പശുവിന്റെ ജഡം നീക്കിയില്ല; ഗുജറാത്തില്‍ ഗര്‍ഭിണിക്ക് നേരെ ക്രൂരമായ ആക്രമണം

single-img
26 September 2016

Overcrowded Cow Pond at Industrial Area Phase-Iപലന്‍പുര്‍(ഗുജറാത്ത്): പശുവിന്റെ ജഡം നീക്കാത്തതിന് ഗുജറാത്തില്‍ ദളിത് കുടുംബത്തിന് നേരെ ആക്രമണം. ഗര്‍ഭിണി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് നേരെയായിരുന്നു ആക്രമണം.

അഹമ്മദാബാദിന് 180 കിലോമീറ്റര്‍ അകലെ ബനാസ്‌കന്ത ജില്ലയില്‍ മോട്ടകാര്‍ഗ ഗ്രാമത്തിലെ സംഗീത റാണവാസിയ(25)ക്കാണ് വെള്ളിയാഴ്ച മര്‍ദനമേറ്റത്. ഇവരുടെ ഭര്‍ത്താവ് നിലേഷ് റാണവാസിയ അടക്കം അഞ്ചുപേര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ആക്രമണം നടത്തിയ ഇരുപത് പേരില്‍ ആറ് പേര്‍ പോലീസ് പിടിയിലായിട്ടുണ്ട്.

ദര്‍ബന്‍ എന്ന സവര്‍ണ വിഭാഗത്തില്‍പ്പെട്ടവരാണ് ആക്രമണം നടത്തിയത്. പശുക്കളുടെ ജഡം നീക്കി ഫാം വൃത്തിയാക്കിത്തരണമെന്ന് നിലേഷിനോടും സംഗീതയോടും ആവശ്യപ്പെട്ടതാണ് സംഭവത്തിന്റെ തുടക്കം. ഈ ജോലി ചെയ്യില്ലെന്ന് ദമ്പതികള്‍ അറിയിച്ചു. തുടര്‍ന്ന് രാത്രി സവര്‍ണര്‍ സംഘമായെത്തി വീട്ടില്‍ അതിക്രമിച്ചുകയറി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. അഞ്ചുമാസം ഗര്‍ഭിണിയായ സംഗീതയുടെ വയറിന് ഗുരുതരമായി പരിക്കേറ്റു. രക്തസ്രാവത്തെ തുടര്‍ന്ന് സംഗീതയെ പലന്‍പുരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാം വൃത്തിയാക്കിയില്ലെങ്കില്‍ സംഗീതയെ കൊല്ലുമെന്നും ഭീഷണി മുഴക്കി.

പശുവിന്റെ ജഡം നീക്കാത്തതിനെ തുടര്‍ന്ന് ഉനയില്‍ ദളിതുകള്‍ക്ക് നേരെ ആക്രമണമുണ്ടായതിന്റെ പ്രതിഷേധങ്ങള്‍ നിലനില്‍ക്കെയാണ് കര്‍ജയില്‍ ഗര്‍ഭിണിക്ക് നേരെ ആക്രമണം കൂടുന്നത് ഗുജറാത്ത് പോലീസിനും തലവേദനയായിട്ടുണ്ട്.