വീട്ടിൽ നിന്നും ഇറക്കിവിട്ടു,മുൻ വാഴുർ എം.എൽ.എ.യ്ക്ക് ഇനി അഭയം പത്തനാപുരത്തെ  ഗാന്ധിഭവൻ

kadayanikkadu

വളർത്തി വലുതാക്കിയ മൂന്ന് മക്കൾ ഉന്നതനിലയിൽ ജീവിക്കുമ്പോഴും വാഴുർ മുൻ എം.എൽ.എ അഡ്വ.കടയണിക്കാട് പുരുഷോത്തമൻ പിള്ളയ്ക്ക് തന്റെ വാർദ്ധക്യകാലത്തു അനാഥാലയത്തിൽ അഭയം തേടേണ്ടിവന്നു.

ഒരുകാലത്തു,സംസ്ഥാന രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയനായിരുന്ന ഈ സി.പി.ഐ. നേതാവ് മക്കൾ ഉപേക്ഷിച്ച നിലയിൽ പലയിടങ്ങളിൽ കറങ്ങി നടക്കുന്നത് കണ്ട പ്രാദേശിക നേതാക്കളാണ് ഇദ്ദേഹത്തെ ഇപ്പോൾ പത്തനാപുരം  ഗാന്ധിഭവനിൽ എത്തിച്ചത്.കടുത്ത രോഗങ്ങളോട് മല്ലിടുന്ന ഇദ്ദേഹത്തെ ഇപ്പോൾ ഗാന്ധിഭവൻ പ്രവർത്തകർ പല ആശുപ്രതികളിലായി ചികിൽസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

രണ്ട് ആണ്മക്കളും ഒരു മകളുമാണ് പുരുഷോത്തമൻ പിള്ളയ്ക്ക് ഉള്ളത്.ഒരു മാസത്തോളം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഗാന്ധിഭവൻ പ്രവർത്തകർ ഇക്കാര്യം പലതവണ ആൺമക്കളെ വിളിച്ചു പറഞ്ഞിരുന്നു.മക്കളെ അന്വേഷിച്ചു പത്രങ്ങളിൽ പരസ്യവും കൊടുത്തു.എന്നാൽ യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല.മക്കളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച വിവരം അറിയിച്ച സിസ്റ്ററോട് തലസ്ഥാനത്തെ അഭിഭാഷക സംഘടനാ നേതാവായ മകൻ മോശമായി സംസാരിച്ചതായി ഗാന്ധിഭവൻ ചെയർമാൻ പുനലൂർ സോമരാജൻ പറഞ്ഞു.

കഴിഞ്ഞ ആഴ്ച മുഴുവൻ പുനലൂർ സർക്കാർ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സയിലായിരുന്നു.എൺപത്തിയേഴ് വയസുണ്ട്.ഓർമക്കുറവും ഉണ്ട്.സംസാരിക്കാനാവാത്തവിധം അവശനാണ്.മകളും ഭർത്താവും ഒരു തവണ വന്നു കണ്ടിരുന്നു.എന്നാൽ തന്നോടൊപ്പം അച്ഛനെ താമസിപ്പിച്ചാൽ സഹോദരന്മാർ പ്രശനമുണ്ടാക്കുമെന്ന് പറഞ്ഞു.വീട്ടിൽ നിന്ന് ഇറക്കിവിട്ടതാണെന്നും പോകാൻ വേറെ ഒരു ഇടവും ഇല്ലെന്നാണ് പിള്ള പറയുന്നത്.എം.എൽ.എ. പെൻഷൻ എടുക്കാൻ ഗാന്ധിഭവന് അദ്ദേഹം അനുമതി നൽകിയിരുന്നു.എന്നാൽ അത് സ്വീകരിക്കേണ്ടന്നു പുനലൂർ സോമരാജൻ പറഞ്ഞു.