മന്ത്രി കടകംപള്ളിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് സ്പീക്കര്‍ക്ക്‌ അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ കത്ത്

single-img
26 September 2016

surendran

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ കേസുകളില്‍ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനു തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കത്ത് അയച്ചു. കോടതിയില്‍ ഹാജരാകാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഇത്.

അസാധാരണമായ നടപടിയായതിനാല്‍ സ്പീക്കറുടെ ഓഫിസില്‍ നിന്നു നിയമവിദഗ്ധരുടെ ഉപദേശം തേടി. രണ്ടാഴ്ച മുന്‍പാണു കോടതിയില്‍ നിന്നു കത്തു ലഭിച്ചത്. ഇത് സ്പീക്കറുടെ ഓഫീസിനെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

ക്രിമിനല്‍ കേസില്‍ ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്താല്‍ അക്കാര്യം കോടതി രേഖാമൂലം സ്പീക്കറെ അറിയിക്കണമെന്നാണു നിയമസഭാചട്ടം 161 അനുശാസിക്കുന്നത്. സമ്മേളനം നടക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും ഇതു ബാധകമാണ്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ സമരപരിപാടികളില്‍ പങ്കെടുത്ത കടകംപള്ളിക്കെതിരെ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

അദ്ദേഹത്തോടു ഹാജരാകാന്‍ പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി മന്ത്രിയായ ശേഷവും നോട്ടീസ് അയച്ചിട്ടുണ്ട്. എന്നാല്‍ മന്ത്രി കോടതിയില്‍ ഹാജരായില്ല. ഇതു കണക്കിലെടുത്താണ് അറസ്റ്റ് ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ടു കോടതി സ്പീക്കര്‍ക്കു കത്ത് അയച്ചത്.