Travel

കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി വെള്ളാരി മല

image4

വിനോദസഞ്ചാരികൾക്ക് എന്നും അത്ഭുതമായിട്ടുള്ള വനാന്തരങ്ങളുടെയും മലകളുടെയും വശ്യത ഏകോപിപ്പിക്കുന്നൊരിടമാണ് വെള്ളാരിമല.പ്രകൃതിയുടെ മൊത്തം സൗന്ദര്യം ഇവിടെ ആവാഹിച്ചു കിടക്കുന്നതായിത്തോന്നും. കോഴിക്കോട് ജില്ലയിൽ വയനാട് അതിർത്തിയോട് ചേർന്ന മനോഹരമായ കുന്നിൻ പ്രദേശമാണ് വെള്ളാരി മല.

കാമെലിസ് ഹബ് മൗണ്ടയിൻസ് എന്നും ഇതിനു പേരുണ്ട്.ട്രെക്കിങ്ങിനു ഏറെ പ്രസിദ്ധമാണിവിടം.തെക്കൻ വയനാട് ഡിവിഷനിലെ മേപ്പടി ഫോറസ്റ്റ് റേഞ്ചിലും കോഴിക്കോട് ഡിവിഷനിലെ താമരശേരി റേഞ്ചിലുമാണ് ഈ പ്രദേശം വ്യാപിച്ചുകിടക്കുന്നത്.

മുത്തപ്പൻ പുഴയിൽ നിന്നാണ് ട്രെക്കിങ് ആരംഭിക്കുന്നത്.രണ്ട് മണിക്കൂറോളം നീളുന്ന യാത്ര സഞ്ചാരികളെ പ്രകൃതിയുമായി ഏറെ അടുപ്പിക്കുന്നു.കിളികളും, മുയൽ,മാൻ തുടങ്ങിയ മൃഗങ്ങൾ തീർക്കുന്ന നിഷ്കളങ്കതയും കാട്ടാന പോലുള്ള വന്യ ജീവികൾ സൃഷ്ട്ടിക്കുന്ന ഭീകരതയും ഈ വഴികളിലൂടെ സഞ്ചരിക്കുന്നവർക്ക് അനുഭവിക്കാൻ കഴിയും.

വല്ലാത്തൊരു അനുഭൂതിയാണ് വെള്ളാരി മലയുടെ മുകളിൽ എത്തിയാൽ അനുഭവപ്പെടുക.കൊടും കാടിനു നടുവിൽ ഒരു വലിയ മൈതാനം പോലെയാണ് ആ പ്രദേശം.കാടിന് നടുവിലൂടെ കളകളാരവം മുഴക്കിയൊഴുകുന്ന അരുവികൾ,അതിലൂടെ അലയടിച്ചെത്തുന്ന ശീതളമായ കാറ്റ് ,ഒരു ഭാഗത്തു തലയുയർത്തി നിൽക്കുന്ന നീലഗിരി കുന്നുകളും മറുഭാഗത്തു ശാന്തമായി കിടക്കുന്ന ചാലിയാർ താഴ്‌വരകളും, ഇവയെല്ലാംതന്നെ വെള്ളാരി മലയുടെ മനോഹാരിതയ്ക്ക് മറ്റ് കൂട്ടുന്നു.ഇവിടെനിന്നുൽഭവിക്കുന്ന ഇരുവഞ്ചിപുഴ ആനക്കാംപൊയിലിനു സമീപം മനോഹരമായ ഒരു വെള്ളച്ചാട്ടമായി മാറി സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു.

കല്ലുകളിൽ രൂപം കൊണ്ട നിരവധി ഗുഹനിർമ്മിതികൾ ഈ വനാന്തരങ്ങളിൽ കാണാം.വെള്ളാരിമലയുടെ സമീപത്തുള്ള മറ്റൊരു ആകർഷണമാണ് വെള്ളിയം കല്ല്.ഈ വലിയ പാറക്കെട്ട് കുഞ്ഞാലിമരയ്ക്കാർ പോർച്ചുഗീസുകാർക്കെതിരെ ഉള്ള യുദ്ധത്തിന് താവളമായി ഉപയോഗിച്ചിരുന്നു.സഞ്ചാരികൾക്ക് കാഴ്ച്ചയുടെ പുത്തനുണർവ് സമ്മാനിക്കാൻ തീർച്ചയായും വെള്ളാരി മലയുടെ പ്രത്യേകതകൾക്ക് സാധിക്കുമെന്നുറപ്പ്.