ഓണം വിപണി ഇടപെടലിന് 150 കോടിയെന്ന് മുഖ്യമന്ത്രി

single-img
10 August 2016

pinarayi-smile

ഓണക്കാലത്ത് വിലക്കയറ്റം തടയാന്‍ സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ ജില്ലകളിലും ഓണച്ചന്തക്കായി നാലുകോടി അറുപത് ലക്ഷം രൂപ നല്‍കും. വിലക്കയറ്റം തടയാന്‍ സപ്ലൈകോയ്ക്ക് 81.42 കോടി രൂപ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വിപണി ഇടപെടലിന് 45 കോടിയും ഓണം ഫെയർ നടത്താൻ 4.60 കോടിയും പഞ്ചസാര വിതരണത്തിന് 13.60 കോടിയും ബിപിഎൽ വിഭാഗങ്ങൾക്ക് ഓണക്കിറ്റ് നൽകുന്നതിന് 8.76 കോടി രൂപയും നൽകും. ഓണക്കാലത്ത് എല്ലാ ജില്ലാ ആസ്‌ഥാനങ്ങളിലും താലൂക്ക് ആസ്‌ഥാനങ്ങളിലും സപ്ലൈകോ ഫെയറുകൾ തുടങ്ങും. മാവേലി സ്റ്റോർ ഇല്ലാത്ത 38 പഞ്ചായത്തുകളിൽ സ്പെഷൽ ഓണം മിനി ഫെയറുകൾ പ്രവർത്തിക്കും. സംസ്‌ഥാനത്ത് 1,464 ഓണച്ചന്തകൾ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇതിന് പുറമേ പഞ്ചായത്തുകളും ഓണം ഫെയറുകൾ നടത്തും. സ്കൂൾ കുട്ടികൾക്ക് ഓണത്തോടനുബന്ധിച്ച് അഞ്ച് കിലോ അരി വീതം നൽകും. മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും ഓണക്കിറ്റുകൾ നൽകും. എപിഎൽ കാർഡുടമകൾക്ക് ലഭിക്കുന്ന എട്ട് കിലോ അരിക്ക് പുറമേ രണ്ടു കിലോ അരി അധികമായി ഓണക്കാലത്ത് നൽകും. ഇതിനായി 6,025 മെട്രിക്ടൺ അരി ഇറക്കുമതി ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.