Travel

കൈതോലകള്‍ കളി പറയും കാളിന്ദീ തീരം..ഹൃദയം തൊട്ടറിഞ്ഞ പുഴയാത്ര

unnamed

കാടിന്റെ സംഗീതമറിഞ്ഞ്…….കാട്ടുവഴികളിലൂടെ….യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് ….കാട്ടരുവികള്‍ കണ്ട് നടക്കാം…..

പുഴകള്‍ എന്നും എനിക്കിഷ്ടമാണ്…അത് കൊണ്ട് തന്നെ ഓരോ പുഴയാത്രയും പുതിയ അനുഭവങ്ങളാണ് സമ്മാനിക്കുന്നത്..

പുല്‍നാമ്പുകളും…കൊന്നപ്പൂക്കളും…അരിപ്പൂക്കളും… കബനിയുടെ താളങ്ങള്‍ക്ക് കാതോര്‍ത്തു…ചീകിയൊതുക്കിയ മുടിനാരിഴകളിലൂടെ പരല്‍ മീനുകള്‍ ഓടി കളിച്ചു, മാനും മയിലും അവളുടെ കാതില്‍ പ്രേമ കഥകള്‍ ചൊല്ലി.കൈതോലകളും കിന്ന്ാരം പറഞ്ഞു.മുളങ്കാടുകള്‍ ചൂളമടിച്ചു താരാട്ടു പാടി…
വര്‍ഷത്തെ വരനാക്കിയ സുന്ദരിയാണു കാളിന്ദി..കര്‍ക്കിടകത്തിലെ അതിസുന്ദരി. അവളുടെ മനസ്സും ശരീരവും കണ്ണാടി പോലെയാണ്.

കാളിന്ദീതിരത്ത് കാടിന്റെയോരത്ത് മഴ പെയ്യുന്നുണ്ട്..തൊടിയിലെ തളിരിലയില്‍ മഴത്തുള്ളി ചിത്രശലഭങ്ങളെ ചുംബിക്കുന്നുണ്ട്..തിരുനെല്ലി കാടുകളിലൂടെ ഒഴുകുന്ന കവിതയാണു കാളിന്ദി.പറയാതെ പലതും പറഞ്ഞ്…കാട്ടു കുരങ്ങന്‍മ്മാരോട് കൊഞ്ഞണം കാണിച്ച് ദൂരേക്ക് ഒഴുകുന്ന പുഴ.നക്‌സല്‍ വര്‍ഗീസിന്റെ ഓര്‍മകളുറങ്ങുന്ന തിരുനെല്ലി കാട്ടിലെ ആദിവാസികളുടെ മണ്ണും മനസ്സും ഉറക്കെ പറയും..ഇത് ഏങ്കടെ പുയ….
കാളിന്ദിയായ് ഒഴുകി..കബനിയോട് ചേര്‍ന്ന്..പിന്നെയെവിടെയോ വെച്ച് കാവേരിയായ് മാറുന്ന പുഴ..കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളില്‍ ഒന്നാണ് കബനി.കരിന്തണ്ടന്റെ ഓര്‍മകളുറങ്ങുന്ന വയനാടന്‍ കാടുകളിലെ സൗന്ദര്യം കബനീനദിയില്‍ വരച്ചിട്ടിരിക്കുകയാണു…
കാളിന്ദി…സുന്ദരിയാണു..
കാളിന്ദീ തീരത്തെത്താന്‍ മാനന്തവാടിയില്‍ നിന്ന് 28 കിലോ മീറ്റര്‍ ദൂരമുണ്ട്. തിരുനെല്ലിയിലേക്ക്…പോകുന്ന വഴികളിളില്‍ വന്യമൃഗങ്ങളുണ്ടാവും..തിരുനെല്ലിയിലേക്കും പാപനാശിനിയിലെക്കും ഉള്ള യാത്ര വളരെ മനോഹരമാണ്.മണ്ണിന്റെ മക്കളായ ആദിവാസികളുടെ ജീവിതമാണ് ഈ പുഴ.കാളിന്ദീ പുഴ കഴിഞ്ഞ് ഞങ്ങള്‍ നടന്നത് പക്ഷിപാതാളത്തിലേക്കാണ്.കൊടും വനത്തിലൂടെ മരം കോച്ചുന്ന തണുപ്പത്ത്.ബ്രഹ്മഗിഗിരി മലനിരകളുടെ സൗന്ദര്യം വാക്കുകളാല്‍ വര്‍ണിക്കാനാവില്ല.
പശ്ചിമ ഘട്ട മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്ന കാളിന്ദി..വയനാട്ടില്‍ മാനന്തവാടി പുഴയുടെയും പനമരം പുഴയുടേയും സംഗമത്തില്‍ വെച്ച് കബിനിയെന്ന് പേരെടുക്കുന്നു.അവിടെ നിന്നും കിഴക്ക് ദിശയില്‍ ഒഴുകി കര്‍ണാടകത്തില്‍ തിരുമകുടല്‍ നര്‍സിപൂരില്‍ കാവേരിയുമായി ചേരുന്നു. ്. മൈസൂര്‍ ജില്ലയില്‍ ഹെഗ്ഗദേവനകൊട്ടക്കടുത്ത് ബീദരഹള്ളിക്കും ബീച്ചനഹള്ളിക്കും ഇടയില്‍ പണിഞ്ഞിരുക്കുന്ന കബിനി അണകെട്ട് ജലസേചനത്തിനും വൈദ്യുതി ഉത്പാദിക്കാനും ഉപയോഗിക്കുന്നു. കൂടാതെ ബന്ദിപൂര്‍ ദേശീയ ഉദ്യാനവും നാഗര്‍ഹോളെ ദേശീയ ഉദ്യാനവും (രാജിവ് ഗാന്ധി ദേശീയ ഉദ്യാനം) കബിനി ജലസംഭരണിയോട് ചേര്‍ന്ന് കിടക്കുന്നു. അതിനാല്‍ വേനല്‍ കാലങ്ങളിലും ബീച്ചിനഹള്ളിയിലേക്ക് ധാരാളം വിനോദ സാഞ്ചാരികള്‍ എത്തുന്നു.

ഈ യാത്ര തിരിച്ചിറങ്ങുമ്പോള്‍ ബാക്കിയായത് സ്വപ്‌നങ്ങളാണ്.കാറ്റും കളി പറയുന്ന ഈ കടവിലേക്ക്….തിരികെ വരണം ഒരിക്കല്‍ കൂടി….കണ്ണടച്ചാല്‍ നീയെന്റെ അരികത്ത് ഒഴുകുന്നത് പോലെ..എനിക്ക് കേള്‍ക്കാം,നിന്റെ കളകളാരവം…ഒരു പുലര്‍കാല സ്വപ്‌നത്തില്‍ ഞാന്‍ വരും…ഏറുമാടങ്ങളിലിരുന്ന് നിന്നെ കാണാന്‍….നിന്റെ തീരത്തിരുന്ന് നിന്നോട് കഥകള്‍ പറയാന്‍…..

കാളിന്ദിയിലേക്കുള്ള യാത്രയില്‍ കാണാന്‍ പറ്റുന്ന സ്ഥലങ്ങള്‍

കുറുവദ്വീപ്
മാനന്തവാടി പഴശ്ശി കുടീരം
ബീച്ചനഹള്ളി അണക്കെട്ട്‌