ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് ടോമിന്‍ ജെ തച്ചങ്കരിയെ നീക്കി

single-img
19 August 2016

thachankary-trainingവിവാദങ്ങൾക്കൊടുവിൽ ഗതാഗത കമ്മീഷണർ സ്‌ഥാനത്തു നിന്നു ടോമിൻ തച്ചങ്കരിയെ മാറ്റി. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനമായത്. തച്ചങ്കരിയെ മാറ്റണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ യോഗത്തിൽ ആവശ്യപ്പെട്ടു. വിവാദ തീരുമാനങ്ങൾ സംബന്ധിച്ച് ഗതാഗത കമ്മീഷണറും വകുപ്പ് മന്ത്രിയും തമ്മിൽ വലിയ ഭിന്നത നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ തീരുമാനം.

രണ്ട് ദിവസം മുന്‍പ് മുഖ്യമന്ത്രിയെ നേരിട്ടാണ് ശശീന്ദ്രന്‍ തന്റെ ആവശ്യം അറിയിച്ചത്. തച്ചങ്കരി തുടര്‍ച്ചയായി വകുപ്പ് മന്ത്രിക്കും സര്‍ക്കാരിനും അവമതിപ്പ് ഉണ്ടാക്കിയ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ ആവശ്യം. മന്ത്രിയും കമ്മീഷണറും തമ്മില്‍ കഴിഞ്ഞ കുറേനാളുകളായി പല കാര്യങ്ങളിലും അഭിപ്രായ ഭിന്നത നിലനില്‍ക്കുകയായിരുന്നു. അതിന്റെ അനിവാര്യമായ അന്തിമവിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. തച്ചങ്കരിയെ മാറ്റണമെന്ന മന്ത്രിയുടെ ആവശ്യത്തിന് പിന്തുണയുമായി എന്‍സിപിയും രംഗത്തെത്തിയിരുന്നു. മന്ത്രിയുടെ ആവശ്യം ന്യായമാണെന്ന നിലപാടാണ് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന്‍ സ്വീകരിച്ചത്.

പെട്രോൾ വാങ്ങാൻ ഹെൽമറ്റ് നിർബന്ധമാക്കിയ ഉത്തരവ്, മന്ത്രിമാരുടെ കാറുകൾക്ക് നമ്പർ പ്ലേറ്റുകൾ നിർബന്ധമാക്കിയ തീരുമാനം എന്നിവ തുടങ്ങി ഒടുവിൽ നടത്തിയ ജന്മദിനാഘോഷം വരെ മന്ത്രിയും കമ്മീഷണറും തമ്മിലുള്ള ഭിന്നതയ്ക്കു കാരണമായിരുന്നു.