ചങ്ങനാശേരി എസ്. ബി കോളേജിൽ ലിംഗവിവേചനം,വിദ്യാർത്ഥികൾ പ്രക്ഷോഭത്തിലേക്ക്.

index

ചങ്ങനാശേരി എസ്.ബി കോളേജിൽ ലിംഗവിവേചനത്തെ തുടർന്ന് വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനൊരുങ്ങുന്നു.കൊടിക്കുന്നിൽ സുരേഷ് എം പി യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചു എസ്.ബി കോളേജിൽ നിർമിച്ച ഡൈനിങ് ഹാളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ഇരിപ്പിടം ഒരുക്കിയാണ് മാനേജ്‍മെന്റിന്റെ ലിംഗവിവേചനം.

കേരളത്തിൽ സ്വയംഭരണാധികാര പദവി ലഭിച്ച ആദ്യ കോളേജാണ് ചങ്ങനാശ്ശേരി എസ് ബി കോളേജ്. ഈ പദവി ലഭിച്ചതോടെ കോളേജിൽ നടക്കുന്നത് അരാഷ്ട്രീയതയാണെന്നും വിദ്യാർഥികൾ പലവിധ വിലക്കുകൾക്കും നടുവിലാണെന്നും മുമ്പേ അഭിപ്രായങ്ങൾ ഉയർന്നിരുന്നു. വർഷാവർഷം നിർബന്ധിത ധ്യാനവും ആഴ്ചയിലൊരു ദിവസം എന്ന കണക്കിൽ നിർബന്ധിത സദാചാരപഠന ക്ലാസ്സും നടത്താറുള്ള കലാലയമാണിത്.ഇതിനെതിരെ പല രീതിയിലും വിദ്യാർഥികളുടെ ഭാഗത്തു നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടുമുണ്ട്.
കോഴിക്കോട് ഫറൂഖ് കോളേജിൽ സമാനരീതിയിലുള്ള സംഭവം അരങ്ങേറിയപ്പോൾ പ്രതിഷേധങ്ങൾക്ക് ശക്തമായ പിന്തുണ നല്കിയവർ എസ് ബി കോളേജിന്റെ നടപടിയ്ക്കു നേരെ എന്തു കൊണ്ട് കണ്ണടയ്ക്കുന്നു എന്നാണ് ചോദ്യങ്ങളുയരുന്നത്.

സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിദ്യാര്‍ത്ഥികളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടും ഫറൂഖ് കോളേജിലെ ലിംഗ വിവേചനത്തിനെതിരെ പ്രതികരിച്ചവരൊന്നും എസ്ബി കോളേജിലെ ലിംഗ വിവേചനത്തിനെതിരെ രംഗത്തെത്തിയിട്ടില്ല.

ഫറൂഖ് കോളേജ് മാനേജ്‌മെന്റിന്റെ വിവേചനത്തിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥി ദിനു എന്ന വിദ്യാര്‍ത്ഥിയെ സസ്‌പെന്‍ഡ് ചെയ്തതിനെതിരേയും പ്രതിഷേധം ശക്തമായിരുന്നു.

ഇതുകൂടാതെ ചടയമംഗലം മാര്‍ത്തോമാ കോളേജില്‍ വിവാഹം കഴിക്കാതെ ഒന്നിച്ച് താമസിച്ചതിന്റെ പേരില്‍ സഹപാഠികളെ കോളേജില്‍ നിന്ന് പുറത്താക്കിയതിനെതിരെയും പ്രതിഷേധം ഉയര്‍ന്നിരുന്നില്ല എന്ന ആരോപണം നിലനില്‍ക്കേയാണ് മറ്റൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് കോളേജിന്റെ സാദാചാര പോലീസിംഗ്.

ചങ്ങനാശ്ശേരി എസ്ബി കോളേജില്‍ നടക്കുന്ന ലിംഗ വിവേചനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ചെറിയൊരു വിഭാഗം മാത്രമാണ് രംഗത്തെത്തിയിരിക്കുന്നത്.