കാന്തപുരത്തിന് എതിരെ ത്വരിതപരിശോധന നടത്താന്‍ വിജിലന്‍സ് കോടതി ഉത്തരവ്

single-img
7 July 2016

x30-1446178296-kanthapuram4.jpg.pagespeed.ic.L1MWbMMpEB
അഞ്ചരക്കണ്ടിയിൽ നിയമങ്ങൾ കാറ്റിൽപ്പറത്തി നടത്തിയ കറപ്പത്തോട്ടം വിൽപനയിൽ കാരന്തൂർ മർക്കസ് സെക്രട്ടറി കാന്തപുരം അബൂബക്കർ മുസ‌ലിയാറുടെ പങ്കിനെ കുറിച്ച് അന്വേഷിക്കാൻ തലശേരി വിജിലൻസ് കോടതി ഉത്തരവിട്ടു. ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷണം നടത്തണമെന്നും ഉദ്യോഗസ്ഥന് ഇക്കാര്യത്തിൽ ഉചിതമായ തീരുമാനം എടുക്കാമെന്നും കോടതി നിർദേശിച്ചു. എന്നാൽ, കാന്തപുരത്തെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന ഹരജിക്കാരന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. പ്രതിയാക്കണോ എന്ന് അന്വേണത്തിന് ശേഷം തീരുമാനിക്കും.
2000 ഏപ്രിലിലാണ് കാന്തപുരം ഒന്നരക്കോടി രൂപയ്ക്ക് കറപ്പത്തോട്ടം വാങ്ങിയത്. സ്ഥാപനത്തിന്റെ സെക്രട്ടറിയെന്ന നിലയിൽ അദ്ദേഹം സുരേഷ് മൈക്കിൾ, നിർമ്മലാ മൈക്കിൾ എന്നിവരിൽ നിന്ന് മുന്നൂറ് ഏക്കർ ഭൂമി വാങ്ങുമ്പോൾ ഭൂമിയുടെ തരം എസ്‌റ്റേറ്റ് എന്നായിരുന്നുവെന്നാണ് പരാതിക്കാരനായ ഷാജി കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്. 2001ൽ ജബ്ബാർ ഹാജി എന്നയാൾക്ക് മുക്ത്യാർ അടിസ്ഥാനത്തിൽ ഭൂമി കൈമാറി. അപ്പോഴും ഭൂമിയുടെ തരം എസ്‌റ്റേറ്റ് ആയിരുന്നു. ജബ്ബാർ ഹാജിയും കുടുംബാംഗങ്ങളും ഉൾപ്പെടുന്ന ട്രസ്റ്റാണ് ഇവിടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നത്. തോട്ടം എന്ന നിലയിൽ സംരക്ഷിക്കേണ്ട കറപ്പത്തോട്ടത്തിൽ രേഖകൾ തിരുത്തി രജിസ്റ്റർ ചെയ്തതുവഴി വാണിജ്യാടിസ്ഥാനത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങളും റിസോർട്ടുകളും മറ്റും പണിയുകയായിരുന്നുവെന്ന് വിജിലൻസ് നേരത്തെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കണ്ണൂർ മെഡിക്കൽ കോളേജ് ചെയർമാൻ അബ്ദുൽ ജബ്ബാർ ഹാജി, ഭൂമി കൈമാറ്റം നടന്ന കാലത്തെ അഞ്ചരക്കണ്ടി സബ് രജിസ്ട്രാർ കെ.വി. പ്രഭാകരൻ, കെ. ബാലൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എ.പി.എം. ഫൽഗുണൻ, വില്ലേജ് ഓഫീസർ ടി. ഭാസ്കരൻ, കണ്ണൂർ കളക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് സി.ടി. സരള, അഡ്വ. ടി.നിസാർ അഹമ്മദ്, അന്നത്തെ തലശ്ശേരി ലാന്റ്ബോർഡ് ചെയർമാൻ , ഈ ഓഫീസിലെ മറ്റൊരു ഉദ്യോഗസ്ഥൻ എന്നിവരെയാണ് പ്രതി ചേർത്തിരിക്കുന്നത്.

പരാതിയില്‍ നാലാം എതിര്‍കക്ഷിയായി പറഞ്ഞിരുന്ന കാന്തപുരത്തെ ചോദ്യം ചെയ്യുകയോ പ്രതി ചേര്‍ക്കുകയോ ചെയ്യാത്തത് കേസിന്‍റെ നിലനില്‍പ്പിനെതന്നെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ അഡ്വ. ഇ. നാരായണന്‍ മുഖേന വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയതിനെത്തുടർന്നാണു കോടതി ഉത്തരവ് വന്നത്