറങ്ങി, സഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷവും തമ്മിലുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന് നിയമസഭയില്‍ ചൂടേറിയ രംഗങ്ങള്‍ അരങ്ങേറി. മുഖ്യമന്ത്രി പിണറായി വിജയന്റെ പരിഹാസത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെക്കുകയും പിന്നീട് സഭ ഇന്നത്തേക്ക് പിരിയുകയുമായിരുന്നു

മഷിക്കുപ്പിയെടുത്ത് ഷര്‍ട്ടില്‍ പുരട്ടി ആക്രമണം നടത്തിയെന്ന് പറയുന്നത് ലജ്ജാകരമാണെന്നാണ് പിണറായി പരിഹസിച്ചത്. തന്നെ കരിങ്കൊടി കാട്ടിയത് യൂത്ത് കോണ്‍ഗ്രസുകാരല്ല ചാനലുകാര്‍ വാടകക്കെടുത്തവരാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഗതാഗതം തടയുകയും വഴിയാത്രക്കാര്‍ക്കും പൊലീസിനും നേരെ കയ്യേറ്റമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പൊലീസ് ലാത്തിചാര്‍ജ് നടത്തിയത്. സമരക്കാരാണ് അക്രമം നടത്തിയത്.

പ്ലക്കാര്‍ഡുകളും ബാനറുകളുമായി സഭയില്‍ വരുന്നത് കാമറയില്‍ കാണാനാണ്. തനിക്ക് പറയാനുള്ളത് ബഹളം വച്ചാലും പറയുമെന്നു മുഖ്യമന്ത്രി പറഞ്ഞു. സ്വാശ്രയകരാറില്‍നിന്ന് പിന്നോട്ടുപോകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ലാത്തിചാര്‍ജ് ചെയ്തതിനെക്കുറിച്ച് ചര്‍ച്ച വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പിണറായിയുടെ സംസാരം തെരുവില്‍ സംസാരിക്കുന്നതുപോലെയാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മറുപടി. മുഖ്യമന്ത്രി പിണറായിയുടെ സര്‍ട്ടിഫിക്കറ്റ് യൂത്ത് കോണ്‍ഗ്രസിന് ആവശ്യമില്ല. മഹാന്‍മാര്‍ ഇരുന്ന കസേരയിലാണ് പിണറായി ഇരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെയുണ്ടായ പൊലീസ് അക്രമം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും അല്ലാത്തപക്ഷം സഭാനടപടികളുമായി സഹകരിക്കില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.