മലയാളികളുടെ തിരോധാനം: എന്‍.ഐ.എ അന്വേഷണം തുടങ്ങി;നിമിഷ ഫാത്തിമ കുഞ്ഞിന് ജന്മം നല്‍കിയതായുള്ള വാട്‌സ് ആപ്പ് സന്ദേശം എന്‍.ഐ.എക്ക് ബന്ധുക്കൾ കൈമാറി

single-img
25 August 2016

isis-kerala

കാസര്‍കോട്, പാലക്കാട് ജില്ലകളില്‍നിന്നായി ദുരൂഹ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ച് എന്‍.ഐ.എ അന്വേഷണം തുടങ്ങി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയതിന് തൊട്ട് പിന്നാലെയാണ് എന്‍.ഐ.എയുടെ കൊച്ചി പൊലീസ് സ്റ്റേഷനില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്.

കാസര്‍ഗോഡുനിന്ന് 14 പേരും പാലക്കാട് നിന്ന് അഞ്ചു പേരുമാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവർക്കെതിരെ നേരത്തെ യുഎപിഎ ചുമത്തിയിരുന്നു. കേരളത്തില്‍നിന്നും കാണാതായ ഐഎസ് ബന്ധം സംശയിക്കുന്ന മലയാളികളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി കഴിഞ്ഞദിവസം എറ്റെടുത്തിരുന്നു.

തിരോധാനവുമായി ബന്ധപ്പെട്ട് 17 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രാജ്യാന്തര ബന്ധമുള്ള കേസുകളായതിനാല്‍ സംസ്ഥാന പോലീസിന് അന്വേഷിക്കുന്നതിന് പരിമിതിയുണ്ട്. ഇതിനാലാണ് അന്വേഷണം എന്‍ഐഎയ്ക്കു കൈമാറിയത്.

അതേസമയം ദുരൂഹസാഹചര്യത്തില്‍ പാലക്കാട് നിന്നും കാണാതായ നിമിഷ ഫാത്തിമയ്ക്ക് പെണ്‍കുഞ്ഞ് പിറന്നതായി സന്ദേശമെത്തി. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഭര്‍ത്താവിന്റെ വീട്ടില്‍ ലഭിച്ച സന്ദേശത്തിലാണ് ഇക്കാര്യം വീട്ടുകാര്‍ അറിയുന്നത്.നിമിഷ ഫാത്തിമ അഫ്ഗാനിസ്ഥാനില്‍ ഉള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം നിമിഷയുടെ ഭര്‍ത്താവ് ബെക്‌സന്‍ വിന്‍സെന്റ് എന്ന ഈസയുടെ വീട്ടിലേക്കാണ് ഫോണ്‍ സന്ദേശം എത്തിയത്. അമ്മയുടെ ഫോണിലേക്ക് അനുജന്‍ യഹിയയുടെ പേരിലാണ് സന്ദേശം ലഭിച്ചത്. നമ്പറിനു മുന്നില്‍ +93 എന്ന കോഡ് ഉണ്ട്. ഇതാണ് സംഘം അഫ്ഗാനിസ്ഥാനില്‍ ഉണ്ടെന്ന തെളിവിന് അടിസ്ഥാനം. മകള്‍ പ്രസവിച്ച വിവരം പാലക്കാട് നിന്നും നിമിഷയുടെ അമ്മ ബിന്ദുവും അറിഞ്ഞു.സംസ്ഥാനത്തു നിന്നും കാണാതായ സംഭവം അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് ബന്ധുക്കള്‍ സന്ദേശം കൈമാറിയിട്ടുണ്ട്.
കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ച്വറി ദന്തല്‍ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിനിയിരുന്നു ഫാത്തിമ. അവസാന വര്‍ഷ ബിഡിഎസിന് പഠിക്കുമ്പോഴാണ് 2013 സെപ്തംബറില്‍ മതം മാറി ഫാത്തിമയായത്.