കൃഷിവകുപ്പ് ഡയറക്ടര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം; ചുമതലയില്‍ നിന്ന് നീക്കി

single-img
28 July 2016

ashok_kumar

തിരുവനന്തപുരം: കൃഷിവകുപ്പ് ഡയറക്ടര്‍ അശോക് കുമാര്‍ തെക്കനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. കേരഫെഡില്‍ പച്ചത്തേങ്ങ സംഭരിച്ചതിലെ ക്രമക്കേടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് തെക്കനെ മാറ്റിയത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനമെടുത്തത്.
കൃഷിവകുപ്പിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ഫയല്‍ കഴിഞ്ഞ സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരിക്കുകയായിരുന്നു. കേരഫെഡിന്റെ പച്ചത്തേങ്ങ സംഭരണത്തില്‍ വ്യാപക തിരിമറി നടത്തിയെന്നതാണ് പ്രധാന ആരോപണങ്ങളിലൊന്ന്. ഇതിനു പുറമെ നാട്ടില്‍നിന്നു സംഭരിച്ച ഗുണനിലവാരമുള്ള കൊപ്ര മറിച്ചുവിറ്റ് പകരം ഇതര സംസ്ഥാനങ്ങളില്‍നിന്നു ഗുണനിലവാരം കുറഞ്ഞ കൊപ്ര ഇറക്കുമതി ചെയ്യുകയുമുണ്ടായി. ഗുണനിലവാരം കുറഞ്ഞ വിത്തുതേങ്ങ ഇതര സംസ്ഥാനങ്ങളില്‍നിന്നു കൊണ്ടുവന്ന് കൂടിയ വിലയ്ക്ക് വാങ്ങിയെന്നാണ് മറ്റൊരു ആരോപണം.