കറുകുറ്റി തീവണ്ടി അപകടത്തിനു കാരണം റെയില്‍വേ ഉദ്യോഗസ്ഥരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്;പാളത്തിലെ വിള്ളൽ വെൽഡ് ചെയ്യുന്നതിനു പകരം സ്‌ക്രൂ ഉപയോഗിച്ച് മുറക്കിയ നിലയിൽ

single-img
29 August 2016

karukutti

തിരുവനന്തപുരം-മംഗളൂരു എക്‌സ്പ്രസ് കറുകുറ്റിയില്‍ പാളം തെറ്റിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്. പാളം നേരത്തെ തകരാറിലായിരുന്നു. ഇതു പരിഹരിക്കുന്നതില്‍ വീഴ്ചയുണ്ടായി. കൃത്യമായ അറ്റകുറ്റപ്പണി നടത്തിയില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. സംഭവത്തില്‍ ഒരു റെയില്‍വേ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു.
പാളത്തില്‍ വിള്ളല്‍ ഉണ്ടായിരുന്നു. ഇതു വെല്‍ഡ് ചെയ്ത് ഉറപ്പിക്കുന്നതിനുപകരം സ്‌ക്രൂ ഉപയോഗിച്ചു മുറക്കിയ നിലയിലായിരുന്നുവെന്നു പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. ഈ ഭാഗത്തെ സ്ലാബുകള്‍ പലതും കാലപ്പഴക്കം ചെന്നവയാണ്. ഇതു മാറ്റേണ്ട സാഹചര്യം അതിക്രമിച്ചിരിക്കുകയാണെന്നും കണ്ടെത്തി.

ഇന്നലെ പുലര്‍ച്ചെ 2.16നു കറുകുറ്റി സ്റ്റേഷനിലാണ് തിരുവനന്തപുരം മംഗളൂരു എക്‌സ്പ്രസ് പാളം തെറ്റിയത്. 23 കോച്ചുകളുള്ള ട്രെയിനിന്റെ 12 കോച്ചുകള്‍ പാളം തെറ്റി. ആയിരത്തി അഞ്ഞൂറോളം യാത്രക്കാരാണു ട്രെയിനിലുണ്ടായിരുന്നത്. ആളപായമില്ല. ഒരു യാത്രക്കാരിക്കു പരുക്കേറ്റിരുന്നു.

അതേസമയം താറുമാറായ ട്രെയിന്‍ ഗതാഗതം ഭാഗീകമായി പുനസ്ഥാപിച്ചു. തിരുവനന്തപുരത്തേയ്ക്ക് ഒന്നാം ട്രാക്കിലൂടെയുള്ള ഗതാഗതം ഇന്നു പുലര്‍ച്ചയോടെ ആരംഭിച്ചു. തിരുവനന്തപുരത്തു നിന്നുള്ള ഏറനാട്, പരശുറാം, ജനശതാബ്ദി എക്‌സ്പ്രസുകള്‍ കൃത്യ സമയത്ത് പുറപ്പെടും. കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എറണാകുളത്തു നിന്നു ആരംഭിക്കും. ട്രാക്ക് സഞ്ചാര യോഗ്യമാക്കിയെങ്കിലും ഗതാഗതം പഴയ നിലയിലെത്താന്‍ കൂടുതല്‍ സമയമെടുക്കും.