മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെയ്ക്കില്ലെന്ന് മുഖ്യമന്ത്രി

single-img
19 July 2016

pinarayi_001307016
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ഇറങ്ങിയശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുസംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടിയാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. മന്ത്രിസഭാ തീരുമാനങ്ങള്‍ മറച്ചുവെക്കുകയെന്ന ഉദ്ദേശ്യം സര്‍ക്കാരിനില്ലെന്നും അദ്ദേഹം പറഞ്ഞു
48 മണിക്കൂറിനകം മന്ത്രിസഭാ തീരുമാനങ്ങൾ ഉത്തരവായി പുറത്തിറങ്ങും. സർക്കാരിന്റെ വെബ്സൈറ്റുകളിൽ അവ ലഭ്യമാകും. മന്ത്രിസഭാ തീരുമാനങ്ങൾ നൽകുന്നതിൽ കൂടുതൽ വ്യക്തത വേണം. അതിനാലാണ് കോടതിയെ സമീപിച്ചത്. സെക്രട്ടേറിയറ്റ് മാനുവൽ ഭേദഗതി നൽകിയിട്ടുണ്ട്. നിയമം മുഴുവൻ ഉൾക്കൊണ്ടാണ് കമ്മിഷൻ ഉത്തരവിറക്കിയതെന്നു കരുതുന്നില്ലെന്നും പിണറായി പറഞ്ഞു.

മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന ഉത്തരവ് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ടാണ് വി.ഡി സതീശന്‍ എം.എല്‍.എ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. രഹസ്യങ്ങള്‍ സൂക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ഇത് ജനാധിപത്യത്തിന്റെ അന്ത:സത്ത തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വാർത്താ സമ്മേളനം വിളിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ അറിയിക്കുന്നില്ല. മന്ത്രിസഭാ തീരുമാനങ്ങൾ നൽകണമെന്ന കമ്മിഷൻ ഉത്തരവ് ചർച്ച ചെയ്യണം. ഭരണാധികാരിയായപ്പോൾ പിണറായിക്കു രഹസ്യങ്ങളുണ്ടായി. സർക്കാർ നിലപാട് നിയമത്തിന്റെ അന്തസത്തയ്ക്കു വിരുദ്ധമാണെന്നും സതീശൻ പറഞ്ഞു.

എന്നാൽ വിഷയത്തിൽ സതീശൻ അനാവശ്യമായി പുകമറ സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ഇക്കാര്യത്തിൽ സർക്കാരിന് വ്യക്‌തമായ നിലപാടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങൾ രഹസ്യമാക്കി വയ്ക്കുന്നതിന് പിന്നിൽ മുഖ്യമന്ത്രിയുടെ നിയമോപദേശകൻ എം.കെ.ദാമോദരൻ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന് പിന്നാലെ അടിയന്തരപ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.