കേന്ദ്രാനുമതി ഇല്ലാതെ മഅദനിയെ വിമാനത്തില്‍ കയറ്റാനാകില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്.

single-img
4 July 2016

madani-case.transfer_

കേരളത്തിലേക്ക് വരാനായി ബെംഗളൂരു വിമാനത്താവളത്തിലെത്തിയ പി.ഡി.പി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅദനിയെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. മഅദനിയുടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ അനുമതി വേണമെന്നാണ് ഇൻഡിഗോ വിമാന അധികൃതർ നൽകുന്ന വിശദീകരണം. 12.45നുള്ള വിമാനത്തിലാണു മഅദനിയ്ക്കു കേരളത്തിലേക്കു മടങ്ങേണ്ടിയിരുന്നത്. ഇതിനായി 10.45നു മഅദനി വിമാനത്താവളത്തിലെത്തിയിരുന്നു. കർണാടക പോലീസ് ഉദ്യോഗസ്‌ഥരും മഅദനിയെ അനുഗമിക്കുന്നുണ്ട്. അസുഖബാധിതയായ മാതാവിനെ സന്ദർശിക്കുന്നതിന് സുപ്രീകോടതി നൽകിയ എട്ടുദിവസത്തെ ജാമ്യ ഇളവിനെ തുടർന്നാണ് മഅദനി നാട്ടിലെത്തുന്നത്.

കഴിഞ്ഞ തവണ ഈ വിമാനത്തില്‍ തന്നെയാണ് മഅദനി കേരളത്തിലേക്ക് വന്നതും തിരിച്ച് പോയതും. അന്നൊന്നും ഇല്ലാത്ത കാര്യമാണ് ഇക്കുറി ഇന്‍ഡിഗോ അധികൃതര്‍ പറയുന്നതെന്ന് മഅദനിയുടെ കൂടെയുള്ളവര്‍ അറിയിച്ചു. കഴിഞ്ഞ തവണ വന്നപ്പോള്‍ മഅദനിയുടെ കൂടെയുള്ള പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് രജിസ്റ്റര്‍ ചെയ്തതല്ലെന്ന് ചൂണ്ടിക്കാട്ടി കമ്പനി എതിര്‍പ്പ് അറിയിച്ചിരുന്നു.എന്നാല്‍ മഅദനിക്ക് യാത്ര ചെയ്യുന്നതിന് തടസമൊന്നും അറിയിച്ചിരുന്നില്ല. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോഴും ബോര്‍ഡിംഗ് പാസ് നല്‍കിയപ്പോഴും ഇല്ലാത്ത എതിര്‍പ്പാണ് അവസാന നിമിഷം വിമാനക്കമ്പനി ഉയര്‍ത്തിയതെന്നും മഅദനിയുടെ കൂടെയുള്ളവര്‍ ചൂണ്ടിക്കാട്ടി.

2013 ൽ അസുഖബാധിതനായ പിതാവ് അബ്ദുൾ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി ചികിത്സയിലായിരുന്ന മാതാവ് അസുമാബീവിയെ കാണുന്നതിനും മഅദനിക്കു ജാമ്യം ലഭിച്ചിരുന്നു.