തദ്ദേശ സ്ഥാപനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലം: ഇടത് മുന്നണിയ്ക്ക് മുൻതൂക്കം

single-img
29 July 2016

kottikalasham

തിരുവനന്തപുരം: 11 ജില്ലകളിലെ 15 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റില്‍ എല്‍.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് അഞ്ചിടത്ത്‌ വിജയം കണ്ടപ്പോള്‍ രണ്ടിടത്തെ അട്ടിമറി വിജയവുമായി ബി.ജെ.പി ആകെ മൂന്ന് സീറ്റില്‍ ആകെ വിജയിച്ചു. ഏറെ നിര്‍ണായകമായ ഉദുമ ഡിവിഷനിലെ ഉപതിരഞ്ഞെടുപ്പില്‍ വിജയം നേടിയ യു.ഡി.എഫ് കാസര്‍കോട് ജില്ലാ പഞ്ചായത്ത് ഭരണം നിലനിര്‍ത്തി.

തിരുവനന്തപുരം കോർപ്പറേഷനിലെ പാപ്പനംകോട് ബിജെപി വാർഡ് നിലനിർത്തി. ഇവിടെ വി. ആശാനാഥ് ആണ് വിജയിച്ചത്. തോട്ടുമുക്ക് വാർഡ് എൽഡിഎഫ് തിരിച്ചുപിടിച്ചു. ഇവിടെ എൽഡിഎഫിലെ സജിതയാണ് വിജയിച്ചത്. വെട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡായ അക്കരവിള ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്‌ഥാനാർഥി വി. റീനയാണ് തെരഞ്ഞെടുക്കപ്പെട്ടത്. കോട്ടയം ജില്ലയിലെ മണർകാട് പഞ്ചായത്ത് രണ്ടാം വാർഡിൽ ബിജെപിയുടെ സിന്ധു കൊരട്ടിക്കുന്നേൽ 198 വോട്ടുകൾക്കു വിജയിച്ചു. സിറ്റിംഗ് സീറ്റ് നഷ്‌ടപ്പെട്ട കോൺഗ്രസ് ഇവിടെ മൂന്നാം സ്‌ഥാനത്തായി. ചേർത്തല 13–ാം വാർഡിൽ ബിജെപിയുടെ ഡി.ജ്യോതിഷ് 134 വോട്ടിനു വിജയിച്ചു. ഒറ്റപ്പാലം കണ്ണിയംമ്പുറം 29–ാം വാർഡ് എൽഡിഎഫ് നിലനിർത്തി. സിപിഎമ്മിലെ കെ.കെ.രാമകൃഷ്ണൻ 385 വോട്ടിന് ജയിച്ചു. യുഡിഎഫ് മൂന്നാം സ്‌ഥാനത്തായി. തൃപ്പൂണിത്തുറ നഗരസഭ ചക്കംകുളങ്ങര വാർഡിൽ യുഡിഎഫ് സ്‌ഥാനാർഥി ശബരിഗിരീശൻ 96 വോട്ടിന് ജയിച്ചു. കണ്ണൂർ കല്യാശേരി പഞ്ചായത്ത് ആറാം വാർഡ് അഞ്ചാംപീടിക ഉപതെരഞ്ഞെടുപ്പിൽ സിപിഎമ്മിലെ ഡി.രമ വിജയിച്ചു. എൽഡിഎഫ് ഭരിക്കുന്ന കല്യാശേരി പഞ്ചായത്തിൽ പ്രതിപക്ഷ അംഗങ്ങളില്ല.