കുട്ടിമാക്കൂലിലെ ദലിത് പെണ്‍കുട്ടികളെ ആക്രമിച്ച സംഭവത്തിൽ നാലു സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കുറ്റപത്രം

single-img
23 August 2016

dalithwebതലശ്ശേരി∙ കുട്ടിമാക്കൂലിലെ ദലിത് സഹോദരിമാരെ ജാതിപ്പേരു വിളിച്ച് അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തെന്ന കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. രാഷ്ട്രീയവിരോധം കാരണമാണു സിപിഎം പ്രവർത്തകർ അതിക്രമം നടത്തിയതെന്നു ഡിവൈഎസ്പി പ്രിൻസ് ഏബ്രഹാം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.കുട്ടിമാക്കൂല്‍ ശ്രീലകം വീട്ടില്‍ റിനില്‍ പ്രകാശ് (19), മനയത്ത് വീട്ടില്‍ ഷിജില്‍ (28), പെരിങ്കളത്തെ ലിനേഷ് (33), ചാലില്‍ വയലോമ്പ്രന്‍ സരീഷ് (23) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം നല്‍കിയത്. അഞ്ചാം പ്രതി ഷെറിന്‍ലാലിന്‍െറ കുറ്റപത്രം പിന്നീട് സമര്‍പ്പിക്കും. കേസില്‍ ആറു പ്രതികളാണുള്ളത്. അഞ്ചുപേരെ അറസ്റ്റ് ചെയ്തു.

മൂന്നാം പ്രതിയായ 17കാരന്‍െറ കുറ്റപത്രം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ സമര്‍പ്പിക്കും.അതിക്രമിച്ചുകടക്കുക, തടഞ്ഞുവെക്കല്‍, മര്‍ദിക്കല്‍, മാരകായുധങ്ങള്‍കൊണ്ട് ആക്രമിക്കല്‍, മാനഭംഗം, നാശനഷ്ടം വരുത്തല്‍, പട്ടികജാതി-വര്‍ഗ നിരോധ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കുറ്റംചുമത്തിയിട്ടുള്ളത്. തലശ്ശേരി ഡിവൈ.എസ്.പിയായിരുന്ന സാജു പോളാണ് ആദ്യം കേസ് അന്വേഷിച്ചത്. രാഷ്ട്രീയവിരോധം കാരണം സി.പി.എമ്മുകാരായ പ്രതികള്‍ അഖിലയെയും അഞ്ജുനയെയും ആക്രമിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചുവെന്നുമാണ് കുറ്റപത്രത്തിലുള്ളത്. അഞ്ജുനയുടെ പരാതിയിലാണ് കേസെടുത്തത്.

കുട്ടിമാക്കൂല്‍ സംഭവവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആത്മഹത്യക്ക് ശ്രമിച്ചതിന് അഞ്ജനക്കെതിരെയും ആത്മഹത്യാ പ്രേരണക്ക് തലശേരി എംഎല്‍എ എ.എന്‍. ഷംസീര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ എന്നിവര്‍ക്കെതിരെയും അഞ്ജനയുടെ പിതാവ് നടമ്മല്‍ രാജനെ അക്രമിച്ചതിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്. കഴിഞ്ഞ ജൂണിലാണ് വിവാദമായ കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്