രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ തൊഴിലാളികൾക്ക് ദുരിതജീവിതം:മുന്നൂറോളം വനിതാജീവനക്കാർ താമസിക്കുന്നത് കാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായ തകരഷെഡിൽ

single-img
25 July 2016

screen-13.09.32[25.07.2016]
തിരുവനന്തപുരം മേയർ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ നഗരത്തിലെ വന്‍കിട വസ്ത്രവ്യാപാരസ്ഥാപനമായ രാമചന്ദ്രൻ ടെക്സ്റ്റൈൽസിൽ നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് തൊഴിലാളികളുടെ ദുരിതജീവിതം.അട്ടക്കുളങ്ങരയിലും കോട്ടയ്ക്കകത്തുമായി നിരവധി ശാഖകളോടെ പ്രവര്‍ത്തിക്കുന്ന രാമചന്ദ്രൻ ടെക്സ്റ്റൈൽസാണു മുന്നൂറോളം വനിതാജീവനക്കാരെ കാലിത്തൊഴുത്തിനേക്കാള്‍ ശോചനീയമായ തകരഷെഡിൽ പാർപ്പിച്ചിരിയ്ക്കുന്നത്.സ്ഥാപനത്തില്‍ നിയമവിരുദ്ധമായി നിര്‍മിച്ച താമസസൌകര്യം പൊളിച്ചുനീക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മേയർ നിർദ്ദേശം നൽകി.നഗരസഭയുടെ അനുമതിയില്ലാതെ താമസസൌകര്യം ഒരുക്കിയ കടയുടമയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മേയര്‍ ഇ-വാർത്തയോട് പറഞ്ഞു.ജീവനക്കാരുടെ എണ്ണത്തിനനുസരിച്ചുള്ള ശുചിമുറികള്‍ ഇല്ലെന്നും ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തിലാണെന്നും മനസ്സിലാക്കി. മുന്നൂറോളം വരുന്ന പെണ്‍കുട്ടികള്‍ താമസിക്കുന്നത് സ്ഥാപനത്തിന്റെ ഏറ്റവും മുകളില്‍ 200 സ്ക്വയര്‍ഫീറ്റ് സ്ഥലത്ത് ഇരുമ്പുകമ്പികളും തകരഷീറ്റും ഉപയോഗിച്ച് മറച്ച തകരഷെഡിനുള്ളിലാണു

mayor_576071
തൊഴില്‍ നിയമങ്ങള്‍ പൂര്‍ണമായും ലംഘിച്ചാണ് അന്യസംസ്ഥാനക്കാരായ സ്ത്രീത്തൊഴിലാളികളെ ഇവിടെ ജോലി ചെയ്യിക്കുന്നത്. രാവിലെ ഒമ്പതുമുതല്‍ രാത്രി ഒമ്പതുവരെ നിന്നാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഫോണ്‍ ചെയ്യുന്നതിനോ പരസ്പരം സംസാരിക്കുന്നതിനോ ഇവര്‍ക്ക് അനുവാദമില്ല. തുച്ഛമായ മാസശമ്പളവും ദുരിതപൂര്‍ണമായ താമസസൌകര്യവുമാണ് ഇവര്‍ക്ക് ലഭിക്കുന്നത്. ഇവര്‍ക്ക് ആവശ്യത്തിന് ടോയ്ലെറ്റുകളോ വായുസഞ്ചാരത്തിന് ജനലുകളോ ഇല്ല. പുറത്തുകടക്കുന്നതിന് ഒറ്റവാതിലാണുള്ളത്. കട്ടിലുകളില്‍ മെത്തയോ തലയണയോ ഷീറ്റോ ഇല്ല. വസ്ത്രവ്യാപാരസ്ഥാപനത്തിലെ സ്ത്രീത്തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതമറിഞ്ഞാണ് മേയറും സംഘവും വ്യാഴാഴ്ച സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തിയത്.
സ്ഥാപനത്തിലെ തൊഴില്‍നിയമ ലംഘനം സംബന്ധിച്ച് ലേബര്‍ ഓഫീസര്‍ക്ക് നഗരസഭ റിപ്പോര്‍ട്ട് കൈമാറി. മേയര്‍ക്കൊപ്പം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബിജു, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വ്യാപാരസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കണമെന്ന് തൊഴില്‍വകുപ്പിന്റെ ഉത്തരവുണ്ട്. വനിതാ തൊഴിലാളികള്‍ കൂടുതലുള്ള വ്യാപാരസ്ഥാപനങ്ങളില്‍ തൊഴിലാളികള്‍ക്ക് അനുവദിക്കേണ്ട വിശ്രമസമയം, കുടിവെള്ളലഭ്യത, ടോയ്ലറ്റ് സൌകര്യം, അവധി, തൊഴില്‍സ്ഥലത്തെ സുരക്ഷ എന്നിവ സ്ഥാപന ഉടമകള്‍ ഉറപ്പുവരുത്തണമെന്നാണ് വകുപ്പിന്റെ നിര്‍ദേശം.
കേരളത്തില്‍ വസ്ത്ര വ്യാപാരശാലകളില്‍ വനിതാ ജീവനക്കാര്‍ക്ക് മോശം തൊഴില്‍ സാഹചര്യമാണെന്ന പരാതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ് അയച്ചിരുന്നു. ഇരിക്കാനും മൂത്രമൊഴിക്കാനുമുള്ള അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന പരാതിയിലാണ് കമ്മീഷന്‍ നോട്ടീസ് അയച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയ്ക്കും തൊഴില്‍ വകുപ്പിനും, ലേബര്‍ കമ്മീഷണര്‍ക്കുമാണ് നോട്ടീസയച്ചത്.